Monday, May 27, 2019

തിരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്
????????????
[നമ്മള്‍ അവരെയല്ല
അവര്‍ നമ്മളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഒറ്റകളായ്.......]

ഗ്രാമത്തിന്‍റെ ഇമയനക്കങ്ങളില്‍
കാറ്റ് വിറങ്ങലിച്ച് നില്‍ക്കുന്നു.
ഇലയനങ്ങുന്പോള്‍
ചോരമണം പരക്കുന്നു.
തെരുവിന്‍റെ വിജനതയില്‍ ഇപ്പോള്‍
ഒരുവന്‍ മരണത്തിന്‍റെ ചാപ്പകുത്തി
പുറത്തേക്ക് വലിച്ചെറിയപ്പെട്ടിരിക്കും.
വൃണംകടിച്ചൊടിഞ്ഞ് തൂങ്ങിയ കാലുമായ്,
ഞൊണ്ടിത്തൊങ്ങിയിഴയുവാന്‍ .......
ഇനിയയാള്‍ വിജനവും നിശ്ശബ്ദമാക്കപ്പെട്ടതുമായ
തെരുവിലൂടെ ഇഴയണം.
മുതുകത്തെ ചുവന്ന വട്ടത്തില്‍
ഒരു കത്തി പാളിയിറങ്ങുന്നതുവരെ......
അടയാളപ്പെടുത്തപ്പെട്ട മനുഷ്യന്‍ ,
തെരുവിലൂടെ വലിഞ്ഞിഴയണം.
[മുദ്രയുടെ ഭയം മുഖത്തൊന്നാവഹിക്കുവാനും ആവാതെ...].
വിജനമാക്കപ്പെട്ടതും,നിശ്ശബ്ദവും.
നിശ്ശബ്ദമാക്കപ്പെടലിന്‍റെ ഭാഷാചിഹ്നങ്ങള്‍
തെരുവ് പേറിനില്‍ക്കുന്നു.
പൊടിയും ചൂടും തെരുവിലൂടെ
അയാളെ നഗ്നനാക്കുന്നു.
വാതിലുകളുടെ ഒരുനോട്ടം
ചോരച്ചാല് കണക്കേ
കഴലുകളെ നനച്ച് പടരുന്നു.
അമ്മേയെന്നു വിളിക്കുവാന്‍
അയാള്‍ കൊതിക്കുന്നു.
തണുത്ത ഒരന്ധതയുടെ സ്പര്‍ശം
ഇരുന്പ്തുണ്ട് കണക്കേ തുളയുന്നു.
തെരുവിന്‍റെ ചതുരത്തിലേക്ക്
താനെ നയിക്കപ്പെടുന്നു.
വിജനതയിലെ ജന്തുവിന്‍റെ ദംഷ്ട്രയിലേക്ക്
കയറിച്ചെല്ലുന്നു.
വേദന
ഒരു ചുവന്ന വട്ടമായ്
ഉടലാകെ വിഴുങ്ങുന്നു.
മൃഗം ശാന്തനാവുന്നു.
ഇനി അഞ്ച് വര്‍ഷം
മൃഗത്തിന്‍റെ ഭരണമാണ്.
അയാള്‍ ചണ്ടിയായ്
ഗണിക്കപ്പെടുന്നു..
ചരിത്രത്തിന്‍റെ ചണ്ടി....

No comments:

Post a Comment