Monday, May 27, 2019

ഞാനെന്ന അപാരത

ഞാനെന്ന അപാരത
🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️
സഹസ്രാരപത്മദളമായ് വിരിഞ്ഞൊരീ
ശ്യാമശാരദസന്ധ്യാംബരച്ചെരുവിലുദിക്കുന്ന
കാര്‍ത്തികനക്ഷത്രമായ് കൊളുത്തിയ
സന്ധ്യാദീപപ്രഭയില്‍ കുളിച്ചുഞാന്‍
കാണുന്നുവെന്നെ,-ഞാനെന്നയപാരത.

എരിഞ്ഞുതീരാത്തൊരു നക്ഷത്രവാല്‍ത്തുണ്ടുപോല്‍
എരിഞ്ഞിട്ടും ഒടുങ്ങാത്ത ദൂരനക്ഷത്രസ്മൃതിയായും
പശ്ചിമാംബരത്തില്‍ ഞാനുദിച്ചുപൊന്തീടുന്നു.
പെരുമീന്‍ കണക്കിനെ.
റീഗലായ്,വീനസ്സിന്‍ വജ്രാകാരദീപ്തരൂപവുമായും
വേട്ടക്കാരനായ് പിന്നെ മീനായും യവനവീരന്മാരായും
എന്നെഞാന്‍കണ്ടെത്തുന്നു,അപരം ആയിരം രൂപങ്ങളില്‍ .
എന്നെഞാനറിയുന്നു അപരസ്മൃതികളില്‍ .

ഈ നടവഴിയുടെ ഈറനാം കരിനിറം
നീണ്ടുനീണ്ടെങ്ങോപോകും തീരാത്തൊരീയാത്രയില്‍
കണ്ടെത്തിയെന്നെയേതോ ബിന്ദുവില്‍തുടങ്ങിയ
പൊന്‍പരാഗത്തിനുള്ളില്‍ ഉറന്നബോധമായ്പിന്നെ.
പഥികരെല്ലാമൊഴിഞ്ഞ പഥങ്ങല്‍ക്കിരുപുറം
കാലസാക്ഷികളായ് നമ്മെകാത്തുനില്ക്കുമീയിരുള്‍ രൂപങ്ങളില്‍
കൊത്തിവെച്ചിട്ടുണ്ടല്ലോയെന്നെ,-ഞാനറിയാത്ത
ആയിരംരൂപങ്ങളില്‍,ആയിരംആത്മാക്കളില്‍

പൂതലിച്ചേതോ നദീതടത്തിലടുങ്ങുന്ന
ഈപച്ചപുതപ്പിച്ച പ്രാചീനലിപികളില്‍
പിന്നെയീപ്രേമത്തിന്‍റെ വാങ്മയചിത്രങ്ങളില്‍
ഗുഹാകവാടങ്ങളില്‍,കോട്ടകൊത്തളങ്ങളില്‍
ശിലാതലങ്ങളില്‍ നമ്മെനാംമൂര്‍ച്ചക്കല്ലാല്‍
കോറിവെച്ചെഴുതിയ വൃദ്ധനാം മരത്തിന്‍റെ
ശുഷ്കിച്ചതൊലിയിലും കണ്ടെത്തിയല്ലോയെന്നെ
ഞാനെന്നയപാരത.

ചിലപ്പോളഹന്തയായ്,ചിലപ്പോള്‍ നമ്യതയായും
എന്നുള്ളില്‍ മുളയ്ക്കുന്നീ ഞാനെന്നയപാരത.
ഇളനാമ്പുകളായും വിത്തുകളായും പിന്നെ
നദീരവമായും മഞ്ഞായുംമഴയായും
രൂപഭേദങ്ങള്‍കൊണ്ട് രുദ്രവുമരുദ്രവും
മാറിമാറിക്കെട്ടിയാടിയവേഷങ്ങളില്‍
വേഷപകര്‍ച്ചയിലും കണ്ടുഞാനെന്നെത്തന്നേ
ഞാനെന്നയപാരത മിഴിനാട്ടുനില്‍ക്കുന്നൂവെന്നില്‍
ഞാനെന്നയപാരത പിണഞ്ഞുനില്‍ക്കുന്നൂവെന്നില്‍

എന്നെഞാന്‍തന്നെവാരി പുണര്‍ന്നു നില്ക്കുന്നയീ
രമ്യതയല്ലോ എന്‍റെ ആത്മബോധവും ഞാനും.

No comments:

Post a Comment