Thursday, May 23, 2013

സ്ത്രൈണം

ഈ കാലഘട്ടത്തിന്‍റെ തീച്ചൂളയില്‍
അകംപുറം പൊള്ളിക്കരിഞ്ഞ
ഒരു കോങ്കണ്ണന്‍ മത്സ്യമാകുന്നു ഞാന്‍.
പൊള്ളിപൊടിഞ്ഞ ഉടലുമായ്
ഈ പരുപരുത്ത വഴിയിലൂടെ
ചുട്ടുപൊള്ളിയ ചരല്‍ പാതയിലൂടെ,
പിടഞ്ഞുതുള്ളി ഞാന്‍ പോകുന്പോള്‍,
നീ ചിരിക്കേണ്ട,നീ ചിരിക്കേണ്ട.
നിന്‍റെ ചിരിയുടെ അവസാനത്തെ വളവില്‍.
നിന്നെ കാത്തുനില്‍ക്കുന്ന മരണം
എന്‍റെ വിധിയാണ്.
എനിക്കുചുറ്റും
ഈ തീയുടെ മേല്‍ക്കൂര ആരു തീര്‍ത്തതാണ്?
നെഞ്ച്പൊട്ടി കരം ആകാശത്തിലേക്കെറിഞ്ഞ്,
ഞാന്‍ നിലവിളിക്കുന്നു,
ദൈവമേ!
എന്‍റെ ചിന്തയുടെ നേരിയ നനവുപോലും
വരട്ടിക്കളയുന്ന നിന്‍റെയീ
ഉഷ്ണവാതമേതാണ്?
നക്ഷത്രങ്ങളിലേക്ക് ഞാനുറ്റ് നോക്കിയിട്ടും
ഇരുളു മാത്രമേ കാണുന്നുള്ളു.
പരിചിതവ്യൂഹങ്ങളിലൊന്നും
എനിക്കെത്തിപ്പെടാനേ ആവുകില്ല.
ഇരുട്ടിനാല്‍ അടയാളപ്പെട്ട ഇരുട്ടല്ലാതെ
മറ്റൊന്നുമെനിക്ക് കാണാനാവുന്നില്ല.
ശൈശവം കറുത്ത ധമനികളിലൊഴുകുന്ന
കറുത്ത രക്തം മാത്രം.
യൌവനത്തിന്‍റെ പൊന്‍ നാണയം,
പൊരിമണലില്‍ മോതിരവളയം തീര്‍ത്തൊരു സര്‍പ്പമായ് ചുരുളുന്നു.
എന്നെ ഞാനിതാ വില്ക്കുവാന്‍ വച്ചിരിക്കുന്നു.
അരപ്പവന്‍ തൂക്കത്തിന് 
എന്‍റെ കണ്‍പീലിച്ചാമരം,
അരപ്പവന്‍ തൂക്കത്തിന്
മിനുത്തകൈവളകള്‍,
അരപ്പവന്‍ തൂക്കത്തിന്
നനുത്ത അരക്കെട്ടിലെ
സുന്ദരചലനം.
അരപ്പവന്‍ തൂക്കത്തിന്
എന്‍റെ സുഗന്ധവും 
സ്വര്‍ണ്ണമത്സ്യക്കിനാക്കളും.
നദിയിലൂടെ ഞാനിറങ്ങിപ്പോരവേ,
എന്‍റെ കണങ്കാലില്‍ നദികൊരുത്ത
വെള്ളിച്ചിലങ്കയും,
മലയിറങ്ങി ഞാന്‍ പോരവേ
നീതന്ന ഉടലിലാഴും സുഗന്ധവും,
അടിവാര വിശുദ്ധിയും,
അരപ്പവന്‍ തൂക്കത്തിന്.
എന്നിട്ട്
എനിക്കെന്‍റെ പടിവാതിലിലെഴുതി തൂക്കണം,
ഇവിടെയാണെന്‍റെ ഗാഗുല്‍ത്താ.

Saturday, May 18, 2013

മുക്കുവനും ഭൂതവും

കോപം  അരുതാത്തതെന്തൊ കൊണ്ടുവന്ന് 
എൻറെ തീരത്ത്  ഇട്ടിട്ടുണ്ട് .
തിരകളുടെ  മണം കേട്ടാലറിയാം .
ജീർണ ജഡത്തിന്റെ കണ്ണുനീർ 
കാറ്റിൽ കലരുന്നുണ്ട്‌ .
ഉപ്പുനീറ്റം കൊണ്ടെന്റെ മുറിവുകൾ  ഉണരുന്നു .
എത്ര ബന്ധിച്ചിട്ടും അടങ്ങാത്ത ഭൂതക്കാറ്റ് 
എൻറെ കുടിലിനു ചുറ്റും അലറിക്കരയുന്നു .
ഭൂതമേ  പോ 
ഞാനുറങ്ങട്ടെ .
എൻറെ ഉറക്കത്തിൻറെ ലവണ ജലത്തിൽ 
ഞാൻ സ്വപ്‌നങ്ങൾ കാത്തുകൊളളാം.
നഷ്ടസ്വപ്നങ്ങളാവാം 
പുറത്ത്  കടൽ വെള്ളത്തിൽ 
കമിഴ്ന്നുകിടന്നോളം തല്ലുന്നു .
നീ  എൻറെ നായയെ പോലെയാണ് ;
കടിച്ചുവലിക്കാതെ ;

