Monday, May 27, 2019

ഇരുള്‍മുറിക്കുള്ളില്‍
തനിച്ചുവാസമാ-
ണിടക്കിടേയെന്നെ
തടഞ്ഞുനോക്കുന്നു
ഇരിപ്പുണ്ടോ മുന്നേ
ഇരുന്നിടത്തു ഞാന്‍ .
ശ്വാസമുറകളെ
പലതെടുത്തുനോക്കുന്നു.
തുടിപ്പുണ്ടോ ജീവന്‍
പഴഞ്ചനീകൂട്ടില്‍ .
പഴക്കമേറുമ്പോള്‍
പലതും മാറ്റണം.
പുറത്തുനിന്നാരോ
പതുക്കെയോതുന്നു.
ഇടയ്ക്കൊന്നു വരൂ,
പലവട്ടം ഞാനും
പറഞ്ഞൂ നിന്നോടും,
നിനക്കിതുവഴി
പരിചയംപോരാ...
ഇരുള്‍മുറിവാസം
സുഖദമെന്നു ഞാന്‍ .
നിനക്കതിന്‍പൊരുള്‍ ,
അറിയാനും വയ്യ.
ഇതിന്‍റിനിപ്പുകള്‍
മുറകള്‍ മാര്‍ഗ്ഗങ്ങള്‍ ,
ഉടല്‍ത്തുടിപ്പുകള്‍ ,
പലതുമങ്ങനെ
പതികാലത്തിലേ
പതിവുള്ളെങ്കിലും
ഇതിനുമുണ്ടൊരു
വാഴ്വ്സുഖദമാം മുറ.
ഇതിനുമപ്പുറം
എനിക്കുണ്ടൂ ചൊല്ലാന്‍ ,
ഇരുളിനും മീതെ
ഇരുള്‍ കനത്തൊരു
ഇരുളായിട്ടല്ലോ
ഇരിക്കുന്നൂ ഞാനും.
പുറത്തെലോകത്തിന്‍
പതിരുപറ്റാത്ത
മനസ്സുമായി ഞാന്‍
പൊരുന്നിരിക്കുന്നു.
ഇരുളിനും മീതെ
ഇരുള്‍ പരത്തുന്ന
ഇരുളായെപ്പോഴും
ഉറഞ്ഞിരിക്കുന്നു.
ഇരിപ്പതേ സുഖം.
അറിയുന്നുണ്ടു ഞാന്‍
ഇനിപ്പതോകണ്ണീര്‍
തുടയ്ക്കുന്നു ഞാനും.
ചെറുപ്പക്കാരിലോ
പിടിപ്പില്ലീക്കാര്യം.
പടിയിറങ്ങുമ്പോള്‍
കിതക്കുന്നൂ ഞാനും.
നിനക്കുവേണ്ടിയേ
തുടങ്ങിവെച്ച,-തീ
ഇനിയുംകണ്ണുനീര്‍
തുടയ്ക്കുന്ന ശീലം.
പലരുമോതുന്നൂ
മുറിഞ്ഞബന്ധങ്ങള്‍
തുടയ്ക്കുവാന്‍നല്ലൂ
മരിച്ച മോഹങ്ങള്‍ .
നിനക്കുവേണമോ?
ഇരുട്ടില്‍നിന്നുഞാന്‍
പറിച്ചെടുത്തൊരീ
ചുവന്നപൂവുകള്‍ .
നിനക്കുവേണമോ?
മുയല്‍കണ്ണില്‍ നിന്നും
പറിച്ചെടുത്തയെന്‍
കപടഭാവങ്ങള്‍ ....
ഒരേ നിറത്തിലെ
പകയാണെന്‍റുള്ളില്‍ .
ഒരേ തുരുത്തിന്‍റെ
വിധിയാണെന്‍റുള്ളില്‍ .

No comments:

Post a Comment