ചെറുവിരല്‍പട്ടാളം
+🤘+🤘+🤘+🤘
ആകയാല്‍
ഇനി കളിപ്പാട്ടങ്ങളുടെ
കഥപറയാം.
പെണ്ണും ആണും
ഭിത്തിമേലൊരലമാരയുണ്ടാക്കി.
ചുവന്നഭിത്തിമേല്‍
വെളുത്തകണ്ണാടിച്ചില്ലമാര.
പെണ്ണുപറഞ്ഞു
നമുക്ക് ഇവിടം
കളിപ്പാട്ടങ്ങള്‍കൊണ്ട് നിറക്കണം.
ചെറുവിരലോളം പോന്ന
കുഞ്ഞിപ്പാട്ടങ്ങള്‍ .
പൊട്ടുതൊട്ടും പുടവയുടുത്തും
വള്ളിക്കളസമിട്ടും
ആണും പെണ്ണുമായ്
അലമാരനിറയെ കളിപ്പാട്ടങ്ങളായ്.
സന്ധ്യയായി ഉഷസ്സായി
ഏഴാം ദിവസം.
ഉജാറായി കാര്യങ്ങള്‍ പോകവേ
ഒരു രാത്രിയില്‍
ആണുണര്‍ന്നു.
ഇരുള്‍ നനുപ്പിലാകെ
പിറുപിറുപ്പുകള്‍ നിറയുന്നു.
എരിയുന്ന കമ്പിളിപോലെ
പുകഞ്ഞുപുകഞ്ഞൊരു മണം പടരുന്നു.
ആരാരെയോ കാര്‍ന്നു തിന്നുന്നുണ്ട്.
എല്ലുകളുടെ കരകരപ്പ്.
ആയാളുണര്‍ന്നു നിലവിളിച്ചു.
നിലവിളികൊണ്ടെന്ത്???
അക്കാലത്ത് ഭൂമിയില്‍
ആണിനുകരയാന്‍
പെണ്ണുമാത്രേയുള്ളൂ ഭൂമിയില്‍ .
അവളൊരുപെണ്ണെട്ടുകാലിയായി
തന്‍റെ പാദങ്ങള്‍ കാര്‍ന്നു തിന്നുന്നു.
പെണ്ണുണര്‍ന്ന്
ആണിന്‍റെ വിയര്‍ക്കുന്ന നെറ്റിയും
ഭയക്കുന്ന കണ്ണും
വിളറിയമൂക്കും കണ്ട് ചോദിച്ചു.
നീയെന്തിനാ കരയുന്നത്.
ഞാന്‍നിന്‍റെ പാദങ്ങള്‍
കാര്‍ന്നു തിന്നുന്നതായി സ്വപ്നം കണ്ടുവോ???
ആണൊന്നും പറഞ്ഞില്ല.
തന്‍റെ പാദങ്ങളിലേക്ക്നോക്കി നാണിച്ചിട്ട്
പുതപ്പുകൊണ്ട് മുഖംമറച്ച്
തിരിഞ്ഞുകിടന്നുറങ്ങുന്നതായി നടിച്ചു.
പിന്നെ
പാവകളുടെ മുറിയില്‍
ചെറുപാവകളുടെ വന്‍മുറിയില്‍
അവനും അവളും
അന്തംവിട്ടുറങ്ങിപോയി.
ഉറക്കത്തില്‍
ആണുവീണ്ടും സ്വപ്നം കണ്ടു.
വീണ്ടും നിലവിളിച്ചു.
കരച്ചിലും സ്വപ്നവും .
അശാന്തമായ ഉറക്കത്തില്‍
ഭിത്തിയലമാരയിലെ പാവകള്‍
ചുവന്ന തീക്കട്ടക്കണ്ണുമായ്
തീയെറുമ്പുകളെപോലെ
പുറത്തുവന്നു.
ഒരുവന്‍ ആണിന്‍റെ കണ്ണിലുടെ ചൂഴ്ന്ന്
ആമാശയത്തിലേക്ക് പോയി.
കണ്ടതെല്ലാം കടന്നുപോയത്
ഇതുവഴിയായിരുന്നു.
മറ്റൊരുവന്‍
പെണ്ണിന്‍റെ കാതിലൂടെ കടന്ന്
മലദ്വാരത്തിലേക്കെത്തി.
കേട്ടതെല്ലാം
ഇതുവഴിയാണ് പുറത്തേക്ക് പോയത്.
കണ്ടതും കേട്ടതും തിന്ന്
ആണിനെയും പെണ്ണിനെയും
ചൂഴ്ന്ന്ചൂഴ്ന്നെടുത്ത്
തീയെറുമ്പുകളായി
ചെറുപാവകളുടെ കളിയാട്ടം.
ചെറുവിരല്‍പട്ടാളം
വലിയൊരു മൂളക്കമായി.
അതിനുതാഴെ
ആണും പെണ്ണും
ഉള്ളെല്ലാം ഒലിച്ചൊപോയൊരു
പിണ്ഡംകണക്കേ കൂന്നു കിടന്നു.
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
ചെറുവിരൽ പട്ടാളം
Subscribe to:
Post Comments (Atom)
No comments:
Post a Comment