ഭൂതമേ  പോ 
ഞാനുറങ്ങട്ടെ .
ഇതെത്രാമത്തെ രാത്രിയാണ് ;
ഉറക്കം ഒഴിഞ്ഞു പോകുന്നു ?
നിനക്കും എനിക്കും എന്തെന്ന് ചിന്തിച്ച് 
നീ ഉറങ്ങിക്കോ 
ഉറങ്ങുന്നവരുടെ ലോകത്തുനിന്നും 
ഈ കബന്ധങ്ങൾ അകന്നു പോകും ;
അവ മണലാരണ്യം പോലെ 
തണുവില്ലാത്ത ജലത്തിൽ 
ഉപ്പുരസത്തിന്റെ ശയ്യയിൽ ;
ഓളപാത്തികളിൽ,
തുഴഞ്ഞു തുഴഞ്ഞകന്നു പോയ്‌ക്കൊള്ളും . 
ഭൂതമേ  പോ 
ഭൂതമേ  പോ 
ഭൂതമേ  പോ 



Saturday, May 11, 2013

കടല്‍ ഒരു പെണ്‍കിടാവെന്നപോല്‍




കവിത്വം ചങ്ങലക്കിട്ട കടലുപോലെയാണ്.


ഇരുള്നിറം,കലുഷം.
നനഞ്ഞ വെള്ളമിറ്റുവീഴുന്നമുടിയുമായ്
ഭ്രാന്തിയെപോലവള്,
തീരത്തിരുന്ന് മലര്ക്കെ ചിരിക്കുന്നു.
കൈകള് കണങ്കാലില് പിണച്ച്,
മറുകാലനന്തത്തിലേക്ക് നീട്ടിയിറക്കി,
തീരത്തവള് ചിരിച്ചിരിക്കുന്നു.
അവളുടെ ഉള്ളിലെ ഇരന്പം തീരുകില്ല.
മെരുക്കമില്ലാതെ കുതറിക്കൊണ്ടേയിരിക്കും.
കടലിന്റെ സ്വരം എങ്ങും തീരുന്നതല്ല.
കടല് എങ്ങും ഒഴുകി പോകുന്നുമില്ല.
തെറ്റിത്തെറ്റിപോകുന്ന വാക്കുകള് നിരക്കിനിരക്കി,
ഞാനീ ചതുരംഗപലകയ്ക്കപ്പുറത്തേക്കെത്തിയാല്,
എന്റെ വാക്കുകള് ശിരസ്സൊടിഞ്ഞ്
മറിഞ്ഞുവീഴുന്ന,-തീ കടലിലേക്കാണ്.
അവളുടെ ഒഴുകിപോകുന്ന തുടകളും,
മീനുകളുടെ മൌനമുഖവും ഞാന് കാണുന്നു.
മരിച്ചവരില് നിന്നുമുയര്ത്തെഴുന്നേറ്റവളായ്
അവളീ വഴികളുടെ നിഴലുകളിലെത്തുന്പോഴേക്ക്,
അവളിലെ ജലമെല്ലാം
നിലത്തുതിര്ന്നുവീണവള് ഒലിച്ചുപോകുന്നു.
ഒരു നിഴലുപോലും ബാക്കിയില്ലാതെ,
അവളീ വഴിയിലൂടൊലിച്ചു പോകുന്നു.
അല്ലെങ്കില്,
അവളെന്റെ വീട്ടിലെത്തുമായിരുന്നു.
എന്റെ ജനലഴികളില്
നിരത്തിലേക്ക് നോക്കി
അവളെന്നെ കാത്തു നില്ക്കുമായിരുന്നു.
കാറ്റെന്റെ ജനവിരികളെ പറത്തിയുയര്ത്തുന്പോള്
അവളവിടെ നില്ക്കുന്നതും കാണുമായിരുന്നു.
കടലുപോലെ നനുത്ത പെണ്കുട്ടി,
കറുത്തഉടലുള്ള തടിച്ചപെണ്കുട്ടി,
എന്റെ ഉമ്മറക്കോലായിലൂടെ,
സ്വീകരണമുറിയിലൂടെ,
അപ്സ്റ്റെയറിലെ ബാല്ക്കണിയില്,
എന്റെ അടുക്കളയില്,എഴുത്തുമുറിയില്,
കടലെന്ന പെണ്കുട്ടിയെ
നിങ്ങള് കാണുമായിരുന്നു.