Monday, May 27, 2019

വീടും നടവഴികളും

വീടും നടവഴികളും
.................................
വീടിനുചുറ്റും നടവഴികളായിരുന്നു.
വീട്ടിൽ നിന്നും പാൽക്കാരനിലേക്കും
അയൽക്കാരിയിലേക്കുമുള്ള നടവഴികൾ.
പറമ്പിലേക്കും പറങ്കിമാവിലേക്കുമുള്ള നടവഴികൾ.
മലഞ്ചെരുവിലേക്കും പുഴയിലേക്കും
പിന്നെ മലമുകളിലേക്കും
കയറിയും ഇറങ്ങിയും
തലചുറ്റിക്കുന്ന നടവഴികളായിരുന്നു.
നടവഴികളുടെ ലബരീന്തുകളിൽ
വീടൊരു പമ്പരംപോലെ കറങ്ങി.
വീട് മാന്ത്രികവലയം പോലെ ചുരുങ്ങി.
ഉണ്ടക്കണ്ണുകളുള്ള പൂച്ചയേപോലെയുറങ്ങി.
നായയുടെയും നരിയുടേയും നരിച്ചീറുകളുടേയും
മാറിമാറിവരുന്ന ജന്മകഥകളിൽ
ഞാനും വിശ്വസിച്ചിരുന്നു.
പെട്ടന്നാകാശത്തിലേക്ക്
എനിക്കും പറന്നുപോകാമെന്നു കൊതിച്ചു.
വീട് ഇരുളുകയാണ്.
വഴികൾ കാടുമൂടുന്നു.
വഴികളെല്ലാം അടഞ്ഞുപോയൊരു വീടിൻ്റെ
പടിവാതിലിലാണ് ഞാനിരിക്കുന്നത്.
ആകാശത്തിലേക്ക് പറക്കണമെന്ന്
ഞാനിപ്പോളാശിക്കാറില്ല.
കാടുകളെന്നെ ഞെരുക്കുമെന്നും
നീണ്ട വള്ളികൾകൊണ്ട്
എൻ്റെ വീടിൻ്റെ നിദ്രയിൽനിന്നും
എന്നെ പിഴുതെടുക്കുമെന്നും
ഞാൻ സ്വപ്നം കാണുന്നു.
വീട് നിലതെറ്റി ആടുകയാണ്.
ഇതിൻ്റെ വാതിലുകൾ
അവയുടെ വിജാഗിരികളിൽ നിന്നും
പറിഞ്ഞു പോകുന്നു.
ജനലുകൾ കാറ്റേറ്റ് തല്ലിയടയുന്നു.
രൂക്ഷമായ ഗന്ധങ്ങളുടെ പുകക്കുഴലുകൾ
രക്തം വമിക്കുന്നു.
അടരുന്ന അഴിഞ്ഞുപോകുന്ന
ഒരു മൂലകത്തിൻ്റെ
തീപിടിച്ച ആത്മാവിൽ
ഞാനിരിക്കയാണ്.
എനിക്ക്മാത്രം എന്താണ്
തീപിടിക്കാത്തതെന്നു ഞാനതിശയിക്കുന്നു.
എനിക്ക് ചുറ്റും
കാടുകൾ ആർത്തലയ്ക്കുന്നു.
മരത്തലപ്പുകൾ വിണ്ടുകീറി
അഗ്നിപെയ്യുന്നു.
വീടിൻ്റെ മൂലകങ്ങൾ
അഴിഞ്ഞുപോകയാണ്.
ദഹിക്കാത്ത ഒരു കരട്പോലെ
ഞാനതിൻ്റെ പടിവാതിലിൽ ഇരീക്കുന്നു.
വഴികളെല്ലാം അടഞ്ഞുപോയ ഒരു വീടിൻ്റെ
പടവുകൾ മണ്ണിലേക്കാണ്ട് പോകുന്നൂ...

No comments:

Post a Comment