Monday, May 27, 2019

ശീർഷകമില്ല

നീ തന്നെയോയിത് ?
നിന്നെത്തന്നെയോ കാണുന്നുഞാന്‍ .
പ്രിയരൂപനേ,എത്രമേല്‍
മാറിപ്പോയിരിക്കുന്നു നീ.

ചെഹരത്തിലിളം പൂവ്പോല്‍
വിരിയുന്ന മൃദുപുഞ്ചിരി,
പിന്നെ ലോലലോലമാ
യുതിരുന്ന വാക്കുകള്‍ .
ഉയിരിനെ തണുപ്പിക്കും
കോമളമാം രൂപവും
ഒക്കെയും മാറിപ്പോയി.
ഇന്നു ഞാനന്തിക്കുന്നു,നീതന്നെയോ
വന്നിരിക്കുന്നൂ മുന്നില്‍ .

പണ്ടു നീവരുമ്പോളെന്‍
ഹൃദയത്തിലാനന്ദത്തിന്‍
ഒരുകടലേറ്റം കൊണ്ടു
ഞാനുണര്‍ന്നുലയുന്നു.
നിന്‍റെ കാറ്റേക്കുമ്പോളെന്‍
വാടിയില്‍ കരിയുന്ന
പൂവുകള്‍ തിടംവെച്ചു
തൂമണം പൊഴിക്കുന്നു.
നിന്‍ പദന്യാസത്തിന്‍
കോമളസ്മരണയെന്‍
താപങ്ങളകറ്റിയെന്‍
ഉള്ളിനെ പൊതിയുന്നു.
കോമളമാം നിന്‍ നീല
നിറത്തില്‍ പൊതിയവേ
എന്‍റെയുള്‍പ്പിടപ്പിന്‍റെ
താളഭംഗങ്ങളകന്നുപോയ്.
വാക്കുകള്‍ വേണ്ടാ നിന
-ക്കെന്നുമെന്‍ അകത്തിന്‍റെ
ക്ഷുപ്തമാം കടലിനെ
ശാന്തമായ് ചമയ്ക്കുവാന്‍ .

എന്നിട്ടു,"മെന്തിത്ര
വൈകുവാ"നെന്നുള്ളയെന്‍
കൊച്ചുവാക്കിനുപോലും
നീയെത്രയുലഞ്ഞുപോയ്.
നിന്‍മുഖത്തില്ലായിപ്പോള്‍
ആനന്ദമണയ്ക്കുന്ന ദീപ്തഭാവങ്ങള്‍തെല്ലും.
നിന്‍മുഖത്തില്ലാ പുഞ്ചിരി വിരിക്കുന്ന
നറുമുല്ലമൊട്ടുകള്‍ തെല്ലും.
ഇല്ല നീ വരുമ്പോഴീ വാസരംനിറയുന്ന
ജീവതേജസ്സുമിപ്പോള്‍ .

നീയൊരുവിഷാദത്തിന്‍
നേര്‍ത്തോരു നീലജ്വാല.....
അല്ലല്ല നീ കാലുഷ്യത്തിന്‍
ചണ്ഡമാം പെരുംകാറ്റ്.

ഇപ്പോള്‍ നീവരുമ്പോളെന്‍
ഉടലിന്‍ വാതയാനങ്ങളുടന്‍
കൊട്ടി ഞാനടയ്ക്കുന്നു.
നീയിറങ്ങിപോകുമ്പോള്‍
തീക്കാറ്റ്പോയപോലെ.

എന്നകം പൊള്ളുന്നുണ്ട്
എന്നകം നീറുന്നുണ്ട്
കരിഞ്ഞ പൂവുകള്‍പോലെ
വേവുകയാണെന്‍ ജീവന്‍ .
ഉപ്പുകാറ്റേല്‍ക്കുമ്പോലെ
നിന്‍റെ സാമിപ്യത്തിലെന്‍
ഉടലിന്‍ മുറിവുകള്‍
ഉണര്‍ന്നു കരയുന്നു.

വേദനിപ്പിക്കുവാന്‍ മാത്രം
അതേ വേദനിപ്പിക്കുവാന്‍ മാത്ര
-മാണ് നീ വരുന്നിപ്പോള്‍
"വേദനിപ്പതേ സുഖം"
എന്നുനീ ചെല്ലുന്നിപ്പോള്‍ .

No comments:

Post a Comment