Monday, July 13, 2015

ശ്വാനദിനങ്ങള്‍

ഇടവിട്ട് പെയ്യുന്ന മഴയിലെന്‍ ദിവസങ്ങള്‍
ഒലിച്ചിറങ്ങി പോകുന്നു.
കിഴക്കേമലയുടെ ചെരിവില്‍
എന്‍റപ്പന്‍റെ കുഴിമാടത്തില്‍,
വേട്ടക്കാരുടെ കഥയുണ്ണാനിരിക്കുന്ന
കുട്ടികള്‍ക്ക് മുന്പില്‍
എന്‍റെ ജീവിതത്തിലെ ശ്വാന ദിനങ്ങള്‍
അങ്ങിനെ ആരംഭിച്ചു.
കൊലമരത്തിലേക്കിഴഞ്ഞുനീങ്ങുന്പോള്‍
ആരാച്ചാരുടെ മഴുവിനുമുന്പേ
തൊഴുകൈകൂപ്പി,
നിവര്‍ന്നു നില്ക്കണമെന്ന്,
ജന്മാന്തര സ്വപ്നം.
എല്ലാ നായ്ക്കളുടെയും കിനാവ്.
വംശത്തിന്‍റെ ചിലന്പുന്ന ചങ്ങലയൊലികള്‍
ശ്വാനനിദ്രയില്‍നിന്നും ഉണര്‍ന്ന്
മണ്‍പിറന്നവര്‍ക്കേകുന്ന
ബലിതര്‍പ്പണം.
പിന്നേ,തവിണ്ട വന്യതയ്ക്കകം
പിടയുന്ന കശേരുക്കളുടെ മുറുക്കം.
പന്തിഭോജനസുഖത്തിന്‍റെ പതുത്ത മെത്തകള്‍.
മുരള്‍ച്ചകള്‍,പൂച്ചമുറമ്മലുകള്‍.
ജീവിതം തെരുവ്നായയെപ്പോലെ അലയുന്ന
ഉച്ചഭ്രാന്തുകള്‍ക്കൊരു ശമനൌഷധം.
വചനപീയുഷം.
ഗര്‍വ്വിഷ്ടമാം ഇരുപ്പ്,
കമണ്ഡലു.
കാടുകേറി നിലവിളിക്കുന്ന വനചേതനക്കൊരു
നാട്ടുമരുന്നിന്‍റെ വിധി പ്രമാണം.
നാട്ടരങ്ങില്‍ നീട്ടിനീട്ടി വിളികൊണ്ട
പൌരപ്രമാണം.
ഞാന്‍ ശുനകനൊ,വെറും ശൌര്യമോ
അതോ സാരമേയമോ?
എനിക്ക്,പതിയെപതിയെ
ഇതൊന്നോതിത്തരുമോ?
ഒരുറക്കത്തിന്‍റെ വാഴ്വിലേക്ക്
വഴുതിവീഴുന്പോള്‍
ഞാന്‍ ആരായി മാറും.

No comments:

Post a Comment