Monday, May 27, 2019

നീ വരൂ
ൽൽൽൽൽൽ
നീ വരൂ......
നിനക്കിഷ്ടമുള്ളപ്പോള്‍ ,
ഇതു നിന്‍റെ വീടാണ്.
നീ വരൂ....
**********
നീ വരുന്നുണ്ട്.
എപ്പോഴും.
വേദനകള്‍ നല്‍കുവാനായി മാത്രം.
നിന്‍റെ ഇഷ്ടങ്ങളുടെ
ക്രൂരമായ വേദനകള്‍ .
അതേറ്റുവാങ്ങിയേറ്റുവാങ്ങി
എന്‍റെ ഉടല്‍ .
****************
നീ വരൂ.....
ഇഷ്ടമുള്ളപ്പോള്‍
നീ വരുന്നതോ
പോകുന്നതോ
ഞാനറിയുന്നേയില്ല.
നീ പകര്‍ന്ന വേദനകളുടെ
ഇണലുകളില്‍
മുഖവും പൂഴ്ത്തി
ഇരിക്കയാണ് ഞാന്‍ .
ചോരകിനിക്കുന്ന ഇണലുകള്‍ .
***********************************
അഥവാ
നീ വരൂ.....
പ്രിയമൊന്നും പറയുവാനല്ല.
നിന്‍റെ ഇഷ്ടങ്ങളുടെ മുറിവുകള്‍
ഇനിയും എന്നില്‍ ഉണര്‍ത്തുവാന്‍ മാത്രം.
മുറിവുകളെ ഞാന്‍ സ്നേഹിക്കുന്നു.
നിന്നെ സ്നേഹിക്കുന്നുവെന്നതിനാല്‍ ,
ഞാനിപ്പഴും മുറിവുകളെ സ്നേഹിക്കുന്നു.
നീ വരൂ...
എനിക്കിനിയുമിനിയും വേദനകള്‍ തരാന്‍
നീ വരൂ....
***********
എന്നാല്‍ നീയെന്നും വരുന്നു.
ഞാനറിയുന്നില്ല.
നീ പോകുന്നതും.
ഞാന്‍ മുറിവുകളുടെ ലോകത്താണ്.
നീ പകര്‍ന്ന നൊമ്പരങ്ങളുടെ തുടക്കത്തില്‍ .
നീ വരൂ....
നിനക്കുള്ളതാണ് ഞാന്‍
നീ പകരുന്നൂ വേദനകള്‍ .
******************************
എന്‍റെ ഉടലെത്ര നിശ്ശബ്ദമാണ്.
ഏകാന്തവും.
പരാതികളും പരിഭവങ്ങളും ഇല്ലാതെ.
നീ പകരുന്ന വേദനകളുടെ വിളനിലം.
*********************************************
നീ  ക്രൂരനായ കൊച്ചുകുട്ടിയാണ്.
പീളകെട്ടിയ വൃദ്ധനയനങ്ങളെ
കുത്തിമുറിച്ച് രസിക്കുന്നവന്‍ .
എങ്കിലും നീ വരൂ....
ഈ  വീട് നിന്‍റേതാണ്.
****************************
നീ പകര്‍ന്ന മുറിവുകളുടെ
നക്ഷത്ര ജാലകത്തിലൂടെയാണ്
ഞാനീലോകം കാണുന്നത്.
അവയുടെ വക്കില്‍പൊടിഞ്ഞ
ചോരയിലൂടെ....
നീ വരൂ...
ഈ ഉടല്‍ നിന്റേതാണ്....
****************************
നീ പകര്‍ന്ന വേദനയുടെ ലഹരിയിലാണ് ഞാന്‍ .
നീ വരുന്നതേയറിയുന്നില്ല.
എന്നാല്‍
എന്‍റെ ലഹരി
നീയാണെന്ന്
നീ മാത്രമാണെന്ന്
നീ അറിയുന്നില്ലേ...
*************************
നീ വരൂ....
വീണ്ടും...വീണ്ടും
വേദനകള്‍ പകര്‍ന്ന്
എന്‍റെ ഉടലിന്‍റെ
ഈ നിശ്ശബ്ദത
നീ ഭഞ്ജിക്കൂ....
എന്‍റെ
ഏകാന്ത നിമിഷങ്ങളെ...
*****************************

No comments:

Post a Comment