Monday, June 3, 2019

കയ്പ് ജീവിതം ഒന്നാം പാഠകം

കാഞ്ഞിരം....
കയ്പുജീവിതം-ഒന്നാം പാഠകം
ഋഋഋഋഋഋഋഋഋഋഋഋഋ
കയ്പ് തിന്നുമടുത്തിനിമുറ്റത്തെ
കാഞ്ഞിരംവിൽക്കണം.
പിന്നെയേതോ മധുരഫലത്തിന്‍റെ
വിത്തുപാകണം,മുറ്റത്തിരിക്കണം.
ഇത്തിരിതണലോര്‍ത്ത് ചിരിക്കണം.
---------------------------------------
ഇവിടെയെന്താ----
ഭൂമികുലുങ്ങുന്നുണ്ടോ?
ഞാന്‍ പകര്‍ന്നുവെച്ച
കണ്ണീരിന്‍റെയും ദു:ഖത്തിന്‍റെയും
തിക്തകജലത്തിലെന്താണീ തിരയിളക്കം.
എന്താണെന്‍ വിഷപാനപാത്രം
വിറകൊള്‍വതിങ്ങനെ?
ഉരുണ്ടുവീഴുവാനെന്നപോല്‍
അതോടിപോകുന്നു.
മേശവിളുമ്പില്‍ നിന്നും
അതെത്തിനോക്കുന്നു,
തകര്‍ന്നുപോയ ചില്ലുപാത്രങ്ങളുടെ
താഴ് വര കാണുന്നു.
വിറച്ചുനിൽക്കുന്നു.
മൃതിഭയത്താല്‍ കുതിര്‍ന്ന്
തൂറ്റുപോയിടും.
ഒരു കവിള്‍കൂടി
പകര്‍ന്നു നല്‍കുക.
ഇടയ്ക്ക് മലിനമായ ഒരു സ്ത്രീശവം.
കച്ചപുതച്ചും,
കണ്ണുകളില്‍
കൂരിരുളിന്‍ പശയൊട്ടിച്ചും,
നക്ഷത്രങ്ങളെ തല്ലികെടുത്തി
വിടുതികള്‍ക്ക് മേല്‍ ആഞ്ഞുവീശുന്നു.
നീ നഗരം വിട്ടോടിടുമ്പോള്‍
ഒരു പാട്ടുപാടുക.
തെരുവിലൂടെ സ്വന്തം ജഡംവലിച്ചൊഴുകി പോകുമ്പോള്‍
ഗ്രാമത്തിന്‍റെ ചില്ലകളില്‍
മരണപത്രം തൂക്കിയിടുക.
മടങ്ങി വരൂ എന്ന് വിളിച്ചു പറയുന്നവരോട്
കണ്ണിറുക്കി കളിവാക്ക് ചെല്ലുക.
മഞ്ഞുമലകളില്‍ നിന്നുസൂര്യന്‍
എന്ന ഗാനം ഉച്ചത്തില്‍ പാടുക.
ഇടിവാളുകൊണ്ടവളുടെ
ഉദരം ഭേദിക്കുക.
തടങ്കലിലാണെന്‍ പുത്രന്‍.
അവളുടെ ഊഷരഭൂമിയില്‍
വാടിപോയ നിഴലുകളുടെ കനവ് രൂപകം
അലഞ്ഞുതിരിയുന്നു,അലിഞ്ഞു തീരുന്നു.
ഈ രാത്രിയാകെ
ചോരയുടെ മണം നിറയുന്നു.
പെയ്ത് പെയതൊടുവില്‍ നീ
മടങ്ങിപോകുമ്പോഴീ
നീലമേഘങ്ങളില്‍
ഒരുവാക്കെഴുതുക.
അവസാനത്തെ ചോദ്യമിതാണ്,
എന്നില്‍നിന്നാരാണ്
ഉയിര്‍ത്തെഴുന്നേല്‍ക്കുക.
പിത്തലാട്ടങ്ങള്‍ക്കിനിയും
സമയമുണ്ട് സഖാവേ,
പക്ഷേ,
അവസാനത്തെ ചോദ്യമിതാണ്.
ആരായിരിക്കും" അവന്‍ "

No comments:

Post a Comment