Wednesday, February 17, 2016

കറുത്ത സുനദരിയും അരയന്നവും
+++++++++++++++++++++++++
റോസറ്റ
കറുത്ത സുന്ദരി
അവള്‍ കുളിക്കയാ-
ണിരുള്‍ മുറിക്കുള്ളില്‍ .
കറുത്ത നഗ്നത മറയ്ക്കുവാ-
നുടല്‍ നനുത്തു ചുറ്റുമോ-
രിഴയുമില്ലാതെ.,
ചതുരയൂപത്തില്‍
ഇരുള്‍ തളച്ചിട്ട
കുളിമുറിക്കുള്ളില്‍
കുളിച്ചു നില്‍ക്കുന്നു.
ഉടല്‍മിനുക്കങ്ങള്‍ ..
ജലകണങ്ങളായ്
മിനുങ്ങി നില്‍ക്കുന്നു.
പെണ്ണുടലിന്‍റെ
അനന്ത ധന്യത
ഇരുളിലൂടവള്‍ ,
പകര്‍ന്നു നില്‍ക്കവേ
വെളുത്തൊരാകാരം-അരയന്നം!
മെല്ലേ പറന്നുവ-
ന്നവള്‍ക്കരികേ നില്‍ക്കുന്നു.
ഇരുളിലൂടെ താന്‍
പകര്‍ന്നു നല്‍കിയ
ഉടലിന്‍ ധന്യത
മുറിഞ്ഞതോര്‍ത്തവള്‍
പിടഞ്ഞുണരുന്നു.
അരയന്നത്തിന്‍റെ
ചിറകു വീശലാല്‍
ഇരുള്‍ മുറി രണ്ടായ്
പിളര്‍ന്നു വീഴുന്നു.
ഒരു മുറിക്കുള്ളില്‍
ഉടലിന്‍ വേപഥു
മറുമുറിക്കുള്ളില്‍
ഇരുണ്ട വര്‍ണ്ണവും.
മുറിഞ്ഞ തന്നുടല്‍
പെറുക്കിവെക്കുവാന്‍ കഴിയാതെ
ഉടല്‍മുറിഞ്ഞവള്‍
പിടഞ്ഞു തീരുന്നു.
ഇരുള്‍മുറിക്കുള്ളില്‍
വെളുത്ത വെള്ളയായ്
അരയന്നം
തൂവല്‍ വിരുത്തിയാടുന്നു.
യോഗത്തിന് ശേഷം മടക്കയാത്രയില്‍ 
+++++++++++++++++++++++++++++
യോഗത്തിന് ശേഷം മടക്കയാത്രയില്‍ 
ഇടവഴി വേലിപ്പഴുതിലൂടെന്നെ 
പിടികൂടുന്നൊരു കൈതപ്പൂമണം.
വേലിപ്പൂമണം ,കിലുക്കുന്നു കങ്കണം
മെല്ലെ മൊഴിയുതിരുന്നു പൂമഴയൊത്തകത്താളില്‍
ഒരു സുവര്‍ണ്ണദളമെന്‍ നേര്‍ക്ക് നീട്ടുന്നു,
സുവര്‍ണ്ണമുകുളം
യോഗത്തിനു ശേഷം
അതേ യോഗത്തിത്തിന് ശേഷമുള്ള യാത്രയില്‍
ആത്മബോധത്തിന്‍റെ ദളം വിടരുന്നു.
മഹാനദി മലയില്‍ നിന്നേ പുറപ്പെടുന്നു
താഴോട്ടൊഴുകി,വീണ്ടും വീണ്ടം ഒഴുകി
നദി കടലില്‍ ചേരുന്നു വെന്നു നീ പറയുന്നു.
എന്നെ പിടികൂടിയ പൂമണമെന്നോട് ചൊല്ലി.
എന്നാല്‍ നീ ഇതറിഞ്ഞു കൊള്ളുക
എന്നാളും മലകള്‍ക്കൊന്നുമൊന്നും നഷ്ടമാകുന്നില്ല.
ഒഴുകി പോരുന്നത് നദിയുമല്ല
അതല്ലോ ആനന്ദം
അതല്ലോ ആനന്ദമെ-ന്നെന്നെന്നും അറിയപ്പെട്ടിരുന്നതും.
മലകളിലേക്ക് മാമരങ്ങളായ് അത് തിരികെയെത്തുന്നു.
നുസ്രത്തിന്‍രെ പാട്ടിലേ ആനന്ദം
കാറ്റായതിലേക്കു തന്നെ തിരികെയെത്തുന്നു.
മലമുടിയില്‍ നിന്നുമാനന്ദത്തിന്‍റെ ഉറവകള്‍ മദജലം പോലെ
ഒലിച്ചിറങ്ങുന്നു.
യോഗി ഉന്മാദിയും ആനന്ദിയുമായി പിറക്കുന്നു.
യോഗി എന്നും പിറക്കുന്നവനും ശിശുവുമാണ്.
എന്നെപിടികൂടിയ കൈതപ്പൂമണമെന്നെ
ഊരിടവഴികളിലൂടെ കൈപിടിച്ചോടുന്നു.