Friday, June 14, 2013

വിശപ്പ്

ക്രിസ്തീനിയായെ ഓര്‍ക്കുന്നു.
ലോഹനഖമുനകളാല്‍ പോറി,
പൊടിയുന്ന ചോര
നക്കിത്തുടച്ചുതുടച്ച്,
ഒരു നായയെപോലെ ഞാന്‍.
മുറിനീറ്റം ലഹരി,-
ശിരസ്സുമുതല്‍ പാദംവരെ.
ക്ഷതങ്ങളാലെ നിന്നെ ഓര്‍ക്കുന്നു,ഞാന്‍.
ലോഹഗര്‍ഭം,പിച്ചളനയനം,
പിംഗളകേശം
പരന്ന ജഘനം
ഇടിഞ്ഞ തലയും,ഇടുങ്ങിയ കഴുത്തും.
വിഷപ്പുകക്കുഴല്‍ തുറന്നു
രാവിലേക്കൊഴുകിയെത്തും,
നിന്നിരുണ്ട ചോരയും

വദനഗഹ്വരം ശവപ്പുരക്കുഴി.
സ്വരമോ?-കാലന്തരങ്ങള്‍ തന്‍
ജീര്‍ണ്ണഗന്ധം പുരണ്ട കാറ്റുപോല്‍.
ദിനചര്യപോല്‍ നിന്‍റെ പീഢനമുറിയിലെത്തുമെന്‍
നിത്യ ജീവിതം.
ക്രിസ്തീനിയാ.....
ഇടക്കെട്ടുകളില്‍ മദജലം തേച്ച
തേവിടിച്ചി, നീ അഴുകി നാറുന്നു.
നിന്നധോവായു മലിനമാക്കിയ
ശ്വാസഗന്ധത്താല്‍ നിറഞ്ഞിരിക്കുന്നു ഞാന്‍.
ക്രിസ്തീനിയ,
മുറിപ്പെട്ടവളേ.....
മുറിപ്പെടുത്തുന്നവളേ....
നീ നിന്‍റെ ആഴങ്ങള്‍ കൊണ്ടെന്നെ വിഴുങ്ങിയിരിക്കുന്നു.
തിരിച്ചറിയാനാര്‍ക്കു കഴിയും?
എന്‍റെ കീറിയ ചേലയും മാറാപ്പും
നീ കവര്‍ന്നെടുത്തില്ലെ?
മൃതനഗരമേ,
എന്‍റെ മാതൃഗേഹത്തിലേക്കെന്നെ
തിരികെ നല്‍കുക.
നിന്‍റെ ചാരുപലകയില്‍,
വിഷപ്പുക്കളുടെ തോട്ടത്തില്‍,
ഒരു റൊട്ടിയും വിശപ്പും കടിച്ച് ഞാനിരിക്കുന്നു.
എന്‍റെ കടലാസ്സ് സ്വപ്നങ്ങളതാ പറന്നു പോകുന്നു.
നിന്‍റെ നാഴികമണി ഗോപുരത്തില്‍,
മുറിഞ്ഞകാലുംപുണര്‍ന്ന് ഞാനുറങ്ങുന്നു.
നിന്‍റെ രാപ്പനിത്തെരുവ് വ്വെട്ടത്തില്‍,
രതി വികൃതികളുടെ ഇരുള്‍ നനവില്‍,
എന്‍റെ യ് ലാജാലി-
എന്‍റെ പ്രണയിനി
എന്‍റെ സ്വപ്നം നടന്നുപോകുന്നു.
ഓ.....
നീ ജീവിതവ്യഥകളുടെ പണിപ്പുര.
വിശപ്പിന്‍റെയും കാമത്തിന്‍റെയും ദേവത.
ക്രിസ്തീനിയാ......
നീകൊണ്ട് മുറിഞ്ഞയിടങ്ങളിലെനിക്ക് ചോരപൊടിക്കുന്നു.
ഒടുങ്ങാത്ത നീറ്റവും ചല ഗന്ധവും
എന്‍റെ ഉടലാകെ പൊതിഞ്ഞിരിക്കുന്നു.
ഇതാ എന്‍റെ കടല്‍ എന്നെ വിളിക്കുന്നു.
ഇളകിയാടിയും ഉറഞ്ഞും വിളിക്കുന്നു.
ഉല്‍ക്കടകോപത്തോടും
ക്ഷണിതവികാരത്തോടും
മാടി വിളിക്കുന്നു.
ഞാനെന്‍റെ നങ്കൂരമഴിക്കയാണ്.
ഗുഡ്ബൈ,
ക്രിസ്റ്റീനിയ...
ഗുഡ്ബൈ.
ഞാനല്ല പോകുന്നത് നീയാണ്,
എന്നില്‍ നിന്നും പറിഞ്ഞടര്‍ന്ന്
ദൂരേക്ക്-ദൂരദൂരേക്ക്
നീയാണകന്ന് പോകുന്നത്.
യ് ലാജാലി
എന്‍റെ പെണ്ണേ യാത്ര.

Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:790666?xg_source=activity#tt8eHDreKVsf9fKj.99