Monday, May 27, 2019

മഴ പെയ്യുന്നുണ്ടോ?

മഴ പെയ്യുന്നുണ്ടോ? നിങ്ങടെ നാട്ടിൽ
മഴ പെയ്യുന്നുണ്ട് കറുത്ത മഴ
കനൽചെയ്യുമ്പോൽ ഉടലിൽ ഉയിരിൽ
കനത്തു പെയ്യുന്നുണ്ടു് തണുപ്പും നനുപ്പും
കുളിരും പണ്ടേയെങ്ങോ പോയി മറഞ്ഞൊരു കുത്തിച്ചി മഴ ,,,,
നിങ്ങടെയല്ല
എന്നുടെയല്ല
നാട്ടു പുരാണം പാടെ മറന്നു
നാട്ടിടവഴികൾ
പാടെ മറന്നു
പിന്നേതൊക്കെ തൊടികളിറങ്ങി
ചെത്തം വിട്ടൊരു പെണ്ണു കണക്കേ
നഗര തെരുവുകൾ തെണ്ടി നടന്നു
മെലിഞ്ഞു കുഴഞ്ഞു
കുണ്ടുകളായൊരു കണ്ണും കവിളും
ഒട്ടിയവയറും കൂമ്പിയ നെഞ്ചും
നിത്യദരിത്രം കാട്ടിടാനാ
യെത്തിയ തെണ്ടി പശുവോ ഇവളും.
ഇത്തിരി നേരമിരുന്നില്ലെന്നുടെ
ഓർമ്മ മുറുക്കി തുപ്പീലി
ത്തിരി പയ്യാരങ്ങൾ പറഞ്ഞില്ലവളും
കണ്ടതു പാടെ ചാരേ ചേർന്നി
ട്ടിത്തി ദൂരം വന്നില്ലവളും
നാട്ടു വെളിച്ചം മറയും വളവിൽ
ഒട്ടുതിരിഞ്ഞിട നിന്നില്ലവളും
പണ്ടു കൊടുത്തൊരു പാദസരത്തിൻ
ഝിലുഝിലു നാദം കേൾപ്പിച്ചില്ല.
പതിയെ പിന്നിൽ പദമൂന്നാതെൻ
ചൊടികളിലങ്ങനെ ചുംബിച്ചില്ല
വെറുതേ എന്നുടെ പടിയും തൊടിയും
പാടവരമ്പും പച്ചപ്പുല്ലും
ഒട്ടു നനച്ചെന്നോടി വരുത്തി
എങ്ങോട്ടോടി പോകുന്നെടി നീ
പെയ്യുക ഇവിടെത്തന്നേ പെയ്യുക
നീയിനി
നെഞ്ചു തണുക്കട്ടിത്തിരി നേരം
ഉള്ളു കുളിർക്കട്ടിത്തിരി നേരം
ഒത്തിരി നാളുകൾ തീയും പുകയും
തിന്നു കരിഞ്ഞൊരു നെഞ്ചാണല്ലോ.
കാത്തു മടുത്തൊരു നെഞ്ചാണല്ലോ?
പെയ്യുക ഇവിടത്തന്നേ പെയ്യുക.......

No comments:

Post a Comment