Monday, May 22, 2017

ഒരു ഗസല്‍പാടലില്‍ അലിയുന്നുഞാനു,
-മീകടവുതോണിയും ഈ കരയിലെ
മൂകരാം പച്ചമരങ്ങളും കായലോളങ്ങളും.
പറവകള്‍ തീര്‍ത്ത വ്യഥാകീര്‍ണ്ണമാം സ്വരം
കായല്‍പരപ്പിനെ ചുറ്റുന്നുവിപ്പൊഴും.
പകലറുതി,-ശരമേറ്റ പറവകണക്കിനെ-
പടിഞ്ഞാറ് ചോരപടര്‍ത്തുന്നു,മേഘങ്ങള്‍ .
ഒരു കിളിയൊച്ചയെങ്ങോ മുഴങ്ങുന്നു.
വിടുതിയണയാത്തോരിണയെ തേടുന്നു.
ഇലകളില്‍ വീണുതുടുക്കുന്ന സന്ധ്യതന്‍
രുദിരകണങ്ങളില്‍ വഴിതിരയുന്നവള്‍ .
ദുരിതപൂരിതം ഒരുപെണ്‍മയില്‍ജീവിതം,
ചുവട് വെയ്ക്കുന്നു പാതയോരത്തെ
തെരുവരങ്ങിന്‍റെ നാടകശാലയില്‍ .
വെറുതി,ജീവിതവ്യഥകളേറ്റുന്ന മുഷിവുകള്‍ ,
പകരമൊന്നുമേ മാറ്റത്തിനില്ലാതെ
മടങ്ങിടുന്നു നാം,വിടുതിതേടുന്നു.
പലവഴികള്‍തന്‍ വ്യര്‍ത്ഥഭാരത്തിനാല്‍
ചുമട്താങ്ങികള്‍ തേടാതെനമ്മളും,
പൊരുതിയൊത്തിരി,ഇന്നിനിയിത്തിരി,-
നടുനിവര്‍ത്തണം,മെല്ലേയോതുന്നു നാം.
പുകമണംവിങ്ങിനില്‍ക്കുന്ന കൂരയില്‍
പകുതിവേകാത്ത ജീവവ്യഥകളില്‍
ഇരുളിനേക്കാളിരുള്ളുള്ളില്‍ പരത്തുന്ന
മുറിയുടെയീയേകാന്ത നിദ്രയില്‍
പലതുമോര്‍മ്മിക്കുവാന്‍ നാം മറക്കുന്നു.
പകരമീ ചെറുവിശ്രാന്തി തേടുന്നു.
വയലുകള്‍ മണംവീശുന്ന കാറ്റിലൂ-
ടിളയനാന്പിന്‍റെ പച്ചമണത്തിനാല്‍
അന്തിവെട്ടത്തിലാദ്രമാകുന്നതാം
പച്ചനാമ്പിന്‍തുടുപ്പുകള്‍ പോലുള്ളൊരീ
പേലവസ്മൃതിയു,-ണ്ടുറങ്ങാതെ
ഉള്ളിലിപ്പൊഴും ചേതനചേര്‍ക്കുന്നു.
ഏകനാവുന്നു,പടിഞ്ഞാറ് സൂര്യനും
ഏകനാവുന്ന ദൈവത്തിനെപ്പോലെ.
അസ്തമനത്തിന്‍റെ പടവുകള്‍ താണ്ടിയെന്‍
ചേതനയെന്നും ആഴ്ന്നുപോകാറുണ്ട്
അറബിക്കഥയിലെ കൊട്ടാരമുറ്റത്ത്.
കാലമെന്തുതണുപ്പെന്നുള്ളിലെ തീകെടുന്നു,-
ചില്ലകള്‍കൂട്ടി നാം ഊതിവെച്ച കനലുമണഞ്ഞുപോയ്.
നിഴലുകള്‍ മൂടിനില്‍ക്കുന്ന രാത്രിയണഞ്ഞതും
മഞ്ഞുപെയ്യും തണുപ്പെന്നു ചൊല്ലി നാം
കമ്പളങ്ങളെടുത്തു പുതച്ചതും മാത്ര-
മിന്നിന്‍റെ ഓര്‍മ്മയില്‍ ബാക്കിയായ്.
രാത്രിയായി,ഇരുളിന്‍റെ കൂനയില്‍
ചോരചീറ്റുന്ന സ്മരണയുമായി ഞാന്‍
വേട്ടയാളന്‍റെ വേഷംപകരുന്നു.
കൂരിരുട്ടാണ് ചുറ്റിലും,നീയൊരു
വേട്ടമൃഗത്തിന്‍റെ വെമ്പലായ് മാറുന്നു.
നിന്‍റെ കണ്ണുകള്‍ കര്‍ക്കടരാശിപോ
ലെന്നെ ദംശിക്കാന്‍ ഇരുളില്‍ പുളയുന്നു.
നെരിയെല്ലിലൂടെ തിമര്‍ക്കുന്നൊരു വിറ
ആദ്യമാരെന്നചോദ്യം വിറയലായുള്ളിലൂടെന്‍
ഞരന്പില്‍ പരക്കുന്നു.
തോട്ടയിട്ടോരിരട്ടക്കുഴല്‍ തോക്കില്‍ കോര്‍ത്തകൈ
വേട്ടയാടലിന്‍ വെമ്പല്‍‍ ,ഹൃദയത്തുടിപ്പിന്‍റെ
ശമനമില്ലാത്ത താളം,ചുരകുത്തി നില്‍ക്കുന്ന ഭീതി
നിന്‍റെ ഗന്ധം ജീവകോശങ്ങളില്‍
ഗന്ധകാമ്ളം നിറക്കുന്നു.
ചുറ്റിടുന്നു നാം തങ്ങളില്‍ കാണാതെ
കൂരിരുണ്ടിന്‍റെ കോട്ടതീര്‍ത്തുള്ളിലായ്.
ഒന്നുപാളുന്നു,വിറ,-നെഞ്ചിലൂടെ
നിന്‍റെ കൊമ്പിന്‍റെ മൂര്‍ച്ചകടന്നുപോയ്.
തട്ടിദൂരെ തെറിച്ചുവീഴുമ്പോഴും
ദ്വന്ദമായ് തന്നെതുടരുകയാണു നാം.

