Monday, May 27, 2019

കറുത്ത നാഗങ്ങൾ

കറുത്ത നാഗങ്ങള്‍
??????????????
തെരുവ്കൂത്തുകാര്‍ മാറാപ്പിനുള്ളിലെ
ദുരിതസഞ്ചയം കെട്ടിമുറുക്കുന്നു.
ഇരുളടഞ്ഞൊരീ തെരുവ്മൂലയില്‍
ഒരുനിലവിളി ഞെരിഞ്ഞമരുന്നു.
പതിവ്ദു:ഖങ്ങള്‍ പാടിത്തളര്‍ന്നൊരു
പഥികനും മിഴിപൂട്ടിയുറക്കമായ്.
തെരുവിനെ ഒരു മൂകതകൊണ്ടാരോ
ഇരുളുകമ്പളമെന്നപോല്‍ മൂടുന്നു.
ഒരു ജനാലതന്‍ പൊട്ടിയകണ്ണുകള്‍
മിഴിവെളിച്ചം കെടുത്തിയുറക്കമായ്.
ഫണമടക്കിയൊരു സര്‍പ്പംകണക്കിനെ
പതിവ് കാഴ്ചകള്‍ ചുരുണ്ടുകൂടുന്നു.
ഇരവിനാഴത്തിലെവിടെയോ നി-
ന്നൊരു നിലാപ്പക്ഷി നീട്ടികരയുന്നു.
പതിവ്തെറ്റിയ രാത്രിവണ്ടി
ഇരുള്‍മരത്തെയുലച്ചു കടന്നുപോയ്.
തെരുവിനേകാന്ത ദുരിതമാത്രകള്‍
ഒരുവിഷക്കുപ്പി നിറയെ ജീവിതം.
ഒരു നിമിഷത്തിന്‍ സുഖദമോര്‍മ്മയെ
ഒരുജന്മം നീളും കയ്പുനീര്‍ മൂടുന്നു.
ചുവരുകള്‍ക്കുള്ളില്‍ പിടയുവാന്‍മാത്രം
വിടുതിതേടുന്ന ജീവിതംനമ്മളാം....
പകലിനധ്വാനവ്യഥയകറ്റുവാന്‍
കുടിച്ചകണ്ണീരിന്‍ വിഷംതികട്ടുന്നു.
ഒരു നിലവിളി ദൈവമേയെന്ന്
ഇടറിതൊണ്ടയിലെത്തി മരിക്കുന്നു.
വ്യഥകളൂതും അടുപ്പിന്‍റെ ജീവിതം
അരികില്‍ ചത്തുമലച്ചു കിടക്കുന്നു.
അഴലുകള്‍ വാരിപുണരുമ്പോള്‍
തമ്മില്‍ പിണയുന്നു നമ്മള്‍
കറുത്ത നാഗങ്ങള്‍ .
പകയുടെ വിഷധമനികള്‍ ഞെക്കി
പരസ്പരം കൊത്തിയൊടുങ്ങുന്നൂ നമ്മള്‍ .
ഒരു തളര്‍ച്ചയില്‍ പിണഞ്ഞകലുമ്പോള്‍
അറിയുന്നൂ തമ്മില്‍വെറുക്കുന്നൂ നമ്മള്‍ .
ഉടലിന്‍ സ്നിഗ്ദ്ധത,വടിവുകള്‍
സര്‍പ്പചലനത്തിനുള്ളില്‍ പിടയും മൂര്‍ച്ഛകള്‍
ഒരു മിന്നല്‍പിണര്‍ കണക്കിനെ
ഉള്ളിനെ പിളര്‍ന്നുപോകുന്ന ഒടുക്കങ്ങള്‍
എല്ലാം സ്മരണകള്‍ മാത്രം
ഉറക്കമില്ലാത്ത കിനാവുകള്‍ മാത്രം....

No comments:

Post a Comment