കസാലയിൽ ഒരു ജീവിതം
..............................................
മരണമല്ലോ ഇനി നല്ലൂ
എത്രനാളായിരിക്കുന്നു
ഉമ്മറപ്പടിവാതിലിൽ
പുറത്തേക്കുറ്റുനോക്കിക്കൊണ്ടിങ്ങനെ .
മരണസഞ്ചാരികൾ വൃഥാ
നില്ക്കുന്നുണ്ടോപുറത്തിനി.
നോക്കു കണ്ടാലറിയാലോ
മരണം പടിപ്പുറത്താണിരിപ്പെന്ന് .
മരണമാണിനി നല്ലൂ
നല്ലകാലം കഴിഞ്ഞല്ലോ
വെറുതേ തുറിച്ചു നോക്കിയീ
കോലായയിൽ വെള്ളക്കസേരയിൽ
മച്ചുനോക്കിയിരിക്കുന്നു
എത്രകാലമായതിങ്ങനെ?
മരണരോഗം പിടിപ്പെട്ടൊരു
മനുഷ്യനായ്പോയീയിന്നു ഞാൻ
മരണമല്ലോ ഇനി നല്ലൂ
മനസ്സോതിന്നുവിങ്ങനെ.
കൂടിയുണ്ട്, ഉണ്ടു കഴിപ്പും മുറപോലെ
വിരേചനത്തിനും കുറവില്ല .
പിന്നെയെന്തു രോഗമെന്നോ
ചിന്തിച്ചീടുന്നു നിങ്ങളും .
എങ്കിലുമീയിരിപ്പത്ര
സുഖമല്ലെന്നുമോർക്കണം .
കഴിപ്പിനും കുടിപ്പിനും
പറയാനെന്തുണ്ടു് സുഖമിത്ര?
എന്തിനായേ കഴിക്കുന്നു ,
എന്തിനായേ കുടിക്കുന്നു ?
വെറുതേ വിരേചനത്തിൻ
സുഖത്തിൽ ആണ്ടു മുഴുകുവാൻ?
വ്യഥകൾ തീരുന്നില്ലിനിയൊട്ടും
വൃഥായുള്ളൊരീ ജീവിതവൃത്തിയിൽ
പഴുതേ ജീവിതം എന്നുപേരിട്ട്
നാം വിളിക്കുമീ കളിപ്പീരിൽ.
സുഖമോയെന്നു ചോദിക്കും ചില -
രെന്തിനെന്നും അറിവീല .
പാഴ്മരത്തിൽ ഉണക്കക്കുറ്റിയിൽ
പൂവുകണ്ടോ ഇവർ ചിരിക്കുന്നു.
ചിരിവറ്റി പോയിട്ടുണ്ടു്
പോയ മുപ്പത് വർഷത്തിനിപ്പുറം
പകരം ഇളിപ്പീരിൻ
നാറ്റനീരല്ലോ ചുണ്ടിലൊലിക്കുന്നു .
മരണമല്ലോ ഇനി നല്ലൂ
അടുത്തുനിപ്പോരുരയ്ക്കുന്നു
മൃതി കേറിയ ഗാത്രത്തിൻ
മൂത്രഗന്ധം മണുത്തുവോ ?
വാക്കുകൾ കേട്ടാൽ അറയ്ക്കുന്നു ,
വഴുക്കൻ പായൽമൂടിയ വാക്കുകൾ
പരസ്പരം പിണഞ്ഞർത്ഥം
പണ്ടേനഷ്ടമായ് പോയവ.
(ഓക്കാനം തൊണ്ട മുട്ടുന്നു)
കുഴയുന്നുണ്ട് നാവു്
പണ്ടേ പറഞ്ഞ വാക്കിന്റെ
ചില്ലകൾ ഒടിഞ്ഞുള്ളിൽ
തലകീഴായ് തൂങ്ങിനിൽക്കുന്നു
പരജ്ജന്മം വേതാളമായ്.
വഴുതിപോകുന്നു വാക്കുകൾ
നാവിൻ തുമ്പിൽനിന്നർത്ഥമോരാതെ,
പരസ്പരം പിണഞ്ഞവ
പകതീർക്കുന്നു പലപ്പോഴും.
''ഴ'' തെറ്റി പകഴിയായ്
പഴക്കം പുറത്തുപോകുന്നു
''മ '' തെറ്റി ചരണയായ്
മരണം മാറിപ്പോകുന്നു .
"മ"ഴുതി പോകുന്നു വാക്കുകൾ
സ്വരയന്ത്രത്തിൽ നിന്നും പുറത്തേക്ക്
അത്ഥമേതെന്നറിയാതെ
ഉറ്റുനോക്കുന്നു പരസ്പരം .
മരണമല്ലോ ഇനി നല്ലൂ
ഇതിൽപ്പരം ഇനിയെന്തോതുവാൻ
മരണം കാത്തിരിക്കുന്നു
കസാലയിൽ ഒരു ജീവിതം .
No comments:
Post a Comment