Tuesday, October 11, 2016

പ്രിയേ....പ്രണയിനീ...

പ്രിയേ....പ്രണയിനീ...
************************
അലിഞ്ഞുനില്‍ക്കുന്ന ഒരു നിമിഷത്തിന്‍റെ 
ചതുരഖണ്ഡത്തിനുവേണ്ടി എന്‍റെ കൊതി പെരുത്തു.
വീണയുടെ ഓംങ്കാരത്തില്‍
മഴത്തുള്ളികളില്‍ പിറന്ന മധുമൊഴികളലിയുന്നപോല്‍ .
ജാനകീ നിന്‍റെ അലഞ്ഞപാദത്തില്‍
കാടുണര്‍ത്തിയ വനഗീതസ്മൃതികള്‍പോല്‍ .
ഒരുനാള്‍ പൊടുന്നനെ വനാന്തരഗര്‍ഭത്തിലെത്തവേ
നീലനിലാവിന്‍റെ തടാകമഞ്ഞുപോല്‍ .
ദൂരയാത്രാസ്മൃതികള്‍പേറിയ
കടല്‍ത്തിരയുടെ തുള്ളിച്ചപോല്‍ .
കരക്കടിഞ്ഞ വിസ്മൃതിയുടെ പായ്ക്കപ്പല്‍ .
ഖനനം ഖനനം ഖനനം
അനന്തമായ ഖനനത്തിലെ
മുത്തുകള്‍ പതിച്ചകൊട്ടാരത്തിന്‍റെ
കാവല്‍ക്കാരന്‍ .
നിഴലുകളെ പാടുകയിനിയീ
പൂനിലാവിനെ ഉണര്‍ത്തുവാന്‍ നിങ്ങളും.
തടാകത്തിലെ മഞ്ഞിനെപോറ്റുവാന്‍ ,
പുല്‍ത്തകിടിതന്‍ നീലസ്വപ്നങ്ങളെ
നക്ഷത്രങ്ങളാലലങ്കരിച്ചീടുവാന്‍ ..
മഞ്ഞുകാറ്റുമടങ്ങുന്ന സന്ധ്യയില്‍
യാത്രാമൊഴി,-യിതൊന്നടയാളപ്പെടുത്തുവിന്‍ .
നിന്‍റെ ഗദ്ഗദം കാറ്റിലൂടെന്‍റെമേല്‍
പെയ്തിടുന്നൊരീവനയാത്രയില്‍
നീ അലുക്കിട്ട നീലമേഘങ്ങളില്‍
സന്ധ്യയെത്തുന്നു,തീപിടിച്ചെന്നപോല്‍ ...
നിന്നെഞാന്‍ കാത്തിരിക്കും പടവിലായ്
ഇന്നലെയുടെ തോണി മറിഞ്ഞുപോയ്...
നീലയീ തടാകത്തിലെ പൂവുകള്‍
നിന്നെയോര്‍ത്തേ വിടരുന്നുവെന്നുഞാന്‍ .
ഇന്നളകങ്ങള്‍ മിനുക്കിയൊഴുകുമീ,
പുഴയുടെ നേര്‍ത്ത ശാഖയിലൂടെ ഞാന്‍ ..
നിന്നരികിലണഞ്ഞിടും ഓര്‍മ്മയാല്‍ ...
പിന്നെയുമ്മവെച്ചീടും തെരുതെരേ.....
പിന്നെ മഞ്ഞിന്‍കണങ്ങളാല്‍ കൈയ്യുകള്‍
ബന്ധനത്തിലെന്നാക്കി ഞാന്‍ നാട്യത്തില്‍
നിന്നരുകില്‍നിന്നോടി മറഞ്ഞിടും.....
നിന്‍റെയീ ചെറുപരിഭവം കൊണ്ടുഞാന്‍
ഉമ്മവെച്ചുറക്കീടുംമെന്‍ തപ്തസ്മൃതികളെ....
എന്‍റെ ഉണ്‍മയെ ചൂഴ്ന്നു വളരുന്ന
ദു:ഖതപ്തമാം ഓര്‍മ്മകളൊക്കെയും.
മഞ്ഞടര്‍ന്നു പതിക്കും നദിയുടെ
ദീര്‍ഘനിശ്വാസ ധാരയില്‍ ചേരണം.
വീണ്ടുമൊന്നു പിറക്കണം ഇന്നിന്‍റെ
വാദകോലാഹലങ്ങളില്‍ മുങ്ങണം.
തങ്ങളില്‍ നാം കാണുമ്പോഴൊക്കെയും
കണ്ടതില്ലെന്നു നടിച്ചകന്നീടണം.
പിന്നെയൊന്നു തിരിഞ്ഞു നിന്നീടണം
എന്നുമീ വേര്‍പാടു പരത്തുമീ
ജീവിത ദു:ഖമേകമെന്നോതണം..
രണ്ടുതുള്ളി ചവര്‍പ്പുകുടി-
ച്ചെന്തുകയ്പ്പെന്നു തരിച്ചിരുന്നീടണം.
യാത്രയായീ കരമിളക്കികാട്ടി
പിന്തിരിയാതകന്നുപോയീടണം.
തമ്മില്‍ ചേരുകയല്ല നമ്മുക്കിനി
വേര്‍പെടുകയേ ശരണമെന്നോതണം.
പിന്നെയാ നോവുപടര്‍ത്തും സ്മരണതന്‍
മുറിവിനാല്‍ തമ്മിലുമ്മവെച്ചീടണം.
ഓര്‍ക്കുകയെന്നതോര്‍മ്മയ,
-ല്ലോര്‍മ്മയാലിങ്ങനെ
വേദനിപ്പതേ സത്യമെന്നോതണം.
ഓര്‍മ്മയില്‍ തന്നെയുണ്ടായിരിക്കണം.
ഓര്‍മ്മയായ് തന്നെയുണ്ടായിരിക്കണം.......

No comments:

Post a Comment