Monday, May 27, 2019

ശ്യാമ

ശ്യാമ
--------
കാരിരുമ്പിന്‍ കരുത്തുള്ള ശ്യാമ
കൂരിരുട്ടിന്‍ ഇരുട്ടുള്ള ശ്യാമ
കണ്ണിലാദ്രസ്മിതമുള്ള ശ്യാമ
ഉള്ളിലഗ്നിത്തഴമ്പുള്ള ശ്യാമ.
ശ്യാമ,-രാക്കിളിപ്പറ്റങ്ങളൊപ്പം
കൂരിരുട്ടിലൊളിക്കുന്ന ശ്യാമ.
വേട്ടുവന്മാര്‍ വിലക്കുന്ന ജീവിത
തഥ്യകളില്‍ ചരിക്കുന്ന ശ്യാമ.
മുള്‍പ്പടര്‍പ്പുകള്‍ മേനിയിലാകെ
ചുറ്റിവാരിമുറുക്കുന്ന ശ്യാമ.
ചെമ്പനൊച്ചയില്‍ ജീവിതതഥ്യകള്‍
കാര്‍ക്കശ്യത്തോടുരയ്ക്കുന്ന ശ്യാമ.
നീണ്ടുനീറുന്നോരോര്‍മ്മപോല്‍ജീവിതം
വിണ്ടുകീറിനിലവിളിക്കുന്നു.
പെണ്‍മറുകിന്‍റെ പൊട്ടലിലൂടെ
ചൂടുലാവയായൊഴുകുന്നുപിന്നെ.
ഉടലിലാകെ പടരുന്നനീറലില്‍
ചോരയൂറിപ്പിടയുന്നു ശ്യാമ.
നെറുകകീറിപിളര്‍ക്കുന്നചാലില്‍
രുദിരകുങ്കുമം ചേര്‍ത്തരയ്ക്കുന്നു.
കണ്ണിലഗ്നിപടര്‍ത്തുന്ന ശ്യാമ.
ഉള്ളിലെത്തീകെടുത്തുന്ന ശ്യാമ.
കെട്ടുപോയപകലുകണക്കവള്‍
വെട്ടമില്ലാതിരുന്നുപോകുന്നു.
ചുട്ടികുത്തിവരുന്നുണ്ട് രാത്രികള്‍
തീമറുതയും കൂട്ടരും തുള്ളുവാന്‍
ചുട്ടുപൊള്ളുന്ന ഉടലിന്‍റെ വേനലില്‍
കാട്ടുതീപോല്‍ പടരുന്നു ശ്യാമ.
രാവിളക്കുകള്‍കെട്ട തെരുവിന്‍റെ
കൂരിരുട്ടിലിരിക്കുന്നു ശ്യാമ.
കത്തിനില്‍ക്കുമിരുട്ടുപോല്‍ ശ്യാമ.
വെട്ടിവീഴ്ത്തും വിളക്കുപോല്‍ ശ്യാമ.
ശ്യാമ .-രാത്രിയാണീപകല്‍ ജീവിതം
കെട്ടിയാടിയൊടുങ്ങുന്ന രാത്രി.
ശ്യാമ സ്വപ്നമാണെപ്പോഴും ജീവിതം
വെച്ചുനീട്ടുന്ന മോഹക്കനവ്.
ശ്യാമ പാറമേല്‍കൊത്തിപടര്‍ത്തിയ
പെണ്ണുടലിന്‍റെ സ്നിഗ്ദ സംഗീതമാം.
മുടിയഴിച്ചു വിടര്‍ത്തിയുലഞ്ഞവള്‍
തുടവിടര്‍ത്തിയിരിക്കുന്ന യക്ഷി.
ശ്യാമ,പച്ചപടര്‍പ്പുകള്‍തോറും
ഇലഞരമ്പുകള്‍ തേടിയെത്തുന്നു.
കരികണക്കെയമറുന്നു ശ്യാമ
പുലികണക്കെ മുരളുന്നു ശ്യാമ.
പകലുമായുന്ന സൂര്യത്തിടമ്പ്
മുടിയിലേറ്റി മറയുന്നു ശ്യാമ.
പകലുമന്തിയും ചേരുന്നദിക്കില്‍
പുലികണക്കേയിരിക്കുന്നു ശ്യാമ.
പകലുപോക്കുവാന്‍ കാലംകഴിഞ്ഞു.
ഇരുളുതീര്‍ക്കുവാനീണവും തീര്‍ന്നു.
ഉടലിനീണം പകര്‍ത്തുവാനായി
ഇരുളുകീറിമുറിക്കുന്നു ശ്യാമ.
ശ്യാമ രാത്രിയാം,രാത്രിതന്‍ ധാത്രിയാം.
ഇരുളുപോക്കുവാനീണം പകര്‍ത്തുവാന്‍
ഉടലുകൊണ്ടവള്‍ തീര്‍ക്കുന്നു കാലം.
ഉടലുകൊണ്ടവള്‍തേടുന്നു കാലം....

No comments:

Post a Comment