Monday, May 27, 2019

ജെല്ലിക്കെട്ട്

ജെല്ലിക്കെട്ട്
^^^^^^^^^^^^
ഭിത്തിമേലൊരു കാളത്തലപൊട്ടിച്ചിരിക്കുന്നു.
അതിന്‍റെ വളര്‍കൊമ്പില്‍ നിന്‍ ഹൃദയം കൊരുക്കുക.
ഇറ്റിറ്റുവീഴും മണിമുത്തുപോല്‍ ചുടചോര
അതിന്‍റെ ചുവട്ടില്‍ നീ മലര്‍ന്നു കിടക്കുന്നു.
ശവദാഹശയനത്തിനൊരുങ്ങി കിടക്കുന്നു.
ഘടികാരമിരൊണ്ടൊരു ലോഹത്തുണ്ടിനാല്‍മുട്ടി
അത്യുച്ചം മരണത്തിന്‍ വായ്ത്താരിമുഴക്കുന്നു.
ഒരു നീലപ്പട്ടുകൊണ്ടുടല്‍ നീ പൊതിയുന്നു.
നിന്നിലെ മൃഗത്തിന്‍റെ ചര്‍മ്മം നീ മറയ്ക്കുന്നു.
പിന്നിലോ,കിനാവിന്‍റെ വാതില്‍തുറന്നകത്തേക്ക്
ഖിന്നരൂപികളായ ആത്മാക്കളിറങ്ങുന്നു.
മൂകരായവര്‍ ചുറ്റി നടക്കുന്നകായിയില്‍
ആംഗ്യങ്ങളിളക്കി ,കാറ്റിനൊത്തവര്‍ ചരിക്കുന്നു.
നിന്‍റെ പോരാട്ടത്തിന്‍ കാളപ്പോര്‍മണം പിടി-
ച്ചെത്തുന്നു മുറിക്കുള്ളില്‍ ഭിന്നദേശീയര്‍ ,ജിപ്സികള്‍ ,പഥികന്മാര്‍ .
അലറിച്ചിരിക്കുന്നുണ്ടകലെ പാറകള്‍ തകര്‍ക്കുന്ന
കൂടവുമായിട്ടൊരാള്‍ ഭ്രാന്തമാം ആവേഗത്തില്‍ .
വന്നകപ്പെട്ടുപോയ സത്രവാതിലില്‍ തട്ടി
നിന്നുപോയിവരുടെ ജീവിതപ്രയാണവും.
ഇത്തിരിചോരതുപ്പി പെട്ടുപോകുന്നതിന്‍മുന്നേ
അക്രമിക്കേണമെന്‍റെ ജീവന്‍റെ അതിരുകള്‍ .
കൂറ്റനാം കാളേ വരൂ.....
നിന്‍മുരുക്കെല്ലില്‍ കോര്‍ത്ത കൈകൊണ്ടു
ഞാന്‍ കടക്കട്ടെ മടുപ്പിന്നതിരുകള്‍ ...
നിന്‍വളര്‍കൊമ്പിന്‍ തുളവീണനെഞ്ചകം കൊണ്ട്
തുറന്നുവെക്കട്ടേ
ഞാനെന്‍ അടഞ്ഞോരധ്യായത്തെ.

No comments:

Post a Comment