ഇന്നു നീ കൂടുതല്‍ സുന്ദരനായിരിക്കുന്നു.
നിന്‍റെ ഉടലിന്‍റെ ശരശയ്യയില്‍
ഇവനെ തറച്ചു നിര്‍ത്തുക.
നിന്‍റെ കണ്ണിലെ വിഷാദം
മൊഴികളിലടരുന്ന വേദന,
ഞാനറിയാം.
പരസ്പരം പ്രവേശിക്കാനാവാത്ത
രണ്ടുണ്മകള്‍ പോലെ,
നമ്മുക്ക് പോരാടാം.
തടവറയിലെ കേളികള്‍ തുടരാം.
നീയെന്നും ,ഞാനെന്നും,
എന്നുമെന്നും തുടരുന്ന യുദ്ധം.
നമ്മുക്ക് വിദൂരങ്ങളിലേക്ക്
നമ്മുടെ ചിറകു വിരുത്താം.
ആകാശത്തേക്കാള്‍ വിശാലമായ,
പുല്‍മേടുകളിലെ വിജനത്തില്‍
നിന്നെ ഞാന്‍ വീണ്ടെടുക്കാം.
ഒരു ശിശുവിനെ പോലെ നിര്‍മ്മലനാക്കാം.
അഴിഞ്ഞടരുന്ന ഓരോ ചര്‍മ്മവും
നമ്മുക്കാത്മാവില്‍നിന്നിറുത്തെറിയാം.
ശ്ലഥ പുഷ്പങ്ങളുടെ ചതഞ്ഞമേനി
നമ്മുക്കുപേക്ഷിക്കാം.
ഇരുണ്ട പാറകളുടെ കരുത്തിനാല്‍
ശിലായുഗത്തിലെ പോരുകാരാവാം.
ഗുഹാ കവാടങ്ങളില്‍
വനകുല്യകളില്‍
പതംപറഞ്ഞൊഴുകുന്ന കാട്ടരുവികളില്‍
യുദ്ധ തന്ത്രങ്ങള്‍മെനയാം.
ഈ ലോകത്തോടുള്ള യുദ്ധം.
നിന്‍റെ മതിലുകളില്‍
പുറവാതിലുകളില്‍
തെരുവില്‍,
ഉലഞ്ഞാടി നടക്കുന്ന കൂത്തുകാരാവാം.
ലോഹത്തിന്‍റെ ചിലന്പുന്ന സംഗീതമാകാം.
സര്‍പ്പം
തെരുവിലെ കാറ്റിനെ വിളിച്ചുണര്‍ത്തുന്നു,
പൂഴിയില്‍ നിന്നും.
നമ്മുക്ക്
പൂര്‍വ്വദേശങ്ങളിലെ മഴക്കാടുകള്‍
അഭയസങ്കേതമാക്കാം.
ജിനി തോനാ നാഗിരി
ജിനാ വാങ്കട വേഹ
ഹിഡ ഹിദുഹുഡാകി
ബസികേ ലേ വാഹിരി
ഇരുണ്ട വാക്കുകള്‍ ഉരുവിട്ടു കൊള്ളുക.
ഞാന്‍ ഒരശുദ്ധാത്മാവാണ്.
എന്‍റെ ഉടലിലേക്ക് നോക്കുക.
കുത്തി വരിഞ്ഞ മുറിവു കാണുക.
ശവ നഗരിയിലൂടലഞ്ഞു നടക്കുന്ന ഞാന്‍
പുരാതന സര്‍പ്പമാണ്.
നിഗൂഢ മന്ത്രങ്ങളാല്‍ എന്‍റെ അകം നിറയുന്നു.
മനുഷ്യന്‍ വിലയ്ക്കു വാങ്ങപ്പെട്ടവന്‍.
ഞാന്‍ തുറമുഖങ്ങലിലേക്ക് ആട്ടി പായിക്കപ്പെട്ട
ദുഷ്ടാരൂപിയാണ്.
കാറ്റിനൊത്ത് ചിറകടിക്കുന്നവന്‍.
കടല്‍ പക്ഷികളുടെ സംഗീതം എന്‍റെ അകം നിറക്കുന്നു.
കപ്പല്‍ ഛേദങ്ങളുടെ തകര്‍ന്ന പായ്മരങ്ങള്‍.,
കീറിയ പതാകള്‍.
എന്‍റെ അടയാളങ്ങള്‍.
എന്‍റെ അകത്തളമാകെ
ശവങ്ങള്‍ തൂങ്ങിയാടുന്ന ഉപവനം.
എന്‍റെ പ്രണയത്തിന്
കമേലിയാ പൂക്കളുടെ മണം.
ഞാന്‍ രക്ത പ്രതികാരത്തിനൊരുങ്ങിയവന്‍
അഭയ നഗരങ്ങളിലെ ഒളിപ്പോരുകാരന്‍.
എന്‍റെ സത്തയില്‍ നിന്നും നിന്നെ ഞാന്‍ വീണ്ടെടുക്കും.
ഇരുണ്ട ഒരു ലോഹത്തുണ്ട്കൊണ്ട്
ആഭിചാര നിഗൂഢതയാല്‍
നിന്നെ ഞാന്‍ വിളിച്ചെടുക്കും.
നിന്നെ ഞാന്‍ സൃഷ്ടിക്കും.
എന്‍റെ ഹൃദയത്തിന്‍റെ ഇരുളില്‍
നിനക്ക് ഞാന്‍ രൂപം നല്‍കും.
ഞാനായിരിക്കും നിനക്ക് ദൈവം.
മൃത്യു,പ്രണയം,പ്രതികാരം,
ജീവിതത്തിന്‍റെ രസങ്ങളാല്‍
നിന്നെ ഞാനലങ്കരിക്കും.
എന്‍റെ ഹൃദയത്തിന്‍റെ ഇരുളില്‍ നിന്നും
ഇന്നു ഞാന്‍ നിനക്ക് ജന്മം നല്‍കി.
ഇന്നു നീ എന്‍റേതാണ്.
No comments:
Post a Comment