Monday, May 27, 2019

മണൽ പാമ്പുകൾ

മണൽ പാമ്പുകൾ
ഽഽഽഽഽഽഽഽഽഽഽഽഽഽഽഽഽഽ
ആ ഗ്രാമത്തിൻറ്റെ
ഒരു മണൽത്തരി
ഞാൻ വിഴുങ്ങിയിട്ടുണ്ട്.
ആ മണൽത്തരി
ഉള്ളിൽ കിളുത്ത് കിളുത്ത്
കിളികളുടെ
കൂടായി മാറുന്നു.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
ആ മണൽത്തരി
ഉള്ളിലിരുന്ന് പൊരിഞ്ഞുപൊരിഞ്ഞ്
മണൽക്കാറ്റായൂതുന്നു.
എന്നെ ഉറങ്ങാനും ഉണ്ണാനുമനുവദിക്കാതെ
ഉള്ളിലിരുന്നു
ഞെരിപിരികൊള്ളുന്നു.
×××÷÷÷÷××××÷××÷÷÷÷÷÷÷÷÷÷××××
ഒരു മണൽത്തരിയാണ്
പണ്ടു നമ്മൾ തുഴഞ്ഞ ഓടങ്ങൾ.
ഒഴുകിയൊഴുകി
നമ്മൾ പോയ കായൽത്തുരുത്തുകൾ.
അക്കരെകൾ;മണൽപ്പറ്റങ്ങൾ;
പുലരുവോളം നമ്മെ കാതാട്ടിവിളിച്ചിരുന്ന
കൈതോലക്കാവുകൾ
കൈതപ്പൂമണം
എള്ളെണ്ണപോലെ പരന്നൊഴുകിയ
നിൻറ്റെ ശുദ്ധിയുള്ള നോട്ടം.
%%%%%%%%%%%%%%%%%%%%%%%%%%
ഒരു മണൽത്തരിയാണ്
ഇന്നെന്നെയുറങ്ങാൻ വിടാതെ
ചിന്തയുടെ കാറ്റൂതി വിടുന്ന
മണൽപ്പാമ്പുകൾ.
$$$$$$$$$$$$$$$
യാത്രകൾ
മണലിറമ്പുകളിലൂടെ
നാടുവിട്ടുപോയ
മറ്റൊരു മണൽത്തരി..
നിന്നോടുതന്നെ കലഹിച്ച്
വീടിറങ്ങിപോയ പെൺകുട്ടി.
&&&&&&&&&&&&&&&&&&&&&&&&&
കാത്തിരിപ്പിൻറ്റെ നീണ്ട നാല്പത് വർഷം
വ്യഥകളാലാകുലമാകുന്നൂ മാനസം.
ഒരു മണൽത്തരിയാണ്;
ഗ്രാമത്തെ പൊടിക്കാറ്റിൽ മുക്കി
കടന്നുപോകുന്ന ഈ വേനൽ.
ഉള്ളിലിരുന്ന്
ഞെരിയുന്ന പ്രണയം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ആരു വിതച്ച വിത്താണിത്.
ഉള്ളിലാകെ അലിവിൻറ്റെ തരികൾ.
ഉടലാകെ ജലദമാം പോളകൾ.
ഒരു പെരുങ്കാലൻ കോഴിയെൻറ്റെ
മണൽ മരത്തിൻ കൊമ്പിലിരുന്ന് കൂവുന്നു.
==%====================÷÷÷÷÷÷÷÷÷÷÷÷÷
ആരുടെയോർമ്മയാണ്
നഷ്ടപ്പെട്ടെന്ന് നാം കരുതുന്ന
ഏതോ ഒന്നിൻറ്റെ ശവവും പേറി
എന്നും തൊടിയിൽ കാത്ത് നിൽക്കുന്നത്.
ഭൂത കാലത്തെയാരോ
മകുടിയൂതിയുണർത്തുന്നു.
ഉടലിൻറ്റെ വെക്കയിൽ മഴപ്പൊട്ടുകൾ
മണൽഗന്ധമായ് പരക്കുന്നു.
*******************************************
ഈ വേനൽ മഴ
ഒരു കിനാവ് മാത്രം.
കിനാവിലൂടെ
മഴയിലേക്കിറങ്ങിപോകുന്നു
ഭൂതകാലം
ബാധപോലെന്നും കൂടെവന്ന
ബാല്യം കൗമാരം യൗവ്വനം.
ഉടലിൽ തളിർക്കുന്നൂ
വസന്തംപോലെ ജരാനര.
ഒരു മണൽക്കട്ട
ഉടയന്നൂ തിരുനെറ്റിയിൽ.
))))))))))))))))))))((((((((((((((((((((

No comments:

Post a Comment