കറുത്ത കുട്ടി
കറുത്ത കുട്ടി ;
വിഷാദ മഗ്നനാം
പകൽ കിനാവിലെ
കറുത്ത ജ്വാല നീ
കരങ്ങളിൽ വിരൽ കരിഞ്ഞു പൊള്ളിയ
കറുത്ത രാത്രിതൻ നിഴൽ കണക്കെ നീ
നിനക്കു മുന്പേ പിറന്നവർ
നിനക്കു പിന്നേ പിറന്നവർ
കറുത്ത കുട്ടി നിന്നുടലുകൊണ്ട് നീ
മുറിച്ചിടുനീ കറുത്ത കാലത്തെ
ഉടല് പൊള്ളയാണകത്തു കേറുവാൻ
കറുത്ത കുട്ടി നീ തുറന്ന പുസ്തകം
തെരുവു പോലെ നിന്നുടൽ
കറുത്ത കുട്ടി നിൻ അമ്മ ഞാനാണ് .
നിനക്കു വേണ്ടി ഞാൻ കറുത്തോരമ്മയായ്
കറുത്ത കുട്ടി ഈ വെളുത്ത രാത്രിയിൽ
തിരഞ്ഞു നോക്കുന്നു നിൻറെ
ജഡത്തിനായി ഞാൻ .
കറുത്ത കുട്ടി നീ മരിച്ചു പോയെന്നോ
പറഞ്ഞൊരു മൂങ്ങ പറന്നു പോകുന്നു
കറുത്ത കുട്ടി ഇത് വെളുത്ത രാത്രി ,
പാൽ പോലന്ധത പതഞ്ഞ രാത്രി
അരുത് പോകേണ്ട ;തനിച്ചു നീയെങ്ങും
ഇരുളു മാറിയാൽ തിരിച്ചിടേണ്ടയോ .
കറുത്ത കുട്ടി എന്റെ മുലയിൽ നിന്നാണീ
വെളുത്ത അന്ധത പടർന്നു ചോരുന്നു
കറുത്ത കുട്ടി ഞാനമ്മയാണെ ന്നാൽ -
അമ്മയല്ല ഞാൻ മറ്റാരോ ?
കറുത്ത കുട്ടി നീ പകച്ചു നില്ക്കണ്ടാ
തെരുവിലൂടെന്തോ ഉരുണ്ടു വന്നിടും
നിനക്ക് ഞാൻ എന്റെ ചെറുമണിയരി
നുറുക്കിയിത്തിരി വെളുപ്പു ചാർത്തിടാം
നിനക്ക് ഞാനെന്റെ കുരലിലെച്ചോര
പകപ്പിനുള്ളിലും പകുത്തു തന്നിടാം