Monday, December 5, 2016

സായന്തനം.

സായന്തനം.

((((((())))))))

കടലലകളില്‍ കാതോര്‍ത്തിരിക്കവേ,
കവിതചൊല്ലുന്നു,-ഞാനലയാഴിയില്‍ ,
തിരയിളക്കുന്ന കാറ്റിന്‍റെനൊമ്പരം.
കരയിലോടങ്ങള്‍ വിശ്രമിക്കുന്നയീ
നിഴലിലേകാന്തപഥികനായെത്തി നീ.
ഓര്‍ത്തെടുക്കുന്നുവോ, നീയുടല്‍രേണുവില്‍
കൊള്ളിമീനായെരിഞ്ഞമരുന്നൊരു
നൊമ്പരത്തിന്‍റെ തീവ്രതരംഗത്തെ.
കടല്‍ക്കാറ്റുചുറ്റി നടക്കയാം ചുറ്റിലും
കത്തുമോരോ വിളക്കും കെടുത്തുവാന്‍
ഒട്ടുനേരം പൊരുതി പരാജയപ്പെട്ടുപോകുന്നി
രുളുന്നുസൂര്യനും,താമ്രകുങ്കുമം ചാലിച്ച സന്ധ്യയും..
-രക്തരേണുക്കളിലിരുളുപടര്‍ന്നപോല്‍ .
നീ വെറും കരിനിഴല്‍ രൂപമായ്
മാഞ്ഞുപോകുന്നിരുളുന്നു സന്ധ്യയില്‍ .
മധുരമോര്‍മ്മകളോര്‍ത്തെടുക്കാന്‍ ചില
പഥികതാരങ്ങളെത്തുന്ന രാത്രിയില്‍ ,
നിറനിലാവിന്‍റെ മധുവുണ്ടുപാടുന്ന രാ-
ക്കുയിലുപോലൊന്നു പാടുവാനാശയായ്
പഴയ രാഗങ്ങളോര്‍ത്തെടുക്കുന്നു നീ.
ഇരുളൊരു മരത്തണലിനു കീഴിലായ്
നിഴലുപോലെയൊളിച്ചിരുന്നീടുന്നു.
സുഗന്ധവാഹിയാകുന്നു കടലിന്‍റെ
അലകളീരാവിനേകാന്തമാത്രയില്‍ .
ഒരു ചിമിഴ് തുറക്കുന്നനന്തമാം
സുഖദനിദ്രയിലെന്നെയുറക്കുന്നു.
ഒരു ചിമിഴിലൊളിഞ്ഞിരിക്കുന്നൊരു
പുതിയലോകം തുറക്കുന്നു മുന്നിലായ്.
വിടപറയുവാന്‍ വയ്യ,മൌനത്തിന്‍റെ
പടവുകള്‍ താണ്ടി താണുപോകുന്നു ഞാന്‍
കടലലകളില്‍ സൌവ്വര്‍ണ്ണശോഭയില്‍
നീ ചടുലമുദ്രകളാടി തിമര്‍ക്കുന്നു.
നിന്‍റെ മുദ്രതന്‍ മിന്നല്‍ പിണറുകള്‍
സാന്ധ്യശോഭയില്‍ പെയ്തിറങ്ങീടുന്നു.
ചടുലമായ നിന്‍ ചുവടുകള്‍ക്കൊപ്പമെന്‍
ഉടലുചുറ്റിത്തിരിഞ്ഞകന്നീടുന്നു.
*******************************

