Monday, May 27, 2019

ശീർഷകമില്ല

കര്‍മ്മങ്ങള്‍ പരസ്പരം
കൂടിക്കലരുന്ന
ജീവിതപ്പെരുവഴി
-യോരത്തെ കവലയില്‍,
കണ്ടെത്തിയിന്നലെ
വൃദ്ധനാം ഒരുവനെ
വ്യര്‍ത്ഥമായെരേ കര്‍മ്മം
ആവര്‍ത്തിച്ചീടുന്നയാള്‍.
ഇറ്റിറ്റുവീഴുന്നുണ്ട്
ഒരുജലധാരയില്‍ നി
-ന്നിത്തിരി വെള്ളം
തുള്ളിതുള്ളികളായി
ശേഖരിക്കയാണയാള്‍.
പിന്നെയാമണ്‍കുടം
നിറഞ്ഞുകവിയുമ്പോള്‍
തച്ചുടയ്ക്കുന്നൂ,
തൂവിപോകുന്നു
ജലം ചുറ്റും.
ചോദ്യങ്ങളി,
-ലില്ലില്ലയുത്തരവും,
ചുറ്റും തൂവിപടരുന്നയീ
കനത്ത നിശ്ശബ്ദത്തില്‍.
ആരുമേ ചോദിപ്പീലാ
എന്തിതു ചെയ്യുന്നെന്നും,
ഒന്നുമേ മിണ്ടുന്നില്ല,
-യെന്തിനീ പടുവേല.
ഒന്നുമേമിണ്ടാതെയും
ഒന്നിനും മിണ്ടാതെയും
കര്‍മ്മബദ്ധനായയാള്‍
ഇങ്ങനെതന്നെയെന്നും.
ജീവിതക്കലവികള്‍
കലമ്പിപ്പെരുകുന്നയീ
ജീവിതപ്പെരുവഴി
മൂകമായ്പോകാറു-
ണ്ടെന്തിനോ,യീകര്‍മ്മത്തില്‍.
തച്ചുടക്കയും പിന്നെ
വാര്‍ത്തെടുക്കയും ചെയ്യും
വ്യര്‍ത്ഥകര്‍മ്മത്തിന്‍റെയീ
അനാദിയാം കറക്കത്തില്‍.
കാലയാപനത്തിന്‍റെ
വ്യഥകള്‍ പുരളാത്ത
ഏകകര്‍മ്മത്തിന്‍
ചുറ്റുകുരുക്കില്‍ മുറുകിയ
ചക്കുകാളയാണയാള്‍
കറങ്ങിത്തിരിയുന്നു.
ഹെര്‍ക്കുലീസൊരുനാളില്‍
കണ്ടെത്തിയില്ലയോ പണ്ട്,
ജന്മത്തിന്‍ തിരചക്രക്കുറ്റിയും
നെറുകയില്‍ പേറിയീ
പെരുവഴി തന്നിലായൊരുവനെ?
അതുപോല്‍ ജന്മത്തിന്‍റെയീ തിരിചക്രം
നെറുകയില്‍ തിരിയുന്ന
കര്‍മ്മയോഗിയാണിയാള്‍.
ധ്യാനിയാണിയാള്‍
പക്ഷേ ധ്യാനിപ്പതൊന്നേ മാത്രം.
വ്യര്‍ത്ഥജീവിതത്തിന്‍റെയീ
കര്‍മ്മഭാരത്തേ മാത്രം.
തുടരും വേദനമാത്രം.
ഒടുവില്‍ ചിന്തിക്കുമ്പോള്‍
പലവേലകള്‍ ചെയ്യും
നമ്മളുമിതുപോലെ
ചക്കുകാളകള്‍ തന്നെ!
ധ്യാനമില്ലെന്നുള്ളത്
ഒന്നുമാത്രമേ മാറ്റം.
കര്‍മ്മങ്ങളതേ പോലെ
ആവര്‍ത്തിക്കുകയല്ലേ?

No comments:

Post a Comment