ആരോ ഒരാള്‍
....................
ആരോ ഒരാള്‍
നിലവിളിക്കുന്നുണ്ടീ
ജലധാര
യന്ത്രത്തിനുള്ളില്‍ .
പറയുവാനാവതില്ലെനി-
ക്കെങ്കിലും
ആരോ
നിലവിളിക്കു
ന്നുണ്ടിതിനുള്ളില്‍ .
ആവുന്നതില്ലെനി-
ക്കൊട്ടും
പറയുവാന്‍
ജലശീകരത്തിന്‍റെ
മുനയില്‍
കുരുങ്ങിയ വാക്കുകള്‍
പെയ്തുതീരാ
കണ്ണീരോതുന്ന വേദന
ഈ
ജലധാരയില്‍
നീരേറ്റുനിക്കവേ
ഏതോ
നിലവിളി
നെഞ്ചില്‍ കുറുകുന്നു
ഏതോ
കണ്ണീരൊഴുകുന്നു
ഉടലിന്‍റെ നീറ്റത്തില്‍ .
ആരോ
പിടയുന്നുണ്ടെ-
ന്തോ പറയുവാന്‍ .
ആരോ
തുടിക്കുന്നു-
ണ്ടൊന്നു വിളിക്കുവാന്‍ .
നെഞ്ചുകീറി
പുറപ്പെടാനാവാതെ
ഏതോ വിലാപം
ചുഴന്നെടുക്കുന്നെന്നെ.
ഭൂമിതന്‍ അന്തരാളത്തില്‍ കുടുങ്ങിയ
ഏതോ പഴകിയ ജീവിതമായിടാം.
അല്ലെങ്കി,-
ലിന്നിന്‍റെ നോവുകള്‍ ചൊല്ലുവാന്‍
എത്തുന്ന കാറ്റിന്‍റെ നെഞ്ചകമായിടാം.
ചുട്ടുനീറുന്നു,പുളയുന്നു വേദനയെന്നേ
ചുറ്റിച്ചുഴന്നുചുഴന്നു നിന്നീടുന്നു.
എപ്പോഴും ഈ ജലധാരയേക്കുമ്പോഴെന്‍
നെഞ്ചകം വല്ലാതെ കൊട്ടും പെരുമ്പറ.
ആരോ...
ആരോ ഒരാള്‍ നിലവിളിക്കുന്നു-
ണ്ടീ ജലധാരയന്ത്രത്തിനുള്ളില്‍ .
അങ്ങ് വിദൂരത്തിലേതൊ വിടുതിയില്‍
ദുഖചക്രങ്ങള്‍ ചവുട്ടിയീ ജീവിതം
മുട്ടിനില്‍ക്കുന്നൊരു കര്‍ഷകനായിടാം.
അല്ലെങ്കിലിന്നിന്‍റെ ദുഖം മറക്കുവാന്‍
വേദനകോരിക്കുടിച്ചു മടുത്തൊരു
പാഴ്മനസ്സിന്‍റെ പഴന്തുടിയായിടാം.
കൂരിരുള്‍ കുത്തിതറക്കുന്ന കാനന
ജീവിതത്തിന്‍റെ വെളിമ്പ്രെദേശങ്ങളില്‍
സ്വന്തം ജനത്തെ കുരുതി കൊടുത്തിട്ട്
ചില്ലറത്തുട്ടിന്‍റെ മത്തില്‍ കലങ്ങിയ
നെഞ്ചിലുറയുന്ന നൊമ്പരമായിടാം.
ഉന്മത്തരാത്രികള്‍ ,ജാഗരങ്ങള്‍
പനിതുള്ളിയുറയുന്ന കോമരക്കാഴ്ചകള്‍
നഗരപഞ്ജരത്തിന്‍റെ പ്രഭയി-
ലുന്മാദത്തിന്‍ ലഹരിയിലാടുന്ന
യുവതപ്പുളപ്പുകള്‍ ..
ഒരു ജ്വരലഹരിയില്‍ നഗരനൃത്തത്തിന്‍റെ
ചടുലഭാവങ്ങള്‍ മിന്നിമായുന്നുവോ...
അവരുടെയുന്മാദ ലഹരിയില്‍ ഞെരിയുന്ന
തെരുവുകിടാവിന്‍ നേര്‍ത്ത രോദനമായിടാം.
അതുമല്ലയേതൊ
വണിക്കിന്‍റെ കൈകളില്‍
പണയപ്പെടും പ്രിയ
പ്രണയിനിയായിടാം.
ആരോ നിലവിളിക്കുന്നുണ്ടു
-വെപ്പോഴും
ഈ ജലധാര യന്ത്രത്തിനുള്ളില്‍ .
എന്തുമാവാം...
പിന്നെയാരുമാവാം
ഇന്നലെ കമ്പോളവിില്പനക്കെത്തിയ
ശൈശവം മുറ്റുന്ന കാമിനിയായിടാം
ഉച്ചവെയിലിന്‍റെ നീറ്റമകറ്റുവാന്‍
ഇത്തിരി നേരമീ ധാരയിലെത്തുമ്പോള്‍
എന്നും ഈ ജലധാരയില്‍നിന്നെന്നെ
ഏതോ കണ്ണീര്‍ കവര്‍ന്നെടുക്കാറുണ്ട്.
പെട്ടന്നു കാലില്‍ ചുറ്റിപ്പിടിച്ചെന്നെ
അന്ധയൂപങ്ങളിലൂടെ നയിക്കുന്നു.
പിന്നെ ബോധത്തിന്‍ കരയില്‍ പിടയുന്ന
സ്വര്‍ണ്ണമീനായി തിരികെ വിടുന്നെന്നെ.
ഏതോ നിലവിളി ചുറ്റിപ്പിടിച്ചെന്നെ
ഈ അന്ധകാരത്തിലൂടെന്നെയോടിക്കുന്നു.
കത്തുന്ന പ്രാണനെ നെഞ്ചേറ്റി ഞാനെന്‍റെ
നൊമ്പരപ്പാച്ചിലില്‍ എല്ലാം മറക്കുന്നു.
പിന്നൊരു സ്വര്‍ണ്ണമത്സ്യത്തിന്‍ പിടച്ചിലായ്
ഈ മണല്‍ത്തിട്ടില്‍ പിടഞ്ഞു തീരുന്നു ഞാന്‍ .
No comments:
Post a Comment