Monday, November 28, 2016

വേര്‍പെടലുകള്‍ ....വിരല്‍പ്പാടുകള്‍


വേര്‍പെടലുകള്‍ ....വിരല്‍പ്പാടുകള്‍

^^^^^^^^^^^^^^^^^^^----^^^^^^^^^^^^^^^^^^^
ഒരു വാക്കിന്‍ മതിലിനപ്പുറമിപ്പുറം രണ്ടു 
ലോകങ്ങള്‍ തീര്‍ത്തിരിക്കുന്നു നാം.
പരസ്പരം വേര്‍പെടുത്തുവാന്‍ മാത്രമ-
ല്ലോമലേ ,സ്നേഹമെന്ന കടത്തിന്‍റെ
തീരാ വ്യഥയില്‍നിന്നും നമുക്കൂര്‍ന്നു പോരണം.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഭൂതകാലം കടലുകണക്കിനെ
ചുറ്റുമാര്‍ത്തിരമ്പുന്നൂ,തിരകളായ്.
എന്തിനെന്നറിവില്ല തങ്ങളില്‍ത്തങ്ങളില്‍
നമ്മിലാര്‍ക്കും പരസ്പരമെങ്കിലും
രണ്ടു നക്ഷത്രങ്ങളായുദിക്കുന്നു നാം.
ചാവുതീരത്തെ ചക്രവാളത്തിന്‍റെ 
ചാരമാര്‍ന്ന വിഷാദസന്ധ്യയില്‍ ..
****************************************
ചുറ്റിടുന്നുണ്ടൊരു മന്ദമാരുതന്‍
ഉപ്പുനീറ്റം പുകയ്ക്കുമുടലുമായ്.
ഇത്തിരിത്തണു കോരിക്കുടിക്കുവാന്‍
കന്നിമാവിന്‍റെ കൊമ്പുകുലുക്കുന്നു.
ഒന്നടര്‍ന്നു പതിക്കാന്‍ കൊതിക്കുന്നു,
നമ്മുടേതായ നക്ഷത്രജന്മങ്ങള്‍ .
*************************************
കത്തിനില്‍ക്കും ചുടലപരത്തുമീ
വെട്ടമെത്താത്ത കൂരിരുള്‍ കാട്ടിലെ
നഗ്നമായ നിഴലുകളായി നാം.
എത്തുവാനെനിക്കാവുകയില്ലിനി
നിന്‍ തണുപ്പിന്‍റെ താഴ്വാര ഭൂമിയില്‍ .
000000000000000000000000000
നീ അകപ്പെട്ട ദു:ഖതമസ്സിനെ
സാന്ത്വനത്തിന്‍റെ വാക്കാല്‍ ശമിപ്പിക്കാന്‍
ആവുകയുമില്ല എനിക്കിപ്പോള-
കലത്തിന്‍ദീപവര്‍ഷങ്ങള്‍ തീര്‍ത്ത കടലിനാല്‍
വേര്‍പിരിഞ്ഞേയിരിക്കുന്നുവെപ്പോഴൊ.
************************************************
നിന്‍റെ സന്ദര്‍ശനങ്ങള്‍ക്കു കാതോര്‍ത്ത
നെഞ്ചിടിപ്പുകളെന്നേ നിലച്ചുപോയ്.
നിന്‍റെ വാക്കിന്‍റെ മൂര്‍ച്ചയില്‍ നീ കോര്‍ത്ത
രക്തതിക്തകമായ ഫലങ്ങളാല്‍
ചോരവാര്‍ന്ന ഹൃദയം നിലച്ചുപോയ്.
************************************************
ഒറ്റവാക്കിന്‍റെ അപ്പുറമിപ്പുറം 
നാം തനിച്ചാണീ മരുഭൂമിയില്‍
