Monday, May 27, 2019

നഗരമേ നന്ദി, വിട

നഗരമേ നന്ദി ,വിട
........
കടലിരമ്പത്തിന്റെയീ നഗരതീരം മോഹനം
രാത്രിയുമൊടുങ്ങാത്ത സദിരുകൾ , തർക്ക ങ്ങൾ , കോലാഹലം
വൈദ്യുതദീപാലംകൃതരാവുകൾ, കടൽ ക്കാറ്റ്
പിന്നെ വിമോഹനം രാക്കൂട്ടങ്ങൾ പാടുന്ന തെരുവുകൾ
ഇതിലെസംവത്സരങ്ങൾ ,എണ്ണിയാലൊടു ങ്ങാത്ത തീരാത്ത പ്രതീക്ഷകൾ,
കനൽ കോരി വിളമ്പും പുലർകാലം , ഒക്കെയും പ്രിയം പ്രിയം .
ജനലരികിൽ നിന്നാൽ കാണാം അകലെ കടൽത്തീരം
അതിലുടനന്തമായ് പറക്കും കിളിക്കൂട്ടം
വളർചക്രവാളവും നീലാഭയും .
ഒരുനീലധാവണിപോൽ വീർത്തുമൊന്നൊ
തുങ്ങിയും വീർപ്പെടുത്തീടും കടലിന്നനന്തത .
നഗ്നതരുണികൾ, ചെറുപ്പക്കാർ    തീരങ്ങളിൽ കക്കകൾ പെറുക്കുവാനെത്തിയ ചെറു ബാല്യം
പിന്നെ വൃദ്ധ ദമ്പതിമാരും .
ഇവിടെ ജീവിതമൊരു കുഴലൂത്തുകാരനൊപ്പം
നൃത്തമിട്ടകലുന്ന ഉല്ലാസമേളമല്ലോ, തിരയൊടുങ്ങാ ചിരിയല്ലോ .
നിന്നെ ഞാൻ സ്നേഹിക്കുന്നു ,മന്ത്രണം പോലോതുന്നു ,
പിന്നെയീ ജനവിരി മറച്ചു ഞാൻ പിൻ വാങ്ങുന്നു. .
തിടുക്കങ്ങൾ ,തിടുക്കപ്പെട്ടൊഴുകും ആൾക്കൂട്ടങ്ങൾ ,
തങ്ങളിൽ തന്നെ കത്തിയമരും ധൂമകേതു ക്കൾപോലെ ,
വന്നെത്തിയെരിഞ്ഞടങ്ങുന്നവരിവരെല്ലാം.
ഓർത്തെടുക്കുവാനൊരു മുഖവുമതില്ലില്ല യെങ്കിലും,
ചിരന്തന ഭാവമുൾക്കൊണ്ടൊഴുകും പുഴ പോലെ
എന്നേ പരിചിതം ,ഈ ഒഴുക്കുമാൾകൂട്ടവും.
സപ്തസംവത്സരങ്ങൾ, എത്രമേൽ ദു:ഖം , എത്ര വേദനകൾ ,
നിനക്കേകി ഞാൻ ജീവരക്തവും ചൂടും ചൂരും
പ്രിയനഗരമേ, പ്രണയങ്ങൾ ഒടുങ്ങിപോയൊ ടുവിൽ വിടചൊല്ലുന്നു നിന്നോട് ഞാൻ .
നിനക്കെന്റെ വന്ദനം ,മറക്കുക.
മറക്കുകെന്നാലോ ,മറചെയ്യുക സ്മൃതികളെ
ഇങ്ങിനിയുണരാതെ മയക്കി കിടത്തുക.
നീ മൃദുചുംബനം ചാർത്തിയ വിരലുകൾ മറക്കുക ,
നീ മധുമൊഴിഞ്ഞതിൻ മാർദ്ദവം മറക്കുക ,
നിൻ കരാംഗുല്ലികളെൻ നെറ്റിയിലുഴുതിട്ട
ചിന്തകൾ നീളും നീളൻ വരകൾ മറക്കുക.
നിൻ മുഖം ,നിൻ തളിരുടലും മറക്കുക ,
നീ പോറിയിട്ട നെഞ്ചിലെ വടുക്കളും മറക്കുക.
മറക്കുക നിന്നിലൂടെന്നിൽ പെയ്ത രാക്കുളി രുകൾ ,
മറക്കുകീ നഗരസത്രത്തിന്റെ അഭയ കവാടങ്ങൾ ,
മതിലുകൾ ,മരത്തലപ്പുകൾ ,തിരക്കിട്ടോടിപോകും പാതയോരങ്ങൾ
നുരപൊന്തി ചിരിയുതിരും മദിരോത്സവ രാത്രികൾ
മറക്കുക തമ്മിൽത്തമ്മിൽ പിണയും ഉടലുകൾ
സർപ്പങ്ങളെപ്പോൽ ആടിയ രതി മൂർച്ഛകൾ
ഒക്കെയും നീയാണെനിക്കേകിയതുടലിന്റെ
മധുവും മധുരവും ഞാൻ നുണഞ്ഞതും നിന്നിൽ കൂടി. ,
ജീവിതമിതുപോലെ ധൂർത്തമാം രാഗം പോലെ
പാടുവാൻ കഴിഞ്ഞതും നിന്റെ കൈനീട്ടം മാത്രം
ഇനിയീ പടവുകളിറങ്ങാനായെന്നോർക്കേ
ഉടലിലിരിക്കുന്നതോ ഇത്തിരി പ്രാണൻ മാത്രം
ഇനിയെങ്ങോട്ടേയ്ക്കെന്നതറിയാതിറങ്ങണം
അകലെയേതോ മലഞ്ചെരിവിൽ ചേക്കേറണം.
അറിയില്ലവിടം എത് ദേശം കാലമെന്നും
അറിയില്ലവിടാരു് കാത്തിരിക്കുവാനെന്നും
ഇനി നിനക്കെന്നെയും ,വേണ്ടാ ,യെനിക്കു നിന്നെയും
പിരിയുവാൻ സമയമായ് യാത്ര ചോദിക്കുന്നു ഞാൻ
മറന്നേപോയേക്കാം ഈ കടലിരമ്പവുമിനി .

No comments:

Post a Comment