Thursday, May 23, 2013

സ്ത്രൈണം

ഈ കാലഘട്ടത്തിന്‍റെ തീച്ചൂളയില്‍
അകംപുറം പൊള്ളിക്കരിഞ്ഞ
ഒരു കോങ്കണ്ണന്‍ മത്സ്യമാകുന്നു ഞാന്‍.
പൊള്ളിപൊടിഞ്ഞ ഉടലുമായ്
ഈ പരുപരുത്ത വഴിയിലൂടെ
ചുട്ടുപൊള്ളിയ ചരല്‍ പാതയിലൂടെ,
പിടഞ്ഞുതുള്ളി ഞാന്‍ പോകുന്പോള്‍,
നീ ചിരിക്കേണ്ട,നീ ചിരിക്കേണ്ട.
നിന്‍റെ ചിരിയുടെ അവസാനത്തെ വളവില്‍.
നിന്നെ കാത്തുനില്‍ക്കുന്ന മരണം
എന്‍റെ വിധിയാണ്.
എനിക്കുചുറ്റും
ഈ തീയുടെ മേല്‍ക്കൂര ആരു തീര്‍ത്തതാണ്?
നെഞ്ച്പൊട്ടി കരം ആകാശത്തിലേക്കെറിഞ്ഞ്,
ഞാന്‍ നിലവിളിക്കുന്നു,
ദൈവമേ!
എന്‍റെ ചിന്തയുടെ നേരിയ നനവുപോലും
വരട്ടിക്കളയുന്ന നിന്‍റെയീ
ഉഷ്ണവാതമേതാണ്?
നക്ഷത്രങ്ങളിലേക്ക് ഞാനുറ്റ് നോക്കിയിട്ടും
ഇരുളു മാത്രമേ കാണുന്നുള്ളു.
പരിചിതവ്യൂഹങ്ങളിലൊന്നും
എനിക്കെത്തിപ്പെടാനേ ആവുകില്ല.
ഇരുട്ടിനാല്‍ അടയാളപ്പെട്ട ഇരുട്ടല്ലാതെ
മറ്റൊന്നുമെനിക്ക് കാണാനാവുന്നില്ല.
ശൈശവം കറുത്ത ധമനികളിലൊഴുകുന്ന
കറുത്ത രക്തം മാത്രം.
യൌവനത്തിന്‍റെ പൊന്‍ നാണയം,
പൊരിമണലില്‍ മോതിരവളയം തീര്‍ത്തൊരു സര്‍പ്പമായ് ചുരുളുന്നു.
എന്നെ ഞാനിതാ വില്ക്കുവാന്‍ വച്ചിരിക്കുന്നു.
അരപ്പവന്‍ തൂക്കത്തിന് 
എന്‍റെ കണ്‍പീലിച്ചാമരം,
അരപ്പവന്‍ തൂക്കത്തിന്
മിനുത്തകൈവളകള്‍,
അരപ്പവന്‍ തൂക്കത്തിന്
നനുത്ത അരക്കെട്ടിലെ
സുന്ദരചലനം.
അരപ്പവന്‍ തൂക്കത്തിന്
എന്‍റെ സുഗന്ധവും 
സ്വര്‍ണ്ണമത്സ്യക്കിനാക്കളും.
നദിയിലൂടെ ഞാനിറങ്ങിപ്പോരവേ,
എന്‍റെ കണങ്കാലില്‍ നദികൊരുത്ത
വെള്ളിച്ചിലങ്കയും,
മലയിറങ്ങി ഞാന്‍ പോരവേ
നീതന്ന ഉടലിലാഴും സുഗന്ധവും,
അടിവാര വിശുദ്ധിയും,
അരപ്പവന്‍ തൂക്കത്തിന്.
എന്നിട്ട്
എനിക്കെന്‍റെ പടിവാതിലിലെഴുതി തൂക്കണം,
ഇവിടെയാണെന്‍റെ ഗാഗുല്‍ത്താ.

No comments:

Post a Comment