എന്നെ നീയെന്ന സ്വപ്നം നയിപ്പിച്ച
താരകങ്ങളടര്‍ന്നൊരാകാശത്തില്‍
ബാക്കിനില്‍ക്കുന്നു വിളറിയ ചന്ദ്രിക
*******************************************
നിന്‍റെ നക്ഷത്രനേത്രങ്ങളില്‍
പണ്ടുഞാന്‍ കടലാഴമളന്നുപോയ്.
ഇന്നു നീ തനിച്ചെന്നുള്ളയോര്‍മ്മയും
ആഴമെന്നില്‍ കുഴിച്ചകത്തെത്തുന്നു.
*********************************************
നീ തനിച്ചാണിരുട്ടിന്‍റെ മൂലയില്‍
കണ്ണുനീര്‍ വാര്‍ത്തിരിക്കുന്ന ജീവിതം.
നിന്നുടലിനുള്ളി മണത്തിന്‍റെ നിത്യത
വിരല്‍ത്തുമ്പിലോ കാരിരുമ്പിന്‍ മൂര്‍ച്ച
വരഞ്ഞിട്ട നീണ്ട പാടുകള്‍ ...
****************************************
കണ്‍തടങ്ങളില്‍ നിദ്രാവിഹീനമാം
രാത്രികള്‍ പടര്‍ന്നൊട്ടിയ പാടുകള്‍ 
ദുഖതപ്തമാം സ്മരണാവശിഷ്ടങ്ങള്‍ .
വാസരങ്ങളെ തീപിടിപ്പിക്കുന്ന
പെണ്‍മനസ്സിന്‍ വിഹ്വലസഞ്ചാരങ്ങള്‍ .
*****************************************
ഓര്‍ത്തെടുക്കുവാനാവാത്ത ദൂരത്തില്‍
കൊണ്ടുസംസ്കരിച്ചിന്നു നിന്നോര്‍മ്മ ഞാന്‍ .
വീണ്ടെടുക്കുവാനാവാത്ത ദൂരത്തില്‍
കൊണ്ടെറിഞ്ഞു നാം കണ്ട കിനാവുകള്‍ .
**********************************************
ഒന്നു പിന്തിരിഞ്ഞെങ്കിലെന്നു നീ
ഓര്‍ത്തിരിക്കണം ,-ഞാനുമതുപോലെ.
എന്തുകൊണ്ടോ അറിയുന്നതില്‍പരം
ദുഖമേറെയില്ലെന്നുമറിഞ്ഞുനാം.
********************************************
ഒട്ടു ദൂരത്തില്‍ മങ്ങാതെ നില്‍ക്കുന്ന
ദീപ്തലോകമല്ലീ ലോകജീവിതം.
പങ്കുവെയ്ക്കാനിറങ്ങുമ്പോള്‍ മങ്ങാതെ
കാത്തുവെക്കാന്‍ മറന്നൂ കിനാവുകള്‍ .
*********************************************
ഒറ്റവാക്കിന്‍റെ അപ്പുറമിപ്പുറം
ഒന്നുരിയാടാന്‍ മറന്നു പിരിഞ്ഞു നാം
ഒറ്റവാക്കിനാല്‍ തീരാത്ത ജീവിതം
പങ്കുവെക്കാന്‍ മറന്നു പിരിഞ്ഞു നാം
**********************************************
നഖമുനവിരല്‍പ്പാട് വരഞ്ഞ നിന്‍ദ്ദേഹ
മെന്നോര്‍മ്മതന്‍ കച്ചകെട്ടി
പൊതിഞ്ഞുവെക്കുന്നു ഞാന്‍ ...
*****************************************

