Monday, May 27, 2019

ചതുരം

ചതുരം

ഇനിയിപ്പോഴിത്
ചതുരത്തിന്റെയാണോ സമയം?
മുഖങ്ങൾ
വടിവൊത്ത
ചതുരത്തിൽ
ആലേഖനപ്പെടുന്നു.
ചതുരവടിവിൽ
അക്ഷരം
വാർന്നു വീഴുന്നു .
കരച്ചിലുകൾ
ചെന്നെത്തുന്ന
ചുവന്ന ഗുഹകളിൽ
പെരിയ ഹുങ്കാരവം
ചുരങ്ങൾ കടന്ന്
പിശറൻ കാറ്റ്
പൊഴിഞ്ഞ ഇലകൾ കൊണ്ടു്
ശവമെത്ത പണിയുന്നു .
മുള്ളാണികൾ തറഞ്ഞ
ഒരു കാല്പാദം
മലയിറങ്ങി
തൊടിയിറങ്ങി
പടവുകളിൽ
ചോരയിറ്റി
പിടഞ്ഞു തീരുന്നു .
അലിഞ്ഞു പോകുന്നു
ആലിപ്പഴം പോലെ
മാംസത്തുണ്ട്.
മുദുലതകളിൽ
മുഖം പൂഴ്ത്തി
രാക്കിനാ കണ്ട്
മദിരയാൽ
തുടുത്ത കണ്ണുകൾ.
ഉഷ്ണിച്ച ഉടലുകളുടെ
കൊഴുത്ത ദ്രവം .
കൈ
കണങ്കാൽ
തള
തരിവള
കിലുക്കങ്ങളുടെ
രസക്കൂട്ടുകൾ .
രാപ്പക്ഷി കണക്കേ
സ്വപ്നങ്ങൾ
മിന്തുന്നതലയണ.
തലകീഴായ്
ചോദ്യമുരുവിട്ട്
മര ശിഖരത്തിൽ
കീഴുക്കാംതൂക്കായി
ജീവിതം .
ചോദ്യങ്ങളും
ഉത്തരവും
കൊരുത്ത് കൊരുത്ത്
മന്ദാരച്ചുവട്ടിലെ
ബാല്യകാലത്തെ
ഒരു ചരടിൽ
ആവഹിച്ച്
ഭ്രാന്തൻ ചിരിയും
കരച്ചിലുമായ്
എന്റെ പെങ്ങളുടെ
ഉടലുരയുന്നു
മഷിത്തണ്ടിന്റെ
ചങ്ങലപ്പൂട്ടിൽ...
അവൾക്കൊരു തരിവള വേണമെന്നും
ഉടുക്കാനൊരു ദാവണി വേണമെന്നും
പൊട്ടുകുത്താൻ
ചാന്ത്മറക്കരുതെന്നും
ഡയറിയിൽ ഞാനെഴുതിവെക്കും .
അവൾ എത്ര കൊല്ലം മുമ്പാണ്...
കാറ്റു കൊഴിക്കുന്ന
മന്ദാരപ്പൂക്കളുടെ കാലത്തിലാണ് അതെല്ലാം .
ഓ...
അതെല്ലാം
അതെല്ലാം
അതെല്ലാം
എത്ര ദൂരം
എത്ര നേരം
എത്ര കാലം
കട്ടുപറിച്ച
കാട്ടുമാങ്ങ ചൊനകൊണ്ടു്
കണ്ണുപൊള്ളിയ കാലം.
ചേരുപൊള്ളിയ ഉടല്കൊണ്ട്
മരം ചുറ്റിയ കാലം..
ഇപ്പോളെല്ലാം
ചതുരമാണ്
ഉടലിന്
ഉയിരിന്
ഉടപ്പിറപ്പിന്
ചതുരവടിവിൽ
ശ്രദ്ധാംഞ്ജലികൾ
ശുദ്ധി വന്ന നാവുകൊണ്ട്
നവോരി തഴക്കം കൊണ്ട്
ചതുരവടിവിൽ
അച്ചു നിരത്തിയ
നിരാക്ഷേപ
സാക്ഷ്യപത്രങ്ങൾ ...
ഉയിരേ ..
പോയി വാ
അങ്ങേക്കര
ഇങ്ങേക്കര
ആടി വാ
ആരോടും പറയാതെ
വേരോട്ടം മിണ്ടാതെ
കളിയാട്ടം കഴിയും വരെയും
നീയും ഞാനുമെന്നാടി വാ ...

No comments:

Post a Comment