Monday, May 27, 2019

ശീർഷകമില്ലാത്ത കവിത

കണക്കു് മനസ്സിലാവാത്ത കുട്ടിയാണു് ഞാന്‍ .
അക്കങ്ങള്‍ വെട്ടിവെട്ടി മരിച്ചുകൊണ്ടിരിക്കുന്ന നാട്ടിലെ
എണ്ണങ്ങള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന നാട്ടിലെ,
കണക്കെനിക്കൊരിക്കലും വെളിപ്പെടുന്നേയില്ല.
ഒന്നും ഒന്നും കൂട്ടിയാല്‍ ഏഴും എഴുപതും ആകുന്ന
ചരിത്രപ്പെരുക്കങ്ങള്‍ .
ഉള്ളിലേക്കൊമ്പതുപോയ്,പുറത്തേക്കൊന്നും വരാത്ത
ജീവിതദുരന്തങ്ങള്‍ .
വാഴിന്‍റെയും വാഴ്ച്ചയുടെയും ക്രൂരനീയമങ്ങള്‍ .
ഇണഞ്ഞും പിരിഞ്ഞും നീണ്ടുപോകുന്ന
പെരിയചരിതത്തിന്‍റെ പെരുമ്പാമ്പു്.
കാട്ടിലൂടെ സഞ്ചരിച്ചുസഞ്ചരിച്ചൊടുവില്‍
നാട്ടിലെത്തിവെട്ടപ്പെടുമ്പോള്‍
എലുമ്പുകളുറുമ്പരിച്ചെലുമ്പിപോയ
വനവാസിപുരാണങ്ങള്‍ .
ചിന്തേരിട്ടു് ചിന്തേരിട്ടു് തേമ്പിത്തൊലഞ്ഞു്പോയ
അസ്ഥിയുടെ വെളുമ്പുകള്‍ .
വെളിയിലേക്കെറിയപ്പെട്ടനിന്‍റെ
വെളുത്തപാവക്കുട്ടിയെ
ഒക്കത്തിരുത്തിക്കരയുകയാണു് ഞാന്‍ .
ടെഡിബിയറുകളുടെയും ബാര്‍ബികളുടെയും
ഈ ലോകത്ത്,
വെളിയിലേക്കെറിയപ്പെട്ട
മുഷിഞ്ഞുകറുത്ത പാവയാണു് ഞാന്‍ .
കരിപുരണ്ട് കരിപുരണ്ടു്
ജീവിതംകൊണ്ടു് കറുത്തുപോയ പാവ.
എന്നെസ്പര്‍ശിക്കുമ്പോള്‍
ഉടലാകെ അരിച്ചുകയറുന്ന
തണുത്ത ഒരുതണുപ്പു്
നീ അതനുഭവിക്കുന്നില്ലേ?
എന്നേ മരിച്ചുപോയ ഒരുപാവയാണു് ഞാന്‍ .

No comments:

Post a Comment