Monday, November 21, 2016

വരി

വരി

.....
വരിനിക്കുക
വരിനിക്കുക
ക്ഷമയോടന്തി വരേക്കും
അന്തിയായാല്‍ പുലര്‍ച്ചക്കും
തെറ്റാതെ വരിനിക്കുക.
പിണങ്ങാതെ,ചിണുങ്ങാതെ
ക്ഷമയോടന്തി വരേക്കും
വരിനിക്കുക സോദരാ....
ദേശസ്നേഹം പുലര്‍ന്നീടാന്‍
മുക്തിമാര്‍ഗ്ഗമിതേ സത്യം.
ൾൾ888ൾൾൾൾ8888ൾൾൾൾൾ8
വരിനിക്കുക
ഇടയില്‍ വരിതെറ്റിച്ചും
വീണുപോണോനെ കാണാതെ...
വരിനിക്കുക
വരിക്കന്ത്യമെന്തെന്നുമോരാതെ....
00000000000000000000000
വരിനിക്കുക സോദരാ....
വരിനിക്കുക ജീവിത
പ്പാതയങ്ങേയറ്റം ചെന്നും
നീണ്ടും വളഞ്ഞും
പോകുന്നത് നീ കാണുക.
+++++++++++++++++++++++++++++++
വരുമോരോ വളവിലും
വരുമോരോ തിരിവിലും
നിന്‍സ്വര്‍ഗ്ഗകവാടത്തില്‍
സ്വര്‍ണ്ണവാതിലെന്നോര്‍ത്തു നീ
വരിനിക്കുക തളരാതെ
മയങ്ങിപോകാതെ വീഴാതെ
അന്തിയാകും വരേക്കും
അന്തിയായാല്‍ പുലര്‍ച്ചക്കും
വരിനിക്കുക സോദരാ....
*************************************
നിന്‍റെ സ്നേഹം....
ക്ഷമാശീലം
ഒക്കെയും കാഴ്ചവെക്കുക..
നാടിനായ്
നാടിന്‍ നന്മയ്ക്കായ്
വരിനിക്കൂ സഹോദരാ....
നീണ്ട താപസവൃത്തിയായ്
ഇതിനെ ഉള്‍‍ക്കൊണ്ട് വാഴ്ത്തുക.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അഗ്നിശിക്ഷയിതേക്കുമ്പോള്‍
അടക്കിവെക്കുക മോഹത്തെ നീ...
ഒരുകവിള്‍ ചായയ്ക്കോ
ഒരു കോപ്പവെള്ളത്തിനോ
ഉള്ളില്‍ കിളുര്‍ത്തമോഹത്തെ
കുരുന്നിലേ നുള്ളികളയുക...
&&&&&&&&&&&&&&&&&&&&
വരണ്ടുപൊട്ടുന്നൂ പാടം
വിണ്ട ചുണ്ടിനെ കാണുക
ഒരുതുള്ളി ജലത്തിനായ്
പിടയും പ്രാണനുണ്ടതിനുള്ളില്‍ ...
00000000000000000000000
ഉഷ്ണക്കാറ്റഴിക്കുന്നുണ്ട്
നനവിന്‍ നേര്‍ത്ത പാടയും..
കനിവറ്റ് വറ്റിപോകുന്നു
ജലത്തേയോര്‍ത്തുള്ള സ്വപ്നവും.
??????????????????????
ഓര്‍ത്തെല്ലാം സ്വയമടക്കികൊ-
ണ്ടീ വരിയില്‍ തന്നെ തുടരു നീ.
വരിയൊന്നേ മുക്തിയെന്നോതി
വരിയില്‍ തന്നെ മുഴുക നീ....
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വരിനിക്കുക
ചാട്ടവാറുകളോതുന്നൂ.....
വരിനിക്കുക
വരിനിക്കുക
മഗധതന്‍ തെരുവില്‍
കാളക്കൂറ്റന്‍ മണിയൊച്ച മുഴക്കുന്നു.
****************************************
പുത്തനോരവതാരം
ജന്മം കൊള്ളാന്‍ സമയമായ്.
പാതാളവാസിയാമോരശ്വധം
തുടല്‍ പൊട്ടിച്ചലറുന്നു ,
00000000000000000000
സ്വപ്നജാഗരണങ്ങള്‍ പിന്നിട്ടൊഴുകുന്നൂ
യമുനാ നദി....

മഹാപ്രസ്തരം തുടങ്ങയായ്...
വരിനിക്കുകെന്നുച്ചത്തില്‍
മണിയൊച്ചകള്‍ മുഴങ്ങുന്നു
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ബുദ്ധഭിക്ഷുവിന്‍ ജടയില്‍
മഞ്ഞുതുള്ളികള്‍ തൂങ്ങുന്നു
കനിവാര്‍ന്നൊഴുകുന്നു
മിഴിരണ്ടും നിറഞ്ഞൊരു
യമുനാ നദി,,,,,
&&&&&&&&&&&&&&&&&&&&
വരിനിക്കുക
വരിനിക്കുക
അരുളുന്നൂ ബുദ്ധസ്ഥാവിരന്‍
അണുപോലും ചലിക്കാ
ധര്‍മ്മബോധത്തിനന്തിയില്‍
ൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾ
പ്രഭുപുത്രന്മാര്‍ കളിയാടും
ദല്‍ഹിതന്‍ കൊച്ചുമെത്തയില്‍
ചുരണ്ട്കൂടിയിരിക്കുന്നു
ജരബാധിച്ചോരു മാനസം.
ഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠ
തെരുവിന്‍ ദൂരമൂലയില്‍
തണുത്തുറയുമീയന്തിവേളയില്‍
ഇറ്റുവെട്ടം തൂളിക്കും
കൂരമ്പില്‍ നൊന്തോരുണ്ണിയെ
അമ്മ മാറോട് ചേര്‍ക്കുന്നു.
വിയര്‍പ്പൊട്ടി പനിച്ച നെറ്റിയില്‍
വിരല്‍ തൂവലായ് തൊട്ടുഴിഞ്ഞുരിയാടുന്നു
മീര,പൊള്ളുന്നോരമ്മയായ്....
സുഖമാകുക കുഞ്ഞേ നീ
നിന്നെത്തന്നേ സുഖമാക്കുക
നിന്നില്‍തന്നെ സൌഖ്യത്തിന്‍

വഴിനീ കണ്ടെത്തി സൌഖ്യം നേടുക.

