ഒരു പ്രണയ ഗാനം
---------------------------
ഞാനെന്റെ അനുരാഗത്തിന്റെ കാതിൽ
പ്രണയ പരിഭവങ്ങൾ മൊഴിയുകയാണ്.
നീയെന്തേ ചിലമ്പണിഞ്ഞില്ല
അരമണി കിലുക്കിയില്ല
നിന്റെ കൊലുസ്സെന്തേ കിലുങ്ങിയില്ല
അനുരാഗത്തിന്റെ ദിനങ്ങളിൽ
മുടിയുലർത്തി അര മണികിലുക്കി
അവൾ അരുകിലെത്തുന്നതിന്റെ
ഓർമ്മയിലാണ് ഞാൻ .
നനുവിരലുകൊണ്ടു് കണ്ണുപൊത്തിയ
തണുപ്പെന്നെ പൊതിയുന്ന തോന്നലാണെനിക്ക്.
കാതിലുരയുന്ന മർമ്മരത്തിന്റെ
കുളിരിലലിയുന്ന ഓർമ്മയാണെനിക്ക് .
എന്തേ നിലാവു് തേങ്ങുന്നു
തൊടിയിലെന്തേ നിഴൽ മരിക്കുന്നു .
എന്തേ വരും വരും എന്ന പ്രതീക്ഷയിൽ
കരിനിഴലുപോലേതോ വിഷാദം പരക്കുന്നു.
എന്റെ അനുരാഗത്തോട്
മൗനമായ് സംവദിക്കയാണ് ഞാൻ .
ജനലഴികളിൽ മുറുകിയ വിരലുകൾ
പതിയെ വേദനയോടെ പിരിയുന്നു
എന്നോ പെയ്തു പോയ മഴയുടെ ഓർമ്മയിൽ
പ്രണയ പരിഭവങ്ങൾ കോരിച്ചൊരിയുകയാണ് ഞാൻ.
പെയ്തൊഴിഞ്ഞ മഴയുടെ തോരാത്ത
ഓർമ്മമാത്രമാണിന്നെനിക്കോമലാൾ.
ഓർമ്മയോ?
ഓർമ്മയല്ലല്ല, -വളുടെ തീരാത്ത
ഓർമ്മയിൽ ജീവിച്ചിരിക്കലാണിന്നു ഞാൻ .
ചുടല വേനലിൻ തീപടരുമ്പൊഴും
അരുകിലാഴിയിൽ വെന്തു നീറുമ്പൊഴും
ഒക്കെ വെണ്ണീരു മാത്രമാകുമ്പോഴും
ഒന്നു കേൾക്കാൻ കൊതിക്കയാണിന്നു ഞാൻ നിൻ സ്വരം, - ഏതോ മരക്കൊമ്പിൽ
ഒറ്റ പാടും കുയിലായി മാറി ഞാൻ .
നഗരസത്രത്തിൻ വാ ത യാ ന ങ്ങളെ
തെരുവു കാറ്റുകൾ തല്ലിയടയ്ന്നു .
ഇരുൾവഴികളിൽ നിഴലുകൾ നീണ്ട്,
പാതിരാക്കാട്ടിലെങ്ങോ മറയുന്നു.
ഒരു കുടിയൻ തന്റെ കിടാങ്ങളെ
പകുതി പാടിയ ലഹരി ഗീതത്തിന്റെ
തെരുവുകച്ചയാൽ മൂടിയുറക്കുന്നു.
ശബ്ദഘോഷങ്ങൾ ഫണം താഴ്ത്തി
നിദ്രതൻ ഇരുണ്ട മാളത്തിൽചുരുണ്ടു കൂടുന്നു.
വെറുതി കോട്ടിയ മുഖവുമായ് നിന്നൊരാൾ
തെരുവു് വേശ്യ തൻ മുലകൾഞെരുക്കുന്നു.
അകലെയേതോ വിദൂരദേശത്തിന്റെ
നിഴലുവിഴാത്ത ആകാശരാശിയിൽ
പുകപടലവും ആർത്തനാദങ്ങളും
നിഴലുനാടകം പോലെ പരക്കുന്നു.
തെരുവു ഘോഷമായ് തീർന്ന നരവേട്ട
അഗ്നി ചിത്രം വരയ്ക്കും നിഴലുകൾ .
ഇടയ്ക്കൊരു നീണ്ട രോദനം പിന്നെ
തുടരുമർത്ഥമില്ലാത്തൊരു മൗനം.
നിഴലും തീയുമായ് ആളി നരകിച്ച
അതിരു മാത്രമാണിന്നെനിക്കാകാശം.
തടവ്മാത്രമാണെന്റെ അവകാശം.
ഉടലിലൂ ടരിച്ചേറും ഭയത്തിന്റെ
തണുതണുപ്പുള്ള ലോഹ വിരലുകൾ .
വരികയില്ലിനി നീയുമീ ഞാനും
ഈ നഗരചത്വര വാതിൽ കടക്കുവാൻ .
പഴയൊരോർമ്മകൾ ഓർത്തെടുത്തീടുവാൻ
പകരമായ് നമ്മൾ വാങ്ങി പരസ്പരം
എന്ന വാക്കു മറക്കാനനുഗ്രഹം .
വിടുതി തേടി പറക്കും കിളികളിൽ
ഒരുവൾ മാത്രം വഴിവിട്ടകന്നു പോയ്
ഒരുവൾ മാത്രം ചിറകറ്റു വീണുപോയ്
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
ഒരു പ്രണയ ഗാനം
Subscribe to:
Post Comments (Atom)
No comments:
Post a Comment