Monday, May 27, 2019

പക്ഷിമണം

പക്ഷിമണം
,,,,,,,,,,,,,,,,,,,,,,,,
കോഴിക്കോട് - 2018...
പാഠം .1
നഗരത്തിന്
ചാരു ബഞ്ചുകൾ തുടങ്ങി
വഴിയോര
ചെട്ടിച്ചിചെടികൾ വരെ
ഒരേമണം.
ഒരേ കരച്ചിൽ .
നഗരത്തൈയ്യത്തിന്റെ
മുതുകിലും
കൂനൻ പ്രതിമയുടെ ഉള്ളിലും
ആ മണവും
ആ കരച്ചിലും
കൂടി കലർന്ന്
കുഴഞ്ഞുമറിഞ്ഞ്
വെള്ളിനൂലുകൾ പോലെ
അടി പായുന്നു.
പക്ഷിമണം
ഉച്ചിയിൽ പൂക്കുന്ന
കരിമരത്തിന്റെ
കരിം പച്ചയിൽ
കുടു്കൂട്ടുന്നു.
ഇല കൊഴിഞ്ഞ
നഗ്നശിഖകളിലാളുന്ന
വെയിൽ ചൂടിന് മേൽ
ഉഷ്ണരാത്രികളുടെ
തീയുടലിനു മേൽ
ജലപക്ഷികൾ
ചിറകു കുടഞ്ഞു്
കൂടൊരുക്കുന്നു.
തണുത്ത ജലത്തിന്റെയും
പക്ഷി മണമുള്ള
വെളുത്ത കാട്ടത്തിന്റെയും
നനവുള്ള പുതപ്പുകൊണ്ടു്
ഉടലുമൂടുന്നു.
നഗരം
പക്ഷി മണത്തിൽ പുതഞ്ഞു്
നനഞ്ഞുറങ്ങുന്നു.
ന ഗ ര സ ത്വത്തിന്റെ
ഉറക്കച്ചില്ലകളിൽ
സ്വസ്ഥതയുടെ
സുഷുപ്തിയുടെ
നേരിയപാട മൂടുന്നു.
നഗരം
നനഞ്ഞുറങ്ങുന്നു .
നഗരം
സുഖദ സ്വപ്നങ്ങളിൽ
കൂട് കെട്ടുന്നു.
പാഠം 2
,,,,,,,,,,,,,,,,,
നഗരത്തെരുവുകളിൽ
കുട്ടികൾ കളിച്ചു പുളയ്ക്കുന്ന
ഒരു ഉഷ്ണ രാത്രിയുടെ
പാതിമയക്കത്തിൽ
നഗര രക്ഷകന്റെ ശിരസ്സിൽ
പക്ഷിക്കാട്ടത്തിന്റെ
വെളുത്ത പാട
തെളിഞ്ഞു വരുന്നു.
നഗരരാത്രിയുടെ
മേലാപ്പിനു മേൽ
പക്ഷിക്കലവികൾ ,
ചിറകടിയൊച്ചകൾ.
പക്ഷിക്കാട്ടത്തിന്റെ
വെളുത്ത പാട
മുഖത്തുകൂടൊഴുകി
കാഴ്ചകളിലൂടിഴഞ്ഞു്
കണ്ണുകളിലൂറി
നിർമ്മലമായ ശിരസ്സിലും
കുഞ്ഞിപ്പാൽ പുഞ്ചിരിയിലും
തഴുകി
അത് സ്വസ്ഥമായിറങ്ങുന്നു.
നഗരപിതാവു്
തന്റെ തകർന്ന കണ്ണടച്ചില്ലിലൂടെ
മാരിവില്ലാഴുകി പോകുന്ന
മായിക സ്വപ്നങ്ങൾ കാണുന്നു.
പാൽ പുഞ്ചിരി കൊണ്ട്
അതിനെയെതിരേൽക്കുന്നു .

പാഠം 3
,,....,,,,,,
നനുത്ത രാത്രികളുടെ
തണുത്ത നിശ്ശബ്ദതയിൽ
നഗരത്തിന്റെ വളർത്തു സർപ്പം
ചില്ലകൾക്ക് തീയിടുന്നു.
കൊതിപൂണ്ട ചോരച്ചുണ്ട് കൊണ്ട്
പക്ഷി മുട്ടകളുടെ നീല നിറം
കൊത്തിയുടയ്ക്കുന്നു.
വൃക്ഷങ്ങളുടെ വേരിന്
കോടാലിവെയ്ക്കപ്പെട്ടുകഴിഞ്ഞുവെന്ന്
വിളിച്ചു പറയുന്നവന്റെ സ്വരം
നഗരമധ്യത്തിലുയരുന്നു.
ആർത്തലയ്ക്കുന്നു
ചില്ലകൾ
നഗരമൊരു പക്ഷിക്കരച്ചിലായ്
പിടഞ്ഞുനുറുങ്ങുന്നു.
ഉടഞ്ഞ പക്ഷിമുട്ടകളിലേക്ക്
ചില്ലതകർന്ന കൂടുകളിലേക്ക്
നുഴഞ്ഞു കേറി
ചുരുണ്ടുകൂടുന്നൂ
ന ഗ ര സർപ്പം.
കരച്ചിൽ
പിളർത്തിയ
കുഞ്ഞിച്ചുണ്ടുകൾ
ചിതറിയ മാംസത്തുണ്ടുകൾ
പക്ഷിമുട്ടയുടെ
തൊണ്ടുപൊട്ടിയ
നീലനിറം.
പെണ്ണൊരാൾ
ഉടലിനു തീ പിടിച്ച്
തെരുവിലേക്കെറിയപ്പെടുന്നു.

പാഠം 4
,,,',,,,,,,,,,,,,,,
നഗരം
ഒരു മെഴുകു പ്രതിമ കണക്കേ
ഉരുകിയൊലിക്കുന്നു.
നഗര ശില്പങ്ങളുടെ
എടുപ്പുകളുടെ മേല്ക്കൂരകൾ
ഉരുകിയിറങ്ങുന്നു.
യന്ത്രവാർപ്പുകൾ
ഒലിച്ചിറങ്ങുന്നു.
നഗരമധ്യത്തിലേക്ക്
ഇഴഞ്ഞും വലിഞ്ഞും
ഒരു പുഴ
ഒഴുകിയെത്തുന്നു.
നഗരത്തിന്റെ
ചപ്പു കൂനയിൽ നിന്നും
ഒരു ശിശു ജഢത്തെ
അവൾ കടന്നെടുക്കുന്നു.
അഴുകിയ ജഡത്തിനെ
കയ്യുകളാൽ തൂക്കി
അവൾ
നിവർന്നു നില്ക്കുന്നു.
ജഡത്തിന്റെ അഴുകിയ കണ്ണുകൾ
ചുരന്നെടുക്കുന്നു.
അവ
തൻെറ ശൂന്യമായ നേത്ര ഗഹ്വരത്തിൽ
ഉറപ്പിച്ചു വെയ്ക്കുന്നു.
മഞ്ഞനിറം കൊണ്ട്
നഗരം കീറി പോകുന്നു.
നഗര മേലാപ്പുകൾ
അടർന്നു വീഴുന്നു.
പക്ഷികളുടെയും
കുഞ്ഞുങ്ങളുടെയും
ജഡ മുതിർന്നു കിടക്കുന്ന
മണ്ണിലൂടെ
നഗരം ഉരുകിയൊലിച്ച്
കടലിലേക്കൊഴുകി പോകുന്നു.

No comments:

Post a Comment