Saturday, May 11, 2013

കടല്‍ ഒരു പെണ്‍കിടാവെന്നപോല്‍




കവിത്വം ചങ്ങലക്കിട്ട കടലുപോലെയാണ്.


ഇരുള്നിറം,കലുഷം.
നനഞ്ഞ വെള്ളമിറ്റുവീഴുന്നമുടിയുമായ്
ഭ്രാന്തിയെപോലവള്,
തീരത്തിരുന്ന് മലര്ക്കെ ചിരിക്കുന്നു.
കൈകള് കണങ്കാലില് പിണച്ച്,
മറുകാലനന്തത്തിലേക്ക് നീട്ടിയിറക്കി,
തീരത്തവള് ചിരിച്ചിരിക്കുന്നു.
അവളുടെ ഉള്ളിലെ ഇരന്പം തീരുകില്ല.
മെരുക്കമില്ലാതെ കുതറിക്കൊണ്ടേയിരിക്കും.
കടലിന്റെ സ്വരം എങ്ങും തീരുന്നതല്ല.
കടല് എങ്ങും ഒഴുകി പോകുന്നുമില്ല.
തെറ്റിത്തെറ്റിപോകുന്ന വാക്കുകള് നിരക്കിനിരക്കി,
ഞാനീ ചതുരംഗപലകയ്ക്കപ്പുറത്തേക്കെത്തിയാല്,
എന്റെ വാക്കുകള് ശിരസ്സൊടിഞ്ഞ്
മറിഞ്ഞുവീഴുന്ന,-തീ കടലിലേക്കാണ്.
അവളുടെ ഒഴുകിപോകുന്ന തുടകളും,
മീനുകളുടെ മൌനമുഖവും ഞാന് കാണുന്നു.
മരിച്ചവരില് നിന്നുമുയര്ത്തെഴുന്നേറ്റവളായ്
അവളീ വഴികളുടെ നിഴലുകളിലെത്തുന്പോഴേക്ക്,
അവളിലെ ജലമെല്ലാം
നിലത്തുതിര്ന്നുവീണവള് ഒലിച്ചുപോകുന്നു.
ഒരു നിഴലുപോലും ബാക്കിയില്ലാതെ,
അവളീ വഴിയിലൂടൊലിച്ചു പോകുന്നു.
അല്ലെങ്കില്,
അവളെന്റെ വീട്ടിലെത്തുമായിരുന്നു.
എന്റെ ജനലഴികളില്
നിരത്തിലേക്ക് നോക്കി
അവളെന്നെ കാത്തു നില്ക്കുമായിരുന്നു.
കാറ്റെന്റെ ജനവിരികളെ പറത്തിയുയര്ത്തുന്പോള്
അവളവിടെ നില്ക്കുന്നതും കാണുമായിരുന്നു.
കടലുപോലെ നനുത്ത പെണ്കുട്ടി,
കറുത്തഉടലുള്ള തടിച്ചപെണ്കുട്ടി,
എന്റെ ഉമ്മറക്കോലായിലൂടെ,
സ്വീകരണമുറിയിലൂടെ,
അപ്സ്റ്റെയറിലെ ബാല്ക്കണിയില്,
എന്റെ അടുക്കളയില്,എഴുത്തുമുറിയില്,
കടലെന്ന പെണ്കുട്ടിയെ
നിങ്ങള് കാണുമായിരുന്നു.

2 comments:

  1. കറുത്ത പശ്ചാത്തലത്തില്‍ നീല ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ വലിയ ബുദ്ധിമുട്ട്. എഡിറ്റ്‌ ചെയ്യൂ, വീണ്ടും വരാം. അതുപോലെ കമന്റിലെ വേര്‍ഡ്‌ വേരിഫിക്കേഷനും എടുത്തു കളയൂ

    ReplyDelete
  2. can u help me to remove word verification from comment

    ReplyDelete