പെരുമഴത്തൈയ്യം

മുടിയഴിച്ചാടിയാണ് വരവ്....
ഇരിക്കെന്നുപറഞ്ഞു,
ഇരുന്നില്ല.
ഇരുത്താന്‍ നോക്കുന്നോ,എന്നെ
എന്ന് തലയറഞ്ഞാടി.
മുടിചിതറി കോമരം തുള്ളിയാണ് വരവ്.
മൂക്കുത്തിമിന്നി.
മിന്നലില്‍ മലനിര പിളര്‍ന്നു വീണു.
ഇരുള്‍മലമേലിരുന്നുറഞ്ഞാടി.
ഇരിക്കണോ ഞാന്‍
ഒറ്റച്ചോദ്യമാണ്.
പിന്നെ ഉറഞ്ഞുതുള്ളിയൊരോട്ടം.
തെക്കേപറമ്പിലെ വയസ്സന്‍പ്ളാവ്
ആടിയൊന്നുലഞ്ഞു.
പിന്നെ ചില്ലക്കൈപൊന്തിച്ച്
പൊത്തോ എന്നൊരു വീഴ്ച.
എന്നിട്ടും ഇരുത്തം വന്നില്ല.
മുറ്റത്താകെ തുള്ളിയുറഞ്ഞു നടന്നു.
തൊടിയിലേക്കോടി
കാവിലെ മരങ്ങളെല്ലാം വലിച്ചൊടിച്ചു.
കവുങ്ങിന്‍റെ തണ്ടോടിച്ചു.
തെങ്ങിന്‍റെ മണ്ടയറുത്തു.
ചുറ്റിപ്പിഴുതൊരു പിടുത്തമാണ്.
അടിവേരും പറിഞ്ഞുവീഴുമ്പോളൊരു അട്ടഹാസം.
കാവുലച്ചാണ് വരവ്
തണ്ടൊടിച്ചാണ് വരവ്
മദയാനപോലെ
തിണ്ടുകുത്തിയാണ് വരവ്.
പെരുംകാലന്‍ പറകൊട്ടുന്നുണ്ട്.
തീപ്പൊരി ചിതറുന്നുണ്ട് കണ്ണില്‍
തീമുടിയഴിച്ചിട്ടുലഞ്ഞാടിയാണ് വരവ്.
മണ്ണട്ടകള്‍ കൂളിയാടി
മണ്‍പാറ്റകള്‍ നൃത്തംവെച്ചു.
ചാട്ടവാറുപുളയുന്നുണ്ട്.
പറച്ചെണ്ട കൊട്ടുന്നുണ്ട്.
വിണ്ടമണ്ണില്‍ കാലുകുരുക്കി
വേടനെപോലലറുന്നുണ്ട്.
പുഴച്ചുഴിയില്‍ വേരുകുടുങ്ങി
പറയനെപ്പോലലറുന്നുണ്ട്.
വരാതിരുന്നു വരുമ്പോഴുള്ള
മേളമാണെല്ലാം എന്ന് ഉമ്മറത്താരോ.
എന്നിട്ട് കണ്ണീരൊഴിയാതെ
മൂലയില്‍ മാറിയൊരിരിപ്പുണ്ട്.
കണ്ടാല്‍ ഉള്ള് തകരും
കെട്ടിപ്പിടിച്ചൊന്നു കരയും.
പടിഞ്ഞാറെ പടിയിറങ്ങി
തിരിഞ്ഞുനോക്കാതെ പോകും.
വിതുമ്പിയിട്ടും വിതുമ്പിയിട്ടും
തോരാത്ത കണ്ണീര്
ഇലകളില്‍നിന്നടര്‍ന്നുവീഴും.
പോയപോക്കിന് പാടത്തെ
ചെളിവരമ്പിലൂടൂറിപ്പോകും.
വരണ്ടനാവിലൂടിറങ്ങിപോകും.

പിന്നെയാരും കണ്ടവരുണ്ടാവില്ല.