അകലങ്ങളില്‍.....
********************
അലയുകയാണു രണ്ടാത്മാക്കളായിനാം
അകലങ്ങളില്‍ ദൂരദൂരങ്ങളില്‍.
അരികിലാണെങ്കിലും,ചേര്‍ന്നിരിപ്പെങ്കിലും,
അറിയില്ല നീപറയുന്നതൊന്നും.
ഒരുഭാഷയെങ്കിലും,ഒരുമൊഴിയെങ്കിലും
തിരിയില്ല നീ പറയുന്നതൊന്നും.
പറയുവാനായുന്നതുണ്ട് നീയേതോ
പരിചിതമാം പദമോര്‍ത്തെടുക്കേ,
പറയുവാനാവാതെ പോയൊരാവാക്കിന്‍റെ
ദുരിതക്കയത്തിലാണെന്‍റെ പ്രാണന്‍.
എരിയുന്ന ജീവിതത്തുണ്ടില്‍നിന്നിത്തിരി
തിരിതെളിക്കാനെനിക്കാവുമെങ്കില്‍
പകരം പകര്‍ന്നു ഞാന്‍നല്കിയേനേ
നിനക്കിരുള്‍ കടക്കാനൊരു കടത്തുതോണി.
നിയെന്നും ഞാനെന്നുമുള്ള രണ്ടുണ്മകള്‍
തീര്‍ത്ത തടവറക്കണ്ണാടിഫലകത്തിനാല്‍
രണ്ടുലോകങ്ങള്‍ പരസ്പരം തീര്‍ത്തു നാം
തുഴയുകയാണൊന്നടുത്തുചെല്ലാന്‍.
വ്യര്‍ത്ഥം ഉഴറുകയാണൊന്നടുത്തു നില്‍ക്കാന്‍.
അരികിലാണെങ്കിലും,ചേര്‍ന്നിരിപ്പെങ്കിലും
അറിയാതെയേറെയകന്നുപോയ് നാം.
അകലങ്ങളില്‍,ദൂരദൂരങ്ങളില്‍
പണ്ടേ പരസ്പരംവിട്ടുപോന്നോര്‍
തിരികെവരാനേറെമോഹമുണ്ടെങ്കിലും
തിരികെവരാനിനിയാവുകില്ല.
ആഴപ്പെടാനേറെയാശയെന്നാകിലും
ആഴപ്പെടാനിനിയാവുകില്ല.
നമ്മെ പരസ്പരം നാംവിട്ടുപോന്നൊരാ
ദ്വീപും കടലെടുത്തന്യമായി.
ഏകാന്തരായ രണ്ടാത്മാക്കളാമു നാം
താനെ തുഴയുകീ ജന്മമെന്നും.
ഏതോ തുഴക്കാരുപേക്ഷിച്ചുപോയൊരീ
തോണിയും തുഴയും നമുക്കുസ്വന്തം.
ഏറെ തുഴയുവാനാവുകില്ലെങ്കിലും
താനേ തുഴയുകതന്നെ ജന്മം.
ഇനി താനേ തുഴയുകതന്നെ കര്‍മ്മം.
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
അകലങ്ങളിൽ
Subscribe to:
Post Comments (Atom)
No comments:
Post a Comment