Monday, May 27, 2019

ഉച്ചനേരം കൊടുംവെയില്‍ച്ചൂടില്‍
ഒരുത്ത,-നീടാറിന്‍കറുത്തപാതയില്‍
തനിച്ചിരുന്നെന്തോ കുത്തിക്കുറിക്കയാ-
ണല്ലല്ല,- കുത്തിപൊളിക്കയാം വഴി.
ഉടലുപൊള്ളിക്കും ചൂടിന്‍മരീചിക
അവന്‍റെചുറ്റിലും കനത്ത്കൂടുന്നു.
വെളുത്തകണ്ണാടിഗോളത്തിനകത്തിരിപ്പതായ്
പുറത്തുനില്പവര്‍ അവനെ കാണുന്നൂ.
ഉടുതുണിയെല്ലാം പറിച്ചെറിഞ്ഞവന്‍
ഉടലു് മുക്തിക്കായ് തുറന്നുവെക്കുന്നൂ....
കറുത്തപാതയെ പൊളിച്ചടുക്കുവാന്‍
ഉടല്‍ കറുത്തവന്‍ തനിച്ചിരിക്കുന്നു.
അവനുടല്‍നീളം ഉയര്‍ന്നുനില്ക്കുന്നു,
കറുത്തപാതതന്‍ വരണ്ടോരസ്തിയെ
വലിച്ചെടുത്തവന്‍ പുറത്തെറിയുന്നൂ.
അവന്‍റെ കാലിന്‍റെ പെരുവിരല്‍കൊണ്ട്
കറുത്തപാതയെ തെറുത്തെടുക്കുന്നു.
കറുത്തപാതതന്‍ ശവംചുമന്നവന്‍
പുറത്തേപൊന്തതന്‍ ഇരുട്ടിലാഴുന്നു.
തിരിഞ്ഞുനോക്കാതെ കടന്നുപൊക്കോളിന്‍ ...
വഴികളൊക്കേയും വഴിയല്ലാതായി
പുഴകളൊക്കേയും പുഴയല്ലാതായി
ഉലകമാകെയും തീപിടിക്കുമ്പോള്‍
കണ്ടതൊക്കെയും കാണാതാവുന്നു.
തൊട്ടുവെച്ചോരീ ഉടല്മിനുപ്പിനെ
ഞെട്ടറുത്താരോ ഇറുത്തെടുക്കുന്നു.
തിരിഞ്ഞുനോക്കാതെ കടന്നുപൊക്കോളിന്‍
ഉടലു തീപിടിച്ചുരുകി മാഴുമ്പോള്‍
വ്യഥിതരൂപങ്ങളലറിയെത്തുന്നു.
ഉറഞ്ഞുതുള്ളുന്നു,കൂളിയാടുന്നു
ഉടല്‍പറിഞ്ഞുള്ള മനുഷ്യജീവിതം.
ഒരുവന്‍ പാതകള്‍ തെറുത്തെടുക്കുമ്പോള്‍
ഉലകമാകെയും തീപിടിക്കുന്നു......

No comments:

Post a Comment