Monday, May 22, 2017

പെരുമഴത്തൈയ്യം

മുടിയഴിച്ചാടിയാണ് വരവ്....
ഇരിക്കെന്നുപറഞ്ഞു,
ഇരുന്നില്ല.
ഇരുത്താന്‍ നോക്കുന്നോ,എന്നെ
എന്ന് തലയറഞ്ഞാടി.
മുടിചിതറി കോമരം തുള്ളിയാണ് വരവ്.
മൂക്കുത്തിമിന്നി.
മിന്നലില്‍ മലനിര പിളര്‍ന്നു വീണു.
ഇരുള്‍മലമേലിരുന്നുറഞ്ഞാടി.
ഇരിക്കണോ ഞാന്‍
ഒറ്റച്ചോദ്യമാണ്.
പിന്നെ ഉറഞ്ഞുതുള്ളിയൊരോട്ടം.
തെക്കേപറമ്പിലെ വയസ്സന്‍പ്ളാവ്
ആടിയൊന്നുലഞ്ഞു.
പിന്നെ ചില്ലക്കൈപൊന്തിച്ച്
പൊത്തോ എന്നൊരു വീഴ്ച.
എന്നിട്ടും ഇരുത്തം വന്നില്ല.
മുറ്റത്താകെ തുള്ളിയുറഞ്ഞു നടന്നു.
തൊടിയിലേക്കോടി
കാവിലെ മരങ്ങളെല്ലാം വലിച്ചൊടിച്ചു.
കവുങ്ങിന്‍റെ തണ്ടോടിച്ചു.
തെങ്ങിന്‍റെ മണ്ടയറുത്തു.
ചുറ്റിപ്പിഴുതൊരു പിടുത്തമാണ്.
അടിവേരും പറിഞ്ഞുവീഴുമ്പോളൊരു അട്ടഹാസം.
കാവുലച്ചാണ് വരവ്
തണ്ടൊടിച്ചാണ് വരവ്
മദയാനപോലെ
തിണ്ടുകുത്തിയാണ് വരവ്.
പെരുംകാലന്‍ പറകൊട്ടുന്നുണ്ട്.
തീപ്പൊരി ചിതറുന്നുണ്ട് കണ്ണില്‍
തീമുടിയഴിച്ചിട്ടുലഞ്ഞാടിയാണ് വരവ്.
മണ്ണട്ടകള്‍ കൂളിയാടി
മണ്‍പാറ്റകള്‍ നൃത്തംവെച്ചു.
ചാട്ടവാറുപുളയുന്നുണ്ട്.
പറച്ചെണ്ട കൊട്ടുന്നുണ്ട്.
വിണ്ടമണ്ണില്‍ കാലുകുരുക്കി
വേടനെപോലലറുന്നുണ്ട്.
പുഴച്ചുഴിയില്‍ വേരുകുടുങ്ങി
പറയനെപ്പോലലറുന്നുണ്ട്.
വരാതിരുന്നു വരുമ്പോഴുള്ള
മേളമാണെല്ലാം എന്ന് ഉമ്മറത്താരോ.
എന്നിട്ട് കണ്ണീരൊഴിയാതെ
മൂലയില്‍ മാറിയൊരിരിപ്പുണ്ട്.
കണ്ടാല്‍ ഉള്ള് തകരും
കെട്ടിപ്പിടിച്ചൊന്നു കരയും.
പടിഞ്ഞാറെ പടിയിറങ്ങി
തിരിഞ്ഞുനോക്കാതെ പോകും.
വിതുമ്പിയിട്ടും വിതുമ്പിയിട്ടും
തോരാത്ത കണ്ണീര്
ഇലകളില്‍നിന്നടര്‍ന്നുവീഴും.
പോയപോക്കിന് പാടത്തെ
ചെളിവരമ്പിലൂടൂറിപ്പോകും.
വരണ്ടനാവിലൂടിറങ്ങിപോകും.

പിന്നെയാരും കണ്ടവരുണ്ടാവില്ല.

No comments:

Post a Comment