Monday, May 27, 2019

മറന്നുവോ എന്നെ

മറന്നുവോ....എന്നെ?
????????????????????
(മറവി മരണമാകുന്നു.)
മറന്നുവോ എന്നെ
കല്ലിനടിയില്‍ നിന്നൊരു സ്വരമുയരുന്നു
മറന്നുവോ എന്നെ.
നിന്‍റെ മറവിയെന്‍റെമേല്‍
ശവക്കച്ചപോലെ
പൊതിഞ്ഞുനില്‍ക്കുന്നു.
കളിചിരികൊണ്ടു കൊതിപ്പിച്ചപ്പുറം
കിലുകിലെ ആരോ നടന്നുപോകുന്നു.
ഒരുകുട്ടിക്കാലം ചിരിയുതിര്‍ക്കുന്നു.
പൊടുന്നനേയാ ചിരിപിളര്‍ക്കുന്നു.
അതിന്‍കുരല്‍കീറികരയുന്നു ആരോ....
മറന്നുവോ എന്നെ.?
കരംപിടിച്ചുനാം നടന്ന പാതകള്‍
ഇരുപുറങ്ങളില്‍ വിടര്‍ന്ന ശാഖകള്‍
ഉതിര്‍മണിപോലെ അടര്‍ന്ന മാത്രകള്‍
പൂവിതള്‍ വിരിച്ചിട്ട നിവര്‍ന്നപാതയും.
മറന്നുപോയതോ,മറന്നുവെച്ചതോ
ഇരിക്കയാണൊരാള്‍
ഇരുള്‍പരക്കുന്ന തണുത്തപാതയില്‍
പുതച്ചുമൂടിയോരിരുണ്ടരൂപമായ്.
തുറിച്ചുനോക്കുന്ന വിശന്ന കണ്ണുമായ്
മറന്നുവോ എന്നേ?
പതുക്കെനാം തമ്മിലകന്നുപോകുന്നു.
പഥികരെല്ലാരും പിരിഞ്ഞുപോകുന്നു.
സ്മൃതികള്‍ക്കപ്പുറം കറുത്ത തീപോലെ
ഒരുപൊന്തക്കാട് പടര്‍ന്നു നില്‍ക്കുന്നു.
അതിന്മറവിലൊ,ഇരുള്‍ക്കൊല്ലി.
അതിന്നിരുളിലെ നരകഗര്‍ത്തത്തില്‍
പതിക്കുവാനാരോ കുതിച്ചു ചാടുന്നു.
-കുറുനരിപോലെ-കറുത്തജീവിതം.
മറന്നുവോ എന്നെ
മറക്കുവാന്‍ നിങ്ങള്‍
മറന്നുവെച്ചൊരീ
കറുത്തപാതയും
വിളിച്ചു ചോദിച്ചു.
മറന്നുവോ എന്നെ?
ഇടയ്ക്കുജീവിതം കണ്‍തിളക്കമേകുന്ന
സ്മൃതികളൊക്കെയും മറന്നുവോ നിങ്ങള്‍.
വെറുതേയിത്തിരിയിരിക്കുവാന്‍
ഏതോ സ്മൃതിയിലല്പമായ് സ്ഫുരിക്കുവാന്‍
ഇടങ്കണ്ണാലൊന്നു തുടിക്കുവാന്‍
പുറംകൈ കണ്ണുനീര്‍ തുടക്കുവാന്‍
മറന്നുവോ നിങ്ങള്‍.....
ഒരുവനുണ്ടന്നു സ്മരിക്കണം
ജീവന്‍ തുടര്‍ച്ചയേകിയോ-
നവനെന്നോര്‍ക്കണം.
മറന്നുവോ എന്നെ?
സ്മൃതികളൊക്കെയും മറന്നവര്‍ നമ്മള്‍
തനിയെജീവിതം ചുമന്നിടുന്നവര്‍
കറുത്തജീവിതസ്മരണനമ്മളെ
ഇരുള്‍കണക്കിനെ വിഴുങ്ങി നില്‍ക്കുന്നു.
മറന്നുവോയെന്നേ
ഇടയ്ക്കൊരാള്‍വന്നു ചുമല്‍കുലുക്കുന്നു.
വിളിച്ചുണര്‍ത്തുന്നു
മറഞ്ഞുപോകുന്നു.
ഇരവു പകലുകള്‍
സ്മൃതിവിനാശത്തിന്‍
കറുത്ത കന്മല
കിതച്ചുകേറുന്നു.
ഇരുള്‍ച്ചെണ്ടകണക്കുറക്കെമുട്ടുന്നു
വാതില്‍ തുറക്കുവാനാരോ കരഞ്ഞുചൊല്ലുന്നു.
പതുക്കെ വാതില്‍ ഞാനടയ്ക്കുന്നു.
പിന്നിലിരുട്ടിലേക്കെങ്ങോ ഇഴഞ്ഞുപോകുന്നു.
ഇവിടെ ഞാനില്ലെന്നുറക്കെയോതുന്നു.
ഇരുചെവിപൊത്തിയലറുന്നു
പിന്നെ
ഇരുള്‍ക്കയത്തിലേക്കെടുത്തു ചാടുന്നു

No comments:

Post a Comment