Tuesday, October 4, 2016

ഫുട്ബോളർ

ഫുട്ബോളര്‍
^^^^^^^^^^^^^^^
കാല്‍പ്പന്തുകളിക്കാരാ...
നിന്‍റെകാല്‍വിരല്‍ കൊരുത്തിട്ട
കളിപ്പന്തിനുള്ളില്‍ കുരുങ്ങിയേ കിടക്കുന്നു
ഞാനുമെന്‍ ഹൃദയവും.
ഹൃദയവേഗങ്ങള്‍ തുടിപ്പുകള്‍ മിടിപ്പുകള്‍
എല്ലാം നിന്‍ പാദചലനത്തിനൊത്തുയരുന്നു
അമരുന്നൂ,കിതച്ചു നിന്നീടുന്നു.
ആര്‍ത്തിരമ്പുന്ന മാറക്കാനയില്‍ ,മെംഫിസില്‍
ലിയോണിലെ പുല്‍ത്തകിടിയില്‍ ജനക്കൂട്ടം
ഒറ്റയാളെന്നപോലെ അത്യച്ചമലറുന്നു.
ആര്‍ത്തിരമ്പുന്നൂ,ഞാനും ഈ ജനക്കൂട്ടവും
ചാട്ടുളികണക്കേ നിന്‍ ഇടങ്കാലനടിയൊന്ന്
ലക്ഷ്യവും ഭേദിച്ചനന്തത്തില്‍ മുട്ടീടുമ്പോള്‍ 
ഗോ....ള്‍ ഗോ,-ളെന്നെന്നാല്‍ ഗോളല്ല നിന്‍റെ ലക്ഷ്യം
ഉള്ളില്‍ നീയുരുട്ടുന്നുണ്ടൊരു വിണ്ടവിശപ്പിന്‍റെ 
ഉരുളച്ചോറിന്‍ കണ്ണീര്‍ കണവും സ്മരണയും.
നീയിറങ്ങുമ്പോള്‍ , നീലജഴ്സിയില്‍ 
കടലിരമ്പിക്കേറുന്നു കരകളില്‍ .
-ഒരു ഭീകരത്തിരപോലെ.
നീയാര്‍ത്തലയ്ക്കുന്നു,ഗാലറി നിറയെനിന്ന്
ഉച്ചത്തിലലറുന്ന നീലത്തിരപോലെ.
വിവ....പ്രിയ സഖാവേ...വിവ
വിവ...മറഡോണാ വിവ..
നിന്‍റെ കാല്‍വിരലിനെ ഉമ്മവെക്കുന്നൂ,
കാല്‍പ്പന്തിന്‍റെ ചങ്കിലെ കിന്നരിക്കിനാവുകള്‍ ....
നീ കൊക്കയിന്‍ കിനാവുകള്‍ കാണാന്‍കൊതിച്ചതും
മരിജൂവാനിന്‍ മധുരസ്മൃതിതേടിയലഞ്ഞതും
കാല്‍പ്പന്തിന്‍ കിനാവുകള്‍ നിനക്കുകാണാനായി
നീ കലമ്പുന്നുണ്ടെന്നുള്ളില്‍ ചിലപ്പോഴോ
ഒരു കുസൃതിയായ്,കൈപ്പിഴയായ്,
ദൈവത്തിന്‍ വികൃതിയായ്..
എങ്കിലുമൊരുനാളാ കഴുകനേറെ താണു പറന്നെന്നാലും
ഈയല്‍പറവകളതിന്മേലും പറക്കുമെന്നാവുമോ?
നീയൊരുജിപ്സി,-അല്ല,-നീയൊരു റെഡിന്ത്യന്‍
നീല,സ്വര്‍ണ്ണം,വെളുപ്പ്,കറുപ്പിങ്ങനെ
ആയിരം വര്‍ണ്ണത്തൂവല്‍ തൊപ്പിയായണിഞ്ഞവന്‍ ,
നീയൊരുകിളിക്കൂവല്‍ ഇപ്പൊളോ?- 
നിന്നെ കാണാ,-നൊത്തൊരു മലയാളി.
നീ തട്ടിത്തെറിപ്പിച്ച പന്തൊന്നുണ്ടെന്‍റെ കൈയ്യില്‍
മുത്തമിട്ടുനീപറത്തിയ മുദ്രയുംപേറിക്കൊണ്ട്.
വിവ....പ്രിയസഖാവേ...വിവ
വിവ...മറഡോണാ...വിവ....

No comments:

Post a Comment