Monday, May 27, 2019

ഭീരു

ഭീരു
+++
നീ
ഭീരുവാണ്.
ചിലന്തിയുടെ
ചടച്ചരൂപമുള്ളവന്‍.
പുസ്തകത്തില്‍
പൂഴ്ത്തിവയ്ക്കുന്നു നിന്‍മുഖം.
പുസ്തകത്തിന് മുകളിലൂടെ
എത്തിനോക്കുന്നൂ നിൻ്‍റെ
വട്ടക്കണ്ണുകള്‍.
ഗുഹയുടെഇരുളില്‍നിന്നും
തടവറകളെ കുറിച്ച്
വാചാലമാകുന്നുണ്ടവ,
മൌനമായെപ്പോഴും.
നീ ഭീരുവാണ് ഭീരു.
സംശയഗ്രസ്തനും.
ഭയചകിതനും,
ഉറപ്പില്ലാത്തവനും.
ഉള്ളിന്‍റെ ഉള്ളില്‍പോലും
തരിമ്പും സ്നേഹമില്ലാത്തവന്‍.
വിഷാദവാന്‍....
നിന്‍റെ നാവ്
അണ്ണാവിലൊട്ടിയിരിക്കും.
പ്രതിഷേധിക്കേണ്ടിവരുമ്പോള്‍
തൊണ്ണയില്‍ തടഞ്ഞ ഉമിനീരിറക്കി
ആശ്വസിക്കുന്നവന്‍.
നിന്‍റെ മകളെയല്ലേ,
ആട്ടിത്തെളിച്ച്
തെരുവിലിട്ടിഴച്ചത്.
നഗ്നയാക്കി അപമാനിച്ചത്.
മുടിക്കുചുറ്റിയിഴച്ചത്.
കണ്ണീരടക്കാനാവാത്തവിധം
തൊണ്ടയടഞ്ഞ്
കുനിഞ്ഞ് ശവമായ്
നീയതിന് കാവല്‍നിന്നു.
നരികള്‍ കടിച്ചുകീറിയ
കുഞ്ഞാടിനെപോലെ
ചിതറിത്തെറിക്കുന്നൂ,അവള്‍.
നിന്‍റെ മകനെയല്ലേ
നിഴലുകൊണ്ടശുദ്ധമാക്കിയതിന്
തൂക്കികൊന്നത്.
നീ എല്ലാം നഷ്ടപ്പെട്ട പിതാവിന്‍റെ
കുപ്പായമിട്ട്
അവര്‍ക്ക് ചിരിക്കാന്‍വേണ്ടി
വിലപിച്ചുകാട്ടുന്നു.
നിന്‍റെ ഭാര്യയെയവര്‍
യോനിപിളര്‍ന്നുകൊന്നു.
നീ ആ ശവത്തിനുനേരെ
അവസാനമായൊന്നു
നോക്കുകപോലുമുണ്ടായില്ല.
പകരം നീപറഞ്ഞു
"അവള്‍ തേവാടാന്‍പോയിട്ടിതാ...
ഇതുപോലെ മടങ്ങിവന്നിരിക്കുന്നു."
നീ ഭീരുവാണ്...
പളുപളുത്ത
നനുത്ത
ചുവന്നുതുടുത്ത
വെളുത്തുനരച്ച
മുഖംകാണുമ്പോള്‍
വാലാട്ടുന്ന നായ.
എനിക്കുച്ഛിഷ്ട ഭക്ഷണം മതിയെന്ന്
എല്ലുകിട്ടിയാല്‍ മുറുമുറുക്കുന്നവന്‍.

No comments:

Post a Comment