ഉത്തരാകാശത്തിലെ
പക്ഷികൾ
.....
ഒരു ദിനം
ഞങ്ങളുടെ ആകാശത്ത്
ഒരു കൂട്ടം പുതിയ കിളികൾ
വിരുന്നു വന്നു.
ഉത്തരാകാശത്തിലെ പക്ഷികൾ .
ലോഹമുനയൻ കിളിക്കൂട്ടങ്ങൾ .
ഉണ്ട പക്ഷികൾ .
വട്ടച്ച കണ്ണള്ളവർ .
കോപ പക്ഷികൾ .
ആകാശത്തിൽ
വെയിലിടകളിൽ
അവ ചേക്കേറുന്നു.
മൂർച്ചയുള്ള ലോഹത്തിളക്കങ്ങൾ .
ലോഹദ്യുതി പുരണ്ട ചാര വർണ്ണം.
ഞങ്ങളുടെ കുഞ്ഞു കൗതുകബോധത്തെ
ഉത്തേജിപ്പിച്ച്
വട്ടം പരത്തി
ഒരു പുതിയ ആകാശക്കാഴ്ചയായ്
ഗ്രാമത്തിന്റെ
നഗരത്തിന്റെ
വയലുകളുടെ
മലകളുടെ
സർവ്വത്തിന്റെയും ആകാശത്തിൽ
അവ പറന്നു നിറഞ്ഞു.
ഞങ്ങൾ കൗതുകക്കാരല്ലോ?
അവയുടെ പറക്കലുകൾ
വിരിഞ്ഞിറങ്ങലുകൾ
പറന്നു കേറലുകൾ
പല പല കോംബിനേഷനുകൾ
ഫോർമേഷനുകൾ
ഞങ്ങളെ വിരുന്നൂട്ടിക്കൊണ്ടിരുന്നു.
വയലുകൾക്ക് മീതെ പറന്നു നിന്ന്
സർപ്പ ഫണമായ് വിരിഞ്ഞിറങ്ങി,
അവ ഞങ്ങളെ അതിശയിപ്പിച്ചു.
ഞങ്ങളുടെ ഈ കൗതുകത്തെ
അടർന്നുവീണ ഒരു ഉതിർമണി പോലും
ശേഷിക്കാത്ത പാടം സാക്ഷിച്ചു.
അവയുടെ മെറ്റാലിക് ചാരനിറത്തിന്
എന്തു മിനുപ്പ് ,എന്തുകടുപ്പം!
വജ്രമുനപോലെ കടുത്ത ചുണ്ടുകൾ .
വീണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തുവാൻ
വെയിലിടകളുടെ കാട് വകഞ്ഞു്
ആകാശത്തിലവ പ്രത്യക്ഷപ്പെട്ടു....
ഞങ്ങൾ അത്ഭുതങ്ങൾ കാത്തിരിക്കുന്നവരല്ലോ ?
വരും വരും എന്നു പ്രതീക്ഷിക്കുന്നവരല്ലോ?
ഇപ്പോൾ പക്ഷികൾ
ഒരു പതാകയുടെ കോംബിനേഷനിലല്ലോ വന്നിരിക്കുന്നു.
അത് ഞങ്ങളുടെ ആകാശത്തിൽ
പിളർന്ന ഒരു നാവു് കണക്കെ
പറന്നു നിന്നു.
രാത്രി മുഴുവൻ ഞങ്ങളുടെ ഉറക്കത്തിനു മേലെ
ആ പതാക പറന്നു നിൽക്കുന്നുണ്ടെന്ന ബോധ്യം
ഞങ്ങളെ ശാന്തരും സ്വസ്ഥരുമായി
ഉറങ്ങുവാൻ സഹായിച്ചു.
അടുത്ത പ്രഭാതത്തിൽ
ഞങ്ങളുടെ തെരുവിന്റെ ഭ്രാന്തനെ
കാണാതായി .
ആ മാലിന്യം
അവിടെ നിന്നും
നീക്കം ചെയ്യപ്പെട്ടതിൽ
ഞങ്ങൾ സന്തോഷിച്ചു.
അവന്റെ അളിഞ്ഞ മുഖം
കറുത്ത ഉടൽ
പിരാന്തൻ ചിരി...
അവനിടയ്ക്കെല്ലാം
ഉച്ചത്തിൽ വളിവിടുമായിരുന്നു.
ഭ്രാന്തന്റെ വളി നാം സഹിക്കണോ ?
പോയതു നല്ല കാര്യം.
ഒരു ദിവസം ഗ്രാമത്തിലെ കുഞ്ഞുങ്ങൾ
ചെറിയൊരു പതാകയും പിടിച്ച്
വയലിൽ നിന്നും, ഇടവഴികളിൽ നിന്നും
കാട്ടിറമ്പുകളിൽ നിന്നും
വരിവരിയായി കടന്നു വന്നു .
അവരുടെ കുഞ്ഞുമുഖങ്ങളിൽ
അശാന്തമായ ഒരു ഗൗരവം കൂട് കൂട്ടി.
അവരല്ലോ ഞങ്ങളുടെ ഗ്രാമത്തിൽ
കിളികളെ ഇഷ്ടപ്പെടാത്ത ഒരേയൊരു കൂട്ടർ .
കിളികളുടെ വരവു് ഒരിക്കലും അവർക്കിഷ്ടപ്പെട്ടിരുന്നില്ല...
ഞങ്ങടെ വയലെവിടെ
കളിപ്പാടം എവിടെ
കളിപ്പാട്ടങ്ങളും
കളിപ്പാടവും എവിടെ ?
ഞങ്ങടെ വയൽക്കിളികളെവിടെ?
പൂക്കൾ , പൂമ്പാറ്റകൾ ,വയൽച്ചെളി
എവിടെ?
എവിടെ ഞങ്ങടെ ഭ്രാന്തൻ .
നിങ്ങടെ കുശുമ്പു കിണ്ണാത്തങ്ങളെ
ഉറക്കെയുറക്കെ ചൊറിഞ്ഞിരുന്നവൻ?
അവർ ഉറക്കെയുറക്കെ ചോദിച്ച കൊണ്ട്
ഗ്രാമത്തിന്റെ മല കടന്ന്
അവർ മറഞ്ഞു പോയി...
ഇന്ന് ഞങ്ങളുടെ ഗ്രാമത്തിൽ
ചിരിയൊച്ചകളുയരുന്നില്ല.
കുഞ്ഞുങ്ങളുടെ മൃദുവായ ഗന്ധമില്ല.
ഒഴിഞ്ഞുകിടന്ന പാടം
വലിയൊരു വടുവായി മാറിയ പോലെ
ഞങ്ങളുടെ ഹൃദയങ്ങളും
ഒരു വലിയ വടുവായി മാറിയിരിക്കുന്നു.
No comments:
Post a Comment