Sunday, April 24, 2016

മേടം

മേടം
*******
[ഇടിമുഴക്കം പോലെ ഞാനുറങ്ങി.
നീണ്ട മേടരാത്രികള്‍ തോറും.]
മേടം കൊന്പിനാനന്ദവുമായെത്തുന്നു
ആകാശസുമങ്ങളെ തഴുകിതലോടുന്നു.
മേടമാണേറ്റവും ക്രുദ്ധരാ-വിരുട്ടിലെന്‍
സ്വപ്നങ്ങളെ കറുത്തചെടികള്‍ വിഴുങ്ങുന്നു.
ഉഷ്ണരാവുകളെന്‍റെ ഉടലിനെ പുണരുന്നു
അകലെ പുഴയുടെ ആരവം കേട്ടെത്തിയ
ഗഗനചാരികളല്ലോ,ഞാനുമെന്‍ ജനങ്ങളും.
ഉടലിനെ തണുപ്പിക്കാനെത്തിയതീ രാത്രിയില്‍ .
അകലെ പുഴയുടെ ആരവം കേട്ടെത്തിയ
ഗഗനചാരികള്‍ പഥികരെന്‍ പിതാക്കന്മാര്‍ .
ദാഹനീരിനാല്‍ ശമിക്കാത്ത ദാഹവുംപേറിപ്പേറി
പോവുക യുഗാന്തങ്ങള്‍ ; ഞങ്ങടെ വിധികല്പം.
ഉടലില്‍ കത്തിക്കേറും ശമിക്കാ ദാഹത്തിനാല്‍
എരിഞ്ഞുശമിക്കുക; ഞങ്ങടെ ഉടലുകള്‍ .
തങ്ങളില്‍ പുണരുന്പോള്‍ ഉമ്മവെക്കുന്പോള്‍ 
ഉള്ളിലെ ദാഹത്തിനെ കെടുത്താന്‍ കൊതിക്കുന്പോള്‍
ചുട്ടെരിക്കുകയെത്രേ,ഞങ്ങടെ ഉടലുകള്‍
നിന്നുകത്തുക,ചുട്ടെരിക്കുക തമ്മില്‍ത്തമ്മില്‍
എന്നുമീയൊരേ ബിന്ദുവില്‍ തന്നെ നമ്മള്‍ .
ജനന മരണത്തിന്‍റെ ചക്രത്തിലേറുന്നോര്‍ക്ക്
കത്തുന്ന ചക്രത്തിന്‍റെയീ വിധിതന്നെ.
മേടം ഉഷ്ണമേലാപ്പില്‍ നിന്നും മാന്ത്രികത്താലെന്നപോല്‍
പൂക്കളെവിരിക്കുന്നു,പാതയോരങ്ങള്‍ തോറും.
പുഷ്പചക്രങ്ങള്‍ തലയില്‍ ചൂടിയ വെളുത്ത ഉടലുകള്‍
രാവില്‍നിന്നുറയൂരി പുറത്തേക്കിറങ്ങുന്നു.
പാതയിലവരുടെ കുനിഞ്ഞശിരസ്സുകള്‍
കുറ്റവാളികളെപോല്‍ മൂകരായ് നിറയുന്നു.
നീണ്ടരാത്രിയുടെ ഒരു നീണ്ടരാത്രിയുടെ
ഓര്‍മ്മയില്‍ മുഴുകി കടന്നുപോകുന്നവര്‍ .
മേടുകള്‍ നഗരങ്ങള്‍ കാനനഛാ.കള്‍
താഴ്വരകള്‍ മലയിടുക്കുകള്‍ ഗഹ്വരഗുഹരങ്ങള്‍
താണ്ടുന്നൂ ഒന്നുമൊന്നും മിണ്ടാനുരിയാടാന്‍
ഒന്നുമേ ഇല്ലാത്തവര്‍ .
നഗ്നപാദരായ്,മുറിവുംപേറിപ്പേറി
യാതനയുടെ ഈ നീണ്ടയാത്രയിതെങ്ങോ-
ട്ടെന്നാരുമേ ചോദിക്കില്ല,അത്രയ്ക്ക് നിശ്ശബ്ദരാം.
പോകുന്നപോക്കില്‍ കൈയ്യില്‍നിന്നൊലിച്ചിറങ്ങുന്നൂ
വഴിയുടെ വരള്‍ച്ചയില്‍ ഒരു പുഴയുടെ തണുപ്പപ്പോള്‍
ആ തണുരേണുക്കള്‍ തങ്ങളില്‍ തങ്ങളില്‍
ചേര്‍ന്നലിഞ്ഞൊരു ജലകണമായ് പിറക്കുന്നു.
ആ ജലകണമൊരു കുന്പിളായ് കുടന്നയായ്
ഒരുകുടം ജലമായി,പിന്നെയാ ജലം
കുടംവിട്ടൊഴുകുന്നു ചെറു ചാലുകളായി.
പിന്നെയും പെരുകുന്നു
പെരുകുന്നൊരു കൊച്ചരുവി കണക്കിനെ
പെരുകുന്നൊരു നദീ പ്രവാഹം കണക്കിനെ
പെരുകിയൊഴുകി താഴോട്ടൊഴുകി പോരുന്ന;-
തവര്‍ വിട്ടു പോന്നോരാ പുരികള്‍തന്‍ 
ദാഹത്തെ ശമിപ്പിക്കാന്‍ ............

No comments:

Post a Comment