Monday, May 27, 2019

മറന്നുപോയ്
ഓര്‍ത്തെടുക്കുവാന്‍
നിന്‍റെ നാമം.
നക്ഷത്രങ്ങളില്‍ പതിഞ്ഞ
തിളക്കത്തില്‍
കൈവെള്ളയിലൊരു പൊന്‍നാണയം.
പിന്നെ ആകാശത്തിന്‍റെ കിഴക്കന്‍ ചെരുവില്‍
വീണ്ടുമതുയര്‍ന്നു വരുന്നു.
നിന്നോടെന്നെ
കെട്ടിയിടുന്നതെന്ത്?
മാമ്രേയുടെ തോപ്പിലെ
പൂര്‍വ്വയുദ്ധം.
നീ ആരാവണമെന്നു ഞാന്‍
ഞാനാരാവണമെന്നു നീയും.
അനിശ്ചിതമായ് തുടരുന്നയുദ്ധം
എന്നും ജയിക്കുന്നത് നീ തന്നെ...
ഇതെന്‍റെ വാഴ്വെന്നും നീയറിയുന്നുവല്ലോ.
നിന്‍റെ കരവേല ഞാനെന്നു നീ
എന്‍റെ കരവേല നീയെന്നു ഞാന്‍
പരസ്പരം മാറിപ്പോവുന്ന രണ്ടു സ്ഥാനങ്ങള്‍ ..
നീ ആഞ്ഞടിക്കാനൊരുങ്ങുകയാണ്.
ഇത്ര നാള്‍ യുദ്ധം നീണ്ടതിന്‍റെ അതിശയം എനിക്ക്.
നീ ആഞ്ഞടിക്കാനൊരുങ്ങുകയാണ്
യുദ്ധമുറയിലെ പ്രാചീനതന്ത്രങ്ങള്‍
വന്യമായ് എന്‍റെ മൂര്‍ദ്ധാവില്‍ തന്നെ
അതില്‍ നിന്നും നിനക്ക് പുറത്തുവരാന്‍
നീയെന്‍റെ ചിന്തയല്ല.
എന്നിട്ടും നീയതില്‍ കുടുങ്ങുന്നു.
ഒരു വാല്‍നക്ഷത്രം വെള്ളക്കുള്ളനാവുന്ന പോലെ.
ഒരഗാത ഗര്‍ത്തം
ആകാശമാകുന്നപോലെ.
ഒരു ഗര്‍ഭപാത്രം
വെറും ഉദരമാകുന്നപോലെയും.
ഒരു മൊഴി
പറന്നു പറന്നൊരു ചെടിയും ശലഭവും ആകുന്നപോലെയും
നിന്‍റെ വാക്കില്‍ നിന്നും പിറന്ന ഞാന്‍
നിന്‍റെ തടവറയുമാകുന്നു.
മടങ്ങിവരാനാവാത്ത വിധം
നീ പോയ്പോയൊരു യാത്രയാകുന്നു.
ശരമാരികളില്‍ ജലകണങ്ങള്‍ മുറിഞ്ഞ്
ചോരയിറ്റുന്ന പകലിലൂടെ...
ഒടുങ്ങാത്ത പക്ഷികള്‍
തളര്‍ന്നു വീഴുന്നു.
പിറവിയുടെ ജലത്തിലേക്കെന്നെ
തിരികെയെടുക്കൂ....
ശല്‍ക്കം കൊണ്ടെന്നെ പൊതിയുക.
എന്‍റെ നെഞ്ചിലൂടെ ഒലിച്ചുപോയ വാക്കുകളുടെ
ശാപത്തില് നിന്നുമെന്നെ മോചിപ്പിക്കുക
അവസാനം...
അവസാനം മാത്രം
ഇപ്പോള്‍ നമ്മുക്കീ കളി തുടരാം....

No comments:

Post a Comment