Wednesday, October 26, 2016

നീ വരൂ
ൽൽൽൽൽൽ
നീ വരൂ......
നിനക്കിഷ്ടമുള്ളപ്പോള്‍ ,
ഇതു നിന്‍റെ വീടാണ്.
നീ വരൂ....
**********
നീ വരുന്നുണ്ട്.
എപ്പോഴും.
വേദനകള്‍ നല്‍കുവാനായി മാത്രം.
നിന്‍റെ ഇഷ്ടങ്ങളുടെ
ക്രൂരമായ വേദനകള്‍ .
അതേറ്റുവാങ്ങിയേറ്റുവാങ്ങി
എന്‍റെ ഉടല്‍ .
****************
നീ വരൂ.....
ഇഷ്ടമുള്ളപ്പോള്‍
നീ വരുന്നതോ
പോകുന്നതോ
ഞാനറിയുന്നേയില്ല.
നീ പകര്‍ന്ന വേദനകളുടെ
ഇണലുകളില്‍
മുഖവും പൂഴ്ത്തി
ഇരിക്കയാണ് ഞാന്‍ .
ചോരകിനിക്കുന്ന ഇണലുകള്‍ .
***********************************
അഥവാ
നീ വരൂ.....
പ്രിയമൊന്നും പറയുവാനല്ല.
നിന്‍റെ ഇഷ്ടങ്ങളുടെ മുറിവുകള്‍
ഇനിയും എന്നില്‍ ഉണര്‍ത്തുവാന്‍ മാത്രം.
മുറിവുകളെ ഞാന്‍ സ്നേഹിക്കുന്നു.
നിന്നെ സ്നേഹിക്കുന്നുവെന്നതിനാല്‍ ,
ഞാനിപ്പഴും മുറിവുകളെ സ്നേഹിക്കുന്നു.
നീ വരൂ...
എനിക്കിനിയുമിനിയും വേദനകള്‍ തരാന്‍
നീ വരൂ....
***********
എന്നാല്‍ നീയെന്നും വരുന്നു.
ഞാനറിയുന്നില്ല.
നീ പോകുന്നതും.
ഞാന്‍ മുറിവുകളുടെ ലോകത്താണ്.
നീ പകര്‍ന്ന നൊമ്പരങ്ങളുടെ തുടക്കത്തില്‍ .
നീ വരൂ....
നിനക്കുള്ളതാണ് ഞാന്‍
നീ പകരുന്നൂ വേദനകള്‍ .
******************************
എന്‍റെ ഉടലെത്ര നിശ്ശബ്ദമാണ്.
ഏകാന്തവും.
പരാതികളും പരിഭവങ്ങളും ഇല്ലാതെ.
നീ പകരുന്ന വേദനകളുടെ വിളനിലം.
*********************************************
നീ ക്രൂരനായ കൊച്ചുകുട്ടിയാണ്.
പീളകെട്ടിയ വൃദ്ധനയനങ്ങളെ
കുത്തിമുറിച്ച് രസിക്കുന്നവന്‍ .
എങ്കിലും നീ വരൂ....
ഈ വീട് നിന്‍റേതാണ്.
****************************
നീ പകര്‍ന്ന മുറിവുകളുടെ
നക്ഷത്ര ജാലകത്തിലൂടെയാണ്
ഞാനീലോകം കാണുന്നത്.
അവയുടെ വക്കില്‍പൊടിഞ്ഞ
ചോരയിലൂടെ....
നീ വരൂ...
ഈ ഉടല്‍ നിന്റേതാണ്....
****************************
നീ പകര്‍ന്ന വേദനയുടെ ലഹരിയിലാണ് ഞാന്‍ .
നീ വരുന്നതേയറിയുന്നില്ല.
എന്നാല്‍
എന്‍റെ ലഹരി
നീയാണെന്ന്
നീ മാത്രമാണെന്ന്
നീ അറിയുന്നില്ലേ...
*************************
നീ വരൂ....
വീണ്ടും...വീണ്ടും
വേദനകള്‍ പകര്‍ന്ന്
എന്‍റെ ഉടലിന്‍റെ
ഈ നിശ്ശബ്ദത
നീ ഭഞ്ജിക്കൂ....
എന്‍റെ
ഏകാന്ത നിമിഷങ്ങളെ...
*****************************