തന്നിൽത്തന്നെ കനലു് കുത്തിക്കെടുത്തി
ഉള്ളിലേക്കിറങ്ങി പോകുന്ന
ഒറ്റയാനായ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.
ഒടിയന്മാർ കൂളിവെട്ടങ്ങൾ
വയലിറമ്പുകൾ ഓലച്ചൂട്ടുകൾ
എല്ലാം അയാളിൽ കെട്ടു പോയിരുന്നു .
പടിയിറക്കങ്ങൾ ചെന്നു ചെന്നൊടുവിൽ
വയൽ ചെളിയിൽ അവസാനിക്കുന്നു.
പാതിവഴിനടന്ന നടത്തങ്ങൾ
പാതികണ്ട കിനാവുകൾ
ഉടഞ്ഞ മൺപാത്രച്ചില്ലിലെ
ഒരിറക്ക് വെള്ളംകൊണ്ട്
ദാഹംതീർത്തിറങ്ങിപോകുന്ന
പൂർവ്വജന്മങ്ങൾ
മഴക്കാറു് കനത്തു തൂങ്ങുന്ന
ഗർഭമാസങ്ങൾ
തനിക്ക് മാത്രം വിധിച്ച
കറുത്ത കഞ്ഞി കുടിച്ച്
മൗനം കൊണ്ടു് പറയളന്ന്
മടങ്ങിപോകുന്നു ഞാൻ .
പുറത്തിരുളുണ്ട് ,കൂമൻകരച്ചിലുണ്ട്
ഉറക്കംകൊല്ലിയുണ്ട്
ഒടുവിലത്തെ വളവിൽ കാത്തു നിൽക്കുന്ന മരണത്തിൻ തണുത്തചുംബനമുണ്ട്.
വഴിയായ വഴിയെല്ലാം നടന്നു
തളർന്നെത്തുന്ന
മൂകനായ രാത്രിയുണ്ട്
ഇരുളിന്റെ കറുത്ത കൂനയിൽ
മിഴിചിമ്മാത്തുറക്കമുണ്ട്
കൊല്ലിയിൽ നിന്നും പറന്നുയരുന്ന
വണ്ടുകളുടെ മൂളിച്ചയുണ്ട്
ചതുപ്പിൽ നിന്നും പറന്നുയരുന്ന
മഞ്ഞച്ചിത്രശലഭത്തിന്റെ കണ്ണുകളുണ്ട്
ജനലഴികളെ പിടിച്ചുലച്ച്
അലറുന്ന കാറ്റിൻ പിശറൻ മുടിയുണ്ട്
മൂകത തളം കെട്ടുന്ന ഇറയക്കോലായിലെ
തണുത്തോരുറക്കമുണ്ട്
വെളുത്തോരു പുതക്കലുണ്ട്
മഞ്ഞച്ച നോട്ടമുണ്ട്
മൗനം പിന്നെയും വരുന്നുണ്ട്
കൂനിത്തള്ളയെപോലെ
കുറുമ്പുകളുടെ പയ്യാരം പറച്ചിലുണ്ടു്
മടക്കം മൗനത്തിന്റെ
കറുത്ത ചീളുകൾ പെറുക്കി
കണ്ണു നോക്കി എറിയലുണ്ട്
കെട്ടതിരിയുടെ കത്താത്ത മണമുണ്ട്
ഊരുചുറ്റി ഊരുചുറ്റി
ഊരുതെണ്ടിയായ് പോയൊരു
അനാഥമായൊരു ശവമുണ്ട് .
വാതിലുകളിൽ തട്ടി വിളിക്കുന്നു.
പാതിരാവിൽ
ഊരുതെണ്ടിയുടെ ശവം
ഉറങ്ങാനിത്തിരി ഉറക്കം തരാമോ?
കൂടെയുറങ്ങാനൊരു കനവു് തരാമോ?
ഊരുതെണ്ടിയുടെ ശവം വിളിച്ചു ചോദിക്കുന്നു
ഉറക്കറകളിലേക്ക് നൂണ്ട് കയറുന്നു
കൊടുത്ത ദ്രാവകംപോലെ
ഊരുതെണ്ടിയുടെ മരണം
പച്ചപായല് മൂടിയ
ഒതുക്ക്കല്ലുകളിൽ തെന്നിത്തെന്നി
വെള്ളത്തിലേക്കിറങ്ങി പോകുന്നു
ഊരുതെണ്ടിയുടെ മരണം
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
ശീർഷകമില്ലാതെ
Subscribe to:
Post Comments (Atom)
No comments:
Post a Comment