Monday, July 13, 2015

സ്ത്രീപര്‍വ്വം

വേദന
ഇന്നലെ
എന്നിടനാഴിയിൽ വീണ
തിങ്കളിൻ രക്ത കണങ്ങൾ.
എൻ മുറിത്തടവിൻറ്റെ
ജാലകത്തിൽ മുഖം ചേർത്ത
പകൽക്കിളിക്കുഞ്ഞിൻറ്റെ രോദനം.
പാടേ വിരൽ വിടുവിച്ചസ്തമിക്കുന്ന
ഓർമ്മതൻ ശാന്തപ്രകാശം.
അവസാനമായ് നിൻ മുഖമൊന്നോർക്കുവാൻ
ഞാനീ നിലക്കണ്ണാടിമുന്നിൽ
നഗ്നയാവുന്നു.
നിൻറ്റെ വിരലുകൾ
ഉഴുതുമറിച്ചിട്ട
എൻറ്റെ മാറിടത്തിലെ
ശാദ്വലഭൂമിക.
നിൻറ്റെ കൺരശ്മികൾ തല്ലിക്കെടുത്തിയ അല്ലിമലരുകൾ
നിൻ വായ ദുർഗന്ധ മലിനമായ് മാറ്റിയ
അധരപുടങ്ങൾ,കവീൾത്തടം,
സ്നേഹചൂംബനമേശാതെ
വറ്റിവരണ്ട നെറ്റിത്തടം,
പരുഷമായ് നിൻറ്റെ കലപ്പത്തുണ്ടിനാൽ
ഛേദിച്ച ഇന്ദ്രീയനൊമ്പരം.
എന്നോട്തന്നെ കലഹിച്ച്
ഞാൻ തിരിയുമ്പോൾ,
നീ അഴിച്ചിട്ട വിടലച്ചിരിയുടെ
പരിഹാസ വാക്കുകൾ.
എൻ ചലനങ്ങളിൽ
നൊന്തു പിടയുമ്പോൾ,
നിൻറ്റെ വക്രോക്ക്തികൾ.
എങ്കിലും
നീ എനിക്കെന്നും
ഞാൻ നിനക്കെന്നും
എന്നോ മറന്നുവെച്ച ഓർമ്മകൾ.
ശപ്തമാണീയുടലെന്നു ഖണ്ഡിക്കുവാൻ
ഛേദതലങ്ങള,ളന്നു കുറിക്കുവാൻ....
വയ്യ.....ഞാൻ മാത്രമല്ലിനി ഭൂമിയിൽ
വന്നു പിറക്കേണ്ടൊരായിരം പെണ്മകൾ.
ആകയാൽ.....
പോക സഖേ നീ
മാറാലകെട്ടിയ ചന്ദ്രപ്രഭയിലേക്ക്......
പാതിരാവിൻറ്റെ നിലാവിലേക്ക്........
ഇറങ്ങിപോകുന്നവളെ
രുദിരചന്ദ്രൻറ്റെ മേഘത്തുണ്ടുകൾ തിന്നുന്നവളെ
ഏകാന്തതയുടെ
രക്തം വീണ മുറിയിലാണെൻറ്റെ വാസം.
ഇന്നലെ ഞാനവനെ കൊന്നു.
ജഡം വലിച്ചിഴച്ച്
എൻറ്റെ തലയിണക്കീഴിലിട്ടിട്ടുണ്ട്.
ജീവിതത്തിൻറ്റെ വിഷം കുടിച്ച്
എനിക്ക് മത്തടിച്ചിരിക്കുന്നു.
ഇരുണ്ട രാത്രിയുടെ വാതിൽ തുറന്ന്
ഞാനവനെ പുറത്തേക്കെറിയും.
മഴയുടെ നാരുകൾ കൊണ്ടും
തുഷാരം കൊണ്ടും
ഞാനവനെ അലങ്കരിക്കും.
അവൻറ്റെ ജഡത്തിന് കാവലിരിക്കും.
എൻറ്റെ സിരകളിലൂടൊഴുകുന്ന
വിഷ പദാർത്ഥങ്ങളുടെ അരുവീയീൽ
ഞാനവൻറ്റെ മുഖം കഴുകിയെടുക്കും.
എൻറ്റെ മടിയിലെ തുറസ്സായ വേദനയിൽ
ഞാനവനെ ഒളിപ്പിക്കും.
ഞാൻ കുടിച്ചിരിക്കുന്നൂ;
കയ്പ്പുളള ജീവിത വിഷം.
എൻറ്റെ വേരുകളിൽ
അവനുളള വിഷം ഞാൻ കരുതി.
എൻറ്റെ ദീർഘ ചുംബനങ്ങളിൽ..
അവൻറ്റെ മരണം ഞാൻ കൊരുത്തു
ശവദാഹ പേടകത്തിൽ എനിക്കൊന്നുറങ്ങണം...
ഭ്രാന്തപദങ്ങൾ പറഞ്ഞുറഞ്ഞുതുളളി
അവൻറ്റെ ചിതയുടെ
ദാഹം മാറ്റണം.
മാസിഡോണിയൻ ഫലാൻസ്ക മുതൽ
കാക്കിസേനവരെ
എൻറ്റെ വിരൽത്തുമ്പിലെ
തേൻ നുകർന്ന് വളർന്നതാണവൻ.
അഗ്നീയാലവനെ ഞാൻ കഴുകും.
ഞാനൊരേകാധിപതിയെ ആഗ്രഹിക്കുന്നു.
എൻറ്റെ മസോക്കിയൻ അലസമാംസത്തെ
ചാട്ടവാറുകൊണ്ട് തുടിപ്പിക്കുന്ന
ഛത്രാധിപതിയെ........

മയിലാട്ടം

ശിരസ്സറുത്ത മയിലിൻറ്റെ
പീലിയാട്ടം മനസ്സാകെ.
അതിനിരുളിൽ
മയിൽപീലിച്ചോരയുടെ
കുങ്കുമം കലരുന്നു.
ഇളവെയിലിളക്കു-
ന്നെനകത്തും മയിൽപീലി.
പീലിക്കൺതുറന്നു
കണ്ടു ഞാനാകാശം
രക്തകുങ്കുമം കലർന്നതായ്.
ഇരുളിലൊരു സൂര്യൻ
എൻറ്റെ
ചോരയിൽ പിറന്നതും.

ശ്വാനദിനങ്ങള്‍

ഇടവിട്ട് പെയ്യുന്ന മഴയിലെന്‍ ദിവസങ്ങള്‍
ഒലിച്ചിറങ്ങി പോകുന്നു.
കിഴക്കേമലയുടെ ചെരിവില്‍
എന്‍റപ്പന്‍റെ കുഴിമാടത്തില്‍,
വേട്ടക്കാരുടെ കഥയുണ്ണാനിരിക്കുന്ന
കുട്ടികള്‍ക്ക് മുന്പില്‍
എന്‍റെ ജീവിതത്തിലെ ശ്വാന ദിനങ്ങള്‍
അങ്ങിനെ ആരംഭിച്ചു.
കൊലമരത്തിലേക്കിഴഞ്ഞുനീങ്ങുന്പോള്‍
ആരാച്ചാരുടെ മഴുവിനുമുന്പേ
തൊഴുകൈകൂപ്പി,
നിവര്‍ന്നു നില്ക്കണമെന്ന്,
ജന്മാന്തര സ്വപ്നം.
എല്ലാ നായ്ക്കളുടെയും കിനാവ്.
വംശത്തിന്‍റെ ചിലന്പുന്ന ചങ്ങലയൊലികള്‍
ശ്വാനനിദ്രയില്‍നിന്നും ഉണര്‍ന്ന്
മണ്‍പിറന്നവര്‍ക്കേകുന്ന
ബലിതര്‍പ്പണം.
പിന്നേ,തവിണ്ട വന്യതയ്ക്കകം
പിടയുന്ന കശേരുക്കളുടെ മുറുക്കം.
പന്തിഭോജനസുഖത്തിന്‍റെ പതുത്ത മെത്തകള്‍.
മുരള്‍ച്ചകള്‍,പൂച്ചമുറമ്മലുകള്‍.
ജീവിതം തെരുവ്നായയെപ്പോലെ അലയുന്ന
ഉച്ചഭ്രാന്തുകള്‍ക്കൊരു ശമനൌഷധം.
വചനപീയുഷം.
ഗര്‍വ്വിഷ്ടമാം ഇരുപ്പ്,
കമണ്ഡലു.
കാടുകേറി നിലവിളിക്കുന്ന വനചേതനക്കൊരു
നാട്ടുമരുന്നിന്‍റെ വിധി പ്രമാണം.
നാട്ടരങ്ങില്‍ നീട്ടിനീട്ടി വിളികൊണ്ട
പൌരപ്രമാണം.
ഞാന്‍ ശുനകനൊ,വെറും ശൌര്യമോ
അതോ സാരമേയമോ?
എനിക്ക്,പതിയെപതിയെ
ഇതൊന്നോതിത്തരുമോ?
ഒരുറക്കത്തിന്‍റെ വാഴ്വിലേക്ക്
വഴുതിവീഴുന്പോള്‍
ഞാന്‍ ആരായി